Connect with us

Kerala

സരിതയുടെ മൊഴി അട്ടിമറിച്ചു; ജുഡീഷ്യറിയും സംശയത്തിന്റെ നിഴലില്‍: പിണറായി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ് നായര്‍ കോടതിയില്‍ എഴുതി നല്‍കിയ മൊഴി ദുരൂഹത സൃഷ്ടിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മൊഴി അട്ടിമറിക്കുന്നതില്‍ ജുഡീഷ്യറി അടക്കം കൂട്ടുനിന്നതായി സംശയമുയര്‍ന്നതിനാല്‍ ഈ വിഷയങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 22 പേജുകളുള്ളതായിരുന്നു സരിതയുടെ മൂല പരാതിയെന്നു പറയപ്പെടുന്നു. അതാണ് നാലു പേജായി ചുരുങ്ങിയത്.

സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താതിരുന്നു അഡീഷണല്‍ സി ജെ എം കോടതിയുടെ നടപടി ദുരൂഹമാണ്. പ്രതിയുടെ മൊഴി കേള്‍ക്കുകയും രേഖപ്പെടുത്തുകയുമായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. ഇതിനു സമ്മതിക്കാതെ എഴുതി നല്‍കാന്‍ പറയുകയായിരുന്നു. പോലീസാകട്ടെ സരിതയെ തുടര്‍ച്ചയായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് മൊഴി നല്‍കുന്നതു നീട്ടിവയ്ക്കുകയും ചെയ്തു. ഇക്കാലയളവില്‍ വ്യവസായ ദല്ലാളന്മാരും കോണ്‍ഗ്രസ് നേതാക്കന്‍മാരും മൊഴി അട്ടിമറിക്കാന്‍ ഇടപെടുകയായിരുന്നു. സരിതയുടെ അമ്മ ജയിലില്‍ സന്ദര്‍ശനം നടത്തിയത് പലര്‍ക്കു ആശ്വമാവുകയായിരുന്നു.

സരിതയുടെ അഭിഭാഷകനെ എന്തിനാണ് കോടതി ഇടപെട്ട് ഒഴിവാക്കിയതെന്ന് മനസിലാകുന്നില്ല. ഇത്തരം നടപടികള്‍ ജുഡീഷ്യറിയില്‍ കേട്ടുകേള്‍വിയുള്ളതല്ല. പ്രതി ആവശ്യപ്പെട്ടാല്‍ ഇങ്ങനെ ചെയ്യാം. അല്ലാതെ കോടതി സ്വമേധയാ ഇങ്ങനെ ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ല. കോടതിയുടെ മുന്നില്‍ പരസ്യമായി ആര്‍ക്കും പറയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ രഹസ്യമെന്ന പേരില്‍ എഴുതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനെ തുടര്‍ന്നാണ് ഡല്‍ഹിക്കു പോകും മുന്‍പ് മുഖ്യമന്ത്രി “ശുഭവാര്‍ത്ത” പുറത്തുവരുമെന്നു പ്രഖ്യാപിച്ചത്. മാധ്യമങ്ങള്‍ക്കു മുഖം നല്‍കാതിരുന്ന കേന്ദ്ര മന്ത്രി ആവേശപൂര്‍വം രംഗത്തുവന്നിരിക്കുന്നു. ഇതെല്ലാം സരിതയുടെ മൊഴി അട്ടിമറിച്ചുവെന്നതിന് വ്യക്തമായ തെളിവാണ്. കേസ് അട്ടിമറിക്കാന്‍ മന്ത്രിമാര്‍ ഇടപെടുന്നതു പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ എന്തോ വലിയ തെറ്റു ചെയ്തതായാണ് മുഖ്യമന്ത്രി പറയുന്നത്. രാജ്യരക്ഷയെ ബാധിക്കുന്ന തെറ്റാണ് മാധ്യമങ്ങള്‍ ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം കേട്ടാല്‍ തോന്നുകയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു. മാധ്യമങ്ങള്‍ക്കെതിരേയല്ല കുറ്റം ചെയ്തവര്‍ക്കെതിരേയാണ് നടപടി എടുക്കേണ്ടതെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.