ഇ ടിയും പി ഡി പി നേതാക്കളും നാളെ ബംഗളൂരുവിലേക്ക്

Posted on: July 27, 2013 12:24 am | Last updated: July 27, 2013 at 12:24 am

കോഴിക്കോട്:ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ മഅ്ദനിയേയും അഭിഭാഷകരേയും പി ഡി പി നേതൃത്വത്തേയും ഒരു പോലെ ഞെട്ടിപ്പിക്കുന്നതായി. എന്താണ് സംഭവിച്ചതെന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും. പുതിയ സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ട് വിഷയം ധരിപ്പിക്കാനും മഅ്ദനിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനുമായി പി ഡി പി നേതാക്കളും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും നാളെ കര്‍ണാടകയിലേക്ക് തിരിക്കും. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന ജനറല്‍ സെക്രട്ടറി റജീബ് എന്നിവര്‍ ഇ ടിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രിയെയും അഭ്യന്തര മന്ത്രിയേയും കാണും.
കര്‍ണാടകയിലെ സര്‍ക്കാര്‍ മാറ്റത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ജാമ്യം തേടി മഅ്ദനി കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കേസുമായി ബന്ധപ്പെട്ട നീക്കങ്ങളെല്ലാം പി ഡി പി നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായും സര്‍ക്കാര്‍ വൃത്തങ്ങളുമായും പങ്ക് വെച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയും താത്പര്യത്തോടെയുമായിരുന്നു മഅ്ദനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുക മാത്രമല്ല കുറ്റപത്രത്തില്‍ പറയാത്ത കാര്യങ്ങള്‍ പോലും സത്യവാങ്മൂലത്തില്‍ ആരോപണമായി ഉന്നയിക്കുകയുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ദുരൈരാജു. ഇത്തരമൊരു സാഹചര്യം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് പി ഡി പി നേതൃത്വവും അഭിഭാഷകരും പരിശോധിച്ചു വരികയാണ്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്ത വിവരം പുറത്തു വന്നതോടെ പി ഡി പി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ബന്ധപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു മറുപടി. കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഉടന്‍ ബന്ധപ്പെടാമെന്നും നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ജാമ്യാപേക്ഷ പരിഗണിക്കുന്ന 31 തീയതിയെ പ്രതീക്ഷയോടെയാണ് പി ഡി പി നേതൃത്വം കാണുന്നത്. ജാമ്യാപേക്ഷയെ എതിര്‍ത്ത സര്‍ക്കാറിനെതിരെ പി ഡി പി പ്രസ്താവനകള്‍ മയപ്പെടുത്തിയത് ഇതു കൊണ്ടാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും ഇത്തരമൊരു സൂചനയാണ് പി ഡി പി നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ളത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം തേടിയപ്പോഴും സര്‍ക്കാര്‍ രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇത്തരമൊരു നേരിയ സാധ്യതയാണ് പി ഡി പി നേതാക്കള്‍ നോക്കിക്കാണുന്നത്. അതേസമയം മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള പ്രോസിക്യൂഷന്‍ നിലപാട് മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കാതെയാണെന്ന വെളിപ്പെടുത്തലുമായി മഅ്ദനിയെ പരിശോധിച്ച ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ രംഗത്തെത്തി. റിപ്പോര്‍ട്ട് അവഗണിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.