എയ്ഡഡ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം: തീരുമാനം പാളുന്നു

Posted on: July 27, 2013 12:19 am | Last updated: July 27, 2013 at 12:19 am

കോഴിക്കോട്: എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപനത്തില്‍ ഒതുങ്ങി. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് വൈകുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം. ആവശ്യത്തിന് ഫണ്ട് നീക്കിവെക്കാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വെറുതെ പ്രഖ്യാപനങ്ങള്‍ നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുകേടും പദ്ധതി വൈകുന്നതിന് കാരണമാണ്.
എസ് എസ് എക്ക് കീഴലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് പോലെ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യൂനിഫോം നല്‍കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്.
എ പി എല്‍ വിഭാഗമൊഴിച്ചുളള എല്ലാ കുട്ടികള്‍ക്കുമാണ് പദ്ധതിപ്രകാരം രണ്ട് ജോഡി യൂനിഫോമുകള്‍ വീതം ലഭിക്കേണ്ടിയിരുന്നത്. നിലവില്‍ എസ് എസ് എക്ക് കീഴിലുളള സര്‍ക്കാര്‍ സ്‌കൂളുകളിലാണ് സൗജന്യ യൂനിഫോം നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് എന്നിങ്ങനെ വേര്‍തിരിവില്ലാതെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ്‌വരെ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. സ്‌കൂള്‍ പ്രവേശനോത്സവ സമയത്ത് സൗജന്യ യൂനിഫോം ഉടന്‍ തന്നെ നല്‍കുമെന്ന് മന്ത്രി അബ്ദുര്‍റബ്ബ് ആവര്‍ത്തിക്കുകയും ചെയ്തു. സ്‌കൂള്‍ തുറന്ന് ഇപ്പോള്‍ രണ്ട് മാസത്തിനടുത്തായിട്ടും എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം ലഭിച്ചിട്ടില്ല. നിലവില്‍ 2005 മുതല്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം ലഭിച്ചിരുന്നതാണ്. എന്നാല്‍ എയ്ഡഡ് സ്‌കൂളിലേക്കും കൂടി പദ്ധതി വ്യാപിച്ചതോടെ പല സര്‍ക്കാര്‍ സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.
പദ്ധതിക്കായി ബജറ്റില്‍ തുക നീക്കിവെക്കാത്താണ് പദ്ധതി പൊളിയാന്‍ കാരണമായി എസ് എസ് എ അധികൃതര്‍ പറയുന്നത്. എയ്ഡഡ് സ്‌കൂളിലേക്ക് സൗജന്യ യൂനിഫോം പദ്ധതി വ്യാപിപ്പിക്കുന്നതിനായി 81 കോടി രൂപ അധികമായി വേണം. എന്നാല്‍ ബജറ്റില്‍ ഇതിനായി പണമുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയൂനിഫോം നല്‍കുന്നതിനെക്കുറിച്ചുളള പ്രൊപ്പോസല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്ക് പദ്ധതി ആരംഭിച്ചത്. കേന്ദ്ര പദ്ധതിയായ സര്‍വശിക്ഷാ അഭിയാനിന് അവരുടെ വിഹിതമായി 65 ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാറില്‍ നിന്ന് 35 ശതമാനം ഫണ്ടുമാണ് ലഭിച്ചിരുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ അവധിക്കാലത്ത് തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യൂനിഫോം നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതുവരെയായിട്ടും മുഴുവന്‍ സ്‌കൂളുകള്‍ക്കും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോപണമുണ്ട്.