മദീനയിലെ പള്ളികളില്‍ സന്ദര്‍ശക പ്രവാഹം

Posted on: July 27, 2013 12:31 am | Last updated: July 27, 2013 at 12:31 am

മദീന: മദീനയിലെ ചരിത്രപ്രസിദ്ധമായ പള്ളികളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നു. ഉമറു ബ്‌നു അബ്ദുല്‍ അസീസ് മദീന ഗവര്‍ണറായപ്പോള്‍ നിര്‍മിച്ച അല്‍ഫാത്ത് പള്ളിയുള്‍പ്പെടെയുള്ള ഏഴ് പള്ളികളിലാണ് സന്ദര്‍ശകര്‍ വര്‍ധിച്ചത്.
ഏഴ് പള്ളികളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ പള്ളി ഇതാണ്. സല്‍ മലയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി പിന്നീട് പുതുക്കിപ്പണിതിരുന്നു. ചരിത്രപ്രസിദ്ധമായ ആറ് പള്ളികള്‍ക്കിടയില്‍ ചെറിയ ദൂര വ്യത്യാസമേ ഉള്ളൂ. എന്നാല്‍ ഏഴാമത്തെ പള്ളി മസ്ജിദുല്‍ ഖിബ്‌ലതൈന്‍ ആറ് പള്ളികളില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയാണ്. അല്‍ഫാത്ത പള്ളിയുടെ തെക്ക് ഭാഗത്താണ് സല്‍മാനുല്‍ ഫാരിസി പള്ളി സ്ഥിതി ചെയ്യുന്നത്. രണ്ട് മീറ്റര്‍ മാത്രം വീതിയും ഏഴ് മീറ്റര്‍ നീളവുമുള്ള പള്ളിയാണിത്. ഇതും ഉമറു ബ്‌നു അബ്ദുല്‍ അസീസ് ഗവര്‍ണറായ കാലത്താണ് നിര്‍മിച്ചത്. ഇത് പിന്നീട് രണ്ട് തവണ പുതുക്കിപ്പണിതു.
സല്‍മാനുല്‍ ഫാരിസി പള്ളിയുടെ തെക്കു പടിഞ്ഞാറ് ഭാഗത്താണ് അബൂബക്കര്‍ സിദ്ദീഖ് പള്ളി. ഇവിടെ വെച്ച് നബി തങ്ങളും അബൂബക്കര്‍ സിദ്ദീഖ്(റ)പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പത്ത് മീറ്റര്‍ അകലെയാണ് ഉമര്‍ ബിനുല്‍ ഖത്താബ് പള്ളി. ഇവിടെ ഉമര്‍(റ) നിസ്‌കാരം നിര്‍വഹിച്ചിട്ടുണ്ട്. ഈ പള്ളിക്ക് തൊട്ടടുത്താണ് അല്‍ഗമാമ പള്ളി. അലിയ്യുബ്‌നു അബീ ത്വാലിബ് പള്ളി ഫാത്വിമാ പള്ളിക്ക് സമീപമാണ്.