ഇടതുമുന്നണിയുടെ രാപകല്‍ സമരം നാലാം ദിവസത്തിലേക്ക്

Posted on: July 27, 2013 10:11 am | Last updated: July 27, 2013 at 10:11 am

കണ്ണൂര്‍: ഇടതുമുന്നണിയുടെ രാപ്പകല്‍ സമരം നാലാം ദിവസത്തിലേക്ക്. കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ കഴിഞ്ഞ 24നാണ് സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് രാപകല്‍ സമരം ആരംഭിച്ചത്.
ഓരോ ദിവസവും നിരവധി പ്രവര്‍ത്തകരാണ് സമരത്തില്‍ അണിചേരാനെത്തുന്നത്. രാവിലെ 10 മുതല്‍ അടുത്ത ദിവസം രാവിലെ 10വരെയാണ് ഓരോ നിയോജകമണ്ഡലത്തിലെയും പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുക. ഇന്നലെ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
സോളാര്‍ തട്ടിപ്പ് പങ്ക് വ്യക്തമായ സാഹചര്യത്തില്‍ കെ എം മാണിയുടെ മകനെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയും രമേശ് ചെന്നിത്തലയെ അഭ്യന്തര മന്ത്രിയാക്കിയും മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമ്പോള്‍ ഇതിനെ മൂടിവെക്കാനാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും പുനഃസംഘടന ചര്‍ച്ചകൊണ്ട് വരുന്നത്. ചിലര്‍ കൊണ്ട് നടക്കുന്ന മോഹങ്ങള്‍ വിവാദങ്ങള്‍ക്കിടയില്‍ നടപ്പില്‍ വരുത്താനാകുമോയെന്ന ചിന്തയുമുണ്ട്. ഇത്തരത്തിലാണ് കെ എം മാണിയുടെ മകന്റെ കേന്ദ്ര മന്ത്രി പദവി ഹൈക്കമാന്‍ഡിന്റെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതെന്ന് പിണറായി പറഞ്ഞു. മുഖ്യമന്ത്രി അടുത്ത ബന്ധുക്കള്‍ക്ക് വേണ്ടിയാണ് തട്ടിപ്പ് നടത്തിയത്. സോളാര്‍ തട്ടിപ്പ് കേസില്‍ പോലീസിന്റെ അന്വേഷണം മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനാണ്. സരിത എസ് നായര്‍ക്ക് അവസാനം പണം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെങ്കിലും ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ മൊഴിയില്‍ അന്വേഷണം നടത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
എം സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സി രവീന്ദ്രന്‍, അഡ്വ. നിസാര്‍ അഹ്മദ്, ഇല്ലിക്കല്‍ അഗസ്തി, കെ എ ഗംഗാധരന്‍, ജേക്കബ് ചുരനൊലി, പി ജയരാജന്‍, കെ പവിത്രന്‍ പ്രസംഗിച്ചു. ഇന്ന് പയ്യന്നൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും. 10 മണിക്ക് കേരളാ കോണ്‍ഗ്രസ് നേതാവ് സകറിയ തോമസ് ഉദ്ഘാടനം ചെയ്യും.