നടി പ്രിയങ്കയുടെ ദുരൂഹ മരണം: കാമുകന്‍ റിമാന്‍ഡില്‍

Posted on: July 28, 2013 7:24 am | Last updated: July 28, 2013 at 7:24 am

കോഴിക്കോട്: സിനിമ-സീരിയല്‍ നടി പ്രിയങ്കയുടെ ദൂരുഹ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ താമരശ്ശേരി സ്വദേശി റഹീം (36) റിമാന്‍ഡില്‍. മുംബൈ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ ക്രൈം ഡിറ്റാച്ച്‌മെന്റ് എ സി പി പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിമാനമാര്‍ഗം കോഴിക്കോട്ടെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(നാല്)യില്‍ ഹാജരാക്കിയ റഹീമിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്റ് ചെയ്തു.
2011 നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ മെച്ചന പാത്തിക്കല്‍ പ്രേമചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ പ്രിയങ്ക (21) ആത്മഹത്യ ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു കേസ്. നടക്കാവ് പോലീസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച കേസ് ഒമ്പത് മാസം മുമ്പാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം ഏറ്റെടുത്തത്.
റഹീമിന്റെ ഉമടസ്ഥതയിലുള്ള അശോകപുരത്തുളള ഫഌറ്റില്‍ വെച്ച് വിഷം കഴിച്ച പ്രിയങ്ക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. ഗള്‍ഫിലായിരുന്ന റഹീം ഫോണിലൂടെ നടത്തിയ സംഭാഷണം ആത്മഹത്യക്ക് പ്രേരണയായത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് ഇന്ത്യയിലെത്തുമ്പോള്‍ കണ്ടെത്താന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ദുബൈയിയില്‍ മറ്റൊരു കേസില്‍ കുടുങ്ങി രണ്ട് വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട റഹീം കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് വിമാനമാര്‍ഗം മുംബൈയിലെത്തുകയും റഹീമിനെ തിരിച്ചറിഞ്ഞ എമിഗ്രേഷന്‍ വിഭാഗം ഇയാളെ പിടികൂടി ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തെ വിവരമറിയിച്ചു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിന്റെ അനുമതിയോടെ മുംബൈയിലെത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘം റഹീമിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കേരളത്തിലെത്തിക്കുകയായിരുന്നു.