Connect with us

Kerala

സോളാര്‍: മൊഴി തിരുത്താന്‍ കോടികളുടെ ഇടപാട് ?

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയുടെ രഹസ്യമൊഴി ആയുധമാക്കി കോടികളുടെ വിലപേശല്‍ നടത്തിയതായി സംശയം. സരിതയുടെ അഭിഭാഷകന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനും ഭരണമുന്നണിയിലെ ഉന്നതരും ചേര്‍ന്നാണ് അട്ടിമറിക്ക് കളമൊരുക്കിയതെന്നാണ് കരുതുന്നത്. സരിതയുടെ പരാതി അഭിഭാഷകനെ ഒഴിവാക്കി ജയില്‍ സൂപ്രണ്ട് വഴി നേരിട്ട് അറിയിച്ചാല്‍ മതിയെന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവോടെ ഈ ശ്രമം പൊളിഞ്ഞു. സരിതയുടെ മൊഴിയില്‍ നിന്ന് പ്രമുഖരുടെ പേര് ഒഴിവാക്കാന്‍ നാല് കോടി രൂപ വരെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതായാണ് സൂചന. രഹസ്യമൊഴി സംബന്ധിച്ച കോടതി ഉത്തരവിലെ അഭിഭാഷകനെ ഒഴിവാക്കാനുള്ള നിര്‍ദേശം അട്ടിമറി നീക്കം കോടതിക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണെന്നാണ് വിലയിരുത്തല്‍. സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിച്ചതും വൈകിപ്പിച്ചതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമായിരുന്നു.

പ്രമുഖ എ ഗ്രൂപ്പ് എം എല്‍ എയും ഘടകക്ഷി നേതാവിന്റെ സഹായിയും ചേര്‍ന്നാണ് സരിതയുടെ അഭിഭാഷകനുമായി ഗൂഢാലോചന നടത്തിയത്. സരിതയുടെ പരാതി രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചതിന് പിന്നാലെ തന്നെ ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇത് മുതലെടുത്തായിരുന്നു അഭിഭാഷകന്റെ നീക്കങ്ങള്‍. സരിത കോടതിയില്‍ മൊഴി നല്‍കിയതിന്റെ പിറ്റേദിവസം തന്നെ രേഖാമൂലം പരാതി നല്‍കുമെന്നാണ് അഭിഭാഷകന്‍ അറിയിച്ചിരുന്നത്. ഈ ദിവസമാണ് അതിരാവിലെ മറ്റൊരു കേസില്‍ സരിതയെ ജയിലില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇവിടെയായിരുന്നു ഗൂഢാലോചനയുടെ തുടക്കം. മൊഴിയെടുക്കല്‍ ഓരോ ദിവസവും നീണ്ടതിനൊപ്പം പ്രമുഖരുടെ പേര് മൊഴിയിലുണ്ടെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ആരോപണ വിധേയരെ സമ്മര്‍ദത്തിലാക്കി കോടികളുടെ വിലപേശല്‍ നടത്തുകയായിരുന്നു.
ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നേതാവായ മലപ്പുറത്തെ ഒരു വ്യവസായിയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് വിവരം. വാര്‍ത്ത പുറത്തായത് പത്തനംതിട്ട വഴിയാണെന്നും തങ്ങളുടെ ഇടപാട് സരിതയുമായി നേരിട്ടാണെന്നും ഈ വ്യവസായി ചാനല്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തുന്നുണ്ട്. വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ എ പി അനില്‍കുമാര്‍ നടത്തിയ ഫോണ്‍ സംഭാഷണം സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന സൂചനകള്‍ നല്‍കിയെങ്കിലും മന്ത്രി ഇത് നിഷേധിച്ചു.