അരീക്കോട് കൂട്ടക്കൊല: പ്രതി മക്കളുടെ പേരിലും ഇന്‍ഷുറന്‍സിന് ശ്രമിച്ചു

Posted on: July 27, 2013 6:52 pm | Last updated: July 27, 2013 at 8:45 pm

areekode prathi shareefഅരീക്കോട്: അരീക്കോട്ട് ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയതിന് പിന്നില്‍ വന്‍ സാമ്പത്തിക വെട്ടിപ്പിനുള്ള പദ്ധതിയായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. പ്രതി ശരീഫ് ഭാര്യയുടെ പേരില്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുത്തതിന് പിന്നാലെ മക്കളുടെ പേരിലും ഇന്‍ഷൂറന്‍സ് പോളിസിക്ക് കരുക്കള്‍ നീക്കിയതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ഒരു കുട്ടിയുടെ പേരില്‍ പത്ത് ലക്ഷത്തിന്റെയും മറ്റൊരു കുട്ടിയുടെ പേരില്‍ 20 ലക്ഷത്തിന്റെയും പോളിസിയെടുക്കാനാണ് പ്രതി ശ്രമിച്ചത്. ഇതിന്റെ രേഖകള്‍ പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഭാര്യയുടെ പേരിലെടുത്ത ഇന്‍ഷൂറന്‍സ് പോളിസിയുടെ രേഖകള്‍ കൈപ്പറ്റാന്‍ എല്‍ഐസി യുടെ കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ എത്തിയപ്പോഴാണ് കുട്ടികളുടെ പേരില്‍ ഇന്‍ഷൂറന്‍സ് പോളിസിയെടുക്കാന്‍ വേണ്ട പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. കൊല നടത്തുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഇത്. കുട്ടികളുടെ ജനനതിയ്യതി വച്ച് വ്യത്യസ്ഥ കാലാവധിക്ക് എത്ര രൂപ പ്രീമിയം അടക്കേണ്ടി വരും എന്ന് കാണിക്കുന്ന കാല്‍കുലേഷന്‍ ടേബിള്‍ പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ കാറിലായിരുന്നു രേഖകള്‍ സൂക്ഷിച്ചിരുന്നത്.

ഭാര്യയുടെ പേരില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുത്തതിന് ശേഷം മക്കളുടെ പേരിലും ഇന്‍ഷൂറന്‍സ് പോളിസി എടുക്കാനായിരുന്നു പ്രതി നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍ ഇതിന്റെ രേഖകള്‍ സമര്‍പ്പിക്കും മുമ്പ് തന്നെ മഹറുമായി ബന്ധപ്പെട്ട് ഭാര്യയുമായി പ്രതി വഴക്കിട്ടു. വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുമെന്ന് മനസ്സിലാക്കിയാണ് പ്രതി പൊടുന്നനെ കൊലപാതകം ആസൂത്രണം ചെയ്തതും കൊലപ്പെടുത്തിയതും.

ഇതിന് പുറമെ ശരീഫിന് കള്ളപ്പണത്തിന്റെ ബിസിനസ് ഉണ്ടായിരുന്നുവെന്നതിന് പൊലീസിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. മൊബൈല്‍ വഴി നടത്തുന്ന തട്ടിപ്പു ലോട്ടറി ബിസിനസിന് ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതയി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഷറീഫിന്റെയും ഭാര്യയുടെയും ഉമ്മയുടെയും പേരില്‍ പാന്‍ കാര്‍ഡ് എടുത്തതായി തെളിഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ 21ന് അര്‍ധരാത്രിയാണ് അരീക്കോട് ആലുക്കലില്‍ വെച്ച് ബൈക്ക് വെള്ളക്കെട്ടിലേക്ക് മറിച്ചിട്ട് ശരീഫ് ഭാര്യയേയും രണ്ട് പിഞ്ചുമക്കളേയും കൊലപ്പെടുത്തിയത്. സംഭവം അപകടമാണെന്നായിരുന്നു ശരീഫ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ശരീഫിന്റ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരം വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.