വഴങ്ങാതെ രമേശ്; ഐ ഗ്രൂപ്പ് ലക്ഷ്യം നേതൃമാറ്റം: മുഖംമിനുക്കാന്‍ പുനഃസംഘടന

Posted on: July 26, 2013 11:23 am | Last updated: July 26, 2013 at 3:53 pm

udfതിരുവനന്തപുരം:സോളാര്‍ കേസില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ മന്ത്രിസഭയുടെ മുഖം മിനുക്കുന്നു. രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ഉമ്മന്‍ ചാണ്ടിയും രമേശും ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമാകും. അതേസമയം മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രമേശ് ചെന്നിത്തല. നേതൃമാറ്റം മുന്‍നിര്‍ത്തി കാര്യങ്ങള്‍ നീക്കാന്‍ തന്നെയാണ് ഐ ഗ്രൂപ്പിനുള്ളിലെ രഹസ്യധാരണയും. ഹൈക്കമാന്‍ഡിന് മുന്നില്‍ നേതൃമാറ്റം ആവശ്യപ്പെടാന്‍ രമേശിന് മേല്‍ ഐ ഗ്രൂപ്പില്‍ നിന്ന് ശക്തമായ സമ്മര്‍ദവുമുണ്ട്.

ആഭ്യന്തര വകുപ്പില്‍ തട്ടി നേരത്തെ ഉടക്കിയ ചര്‍ച്ചയാണ് സോളാര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുനരാരംഭിക്കുന്നത്. രമേശ് മന്ത്രിസഭയില്‍ വരേണ്ടത് ഇപ്പോള്‍ എ ഗ്രൂപ്പിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. മന്ത്രിസഭാ പുനഃസംഘടനയിലൂടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം പൂര്‍ണമായി അടക്കുകയാണ് എ ഗ്രൂപ്പിന്റെ ലക്ഷ്യം. രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കെ മന്ത്രിസഭയില്‍ ചേരുന്നത് തന്റെ പ്രതിച്ഛായയും നഷ്ടപ്പെടുത്തുമെന്ന ആശങ്കയാണ് രമേശിനുള്ളത്. ഈ മന്ത്രിസഭയിലേക്ക് താനില്ലെന്ന നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും ഇതുതന്നെ. ഹൈക്കമാന്‍ഡ് നിര്‍ദേശം ഉണ്ടായാല്‍ മന്ത്രിസഭയില്‍ ചേരാന്‍ അദ്ദേഹം നിര്‍ബന്ധിതനുമാകും. രമേശ് മന്ത്രിസഭയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന എ കെ ആന്റണിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ഇതിനിടെ, അവസരം മുതലെടുത്ത് വിലപേശല്‍ തന്ത്രവുമായി മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസും രംഗത്തുണ്ട്. സംസ്ഥാനത്ത് ചെയ്യുന്ന വിട്ടുവീഴ്ചക്ക് കേന്ദ്രത്തില്‍ പ്രതിഫലം വേണമെന്ന നിലപാടാണ് ഇരു പാര്‍ട്ടികള്‍ക്കും.
രമേശ് ചെന്നിത്തല ഇനിയും വഴങ്ങിയിട്ടില്ലെങ്കിലും മന്ത്രിസഭയില്‍ ചേരണമെന്ന് സോണിയാ ഗാന്ധി തന്നെ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. ആഭ്യന്തരം ഉള്‍പ്പെടെ ഏത് വകുപ്പ് നല്‍കാനും ഉമ്മന്‍ ചാണ്ടി സന്നദ്ധനുമാണെന്നറിയുന്നു. 28, 29 തീയതികളിലാണ് ഡല്‍ഹിയിലെ ചര്‍ച്ചകള്‍. 29ന് രാഹുല്‍ ഗാന്ധിയുമായി മുഖ്യന്ത്രിയും ചെന്നിത്തലയും ചര്‍ച്ച നടത്തുന്നുണ്ട്. പുനഃസംഘടനയെക്കുറിച്ച് ഈ ചര്‍ച്ചയില്‍ തീരുമാനമാകും. ഘടകകക്ഷികളുടെ അതൃപ്തിയും വിഷയമാകും.
സോളാര്‍ വിവാദം സര്‍ക്കാറിനും പാര്‍ട്ടിക്കും ഏല്‍പ്പിച്ച മുറിവുണക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. അതിന് ആവശ്യമായ എന്ത് നടപടിക്കും നേതൃത്വം സന്നദ്ധവുമാണ്. ഓരോ ദിവസവും പ്രതിസന്ധിയുടെ ആഴം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇരുനേതാക്കളെയും ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭയിലേക്കില്ലെന്ന നിലപാടില്‍തന്നെയാണ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഇപ്പോഴുമുള്ളത്. എന്നാല്‍, സോണിയാ ഗാന്ധി നേരിട്ട് ഈ നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ അത് തള്ളാന്‍ കഴിയില്ലെന്ന് അവര്‍ തന്നെ അടക്കവും പറയുന്നു. ഈ സാഹചര്യമാണ് രമേശ് മന്ത്രിസഭയിലെത്തുമെന്ന വാര്‍ത്തകള്‍ക്ക് ബലം നല്‍കുന്നത്. ഗണേശ് കുമാര്‍ രാജിവെച്ച ഒഴിവില്‍ രമേശിനെ ഉള്‍പ്പെടുത്തുകയെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളതെങ്കിലും നിലവിലുള്ള ചിലരെ മാറ്റിക്കൊണ്ടുള്ള പുനഃസംഘടനക്കും സാധ്യതകളുണ്ട്. മന്ത്രിമാരെ മാറ്റിയില്ലെങ്കിലും വകുപ്പുകള്‍ മാറുമെന്നുറപ്പാണ്.
ആഭ്യന്തരം ലഭിക്കാതെ മന്ത്രിസഭയില്‍ ചേരാന്‍ ഏതായാലും രമേശ് സന്നദ്ധമാകില്ല. അങ്ങനെ വരുമ്പോള്‍ തിരുവഞ്ചൂര്‍ പഴയ റവന്യൂവിലേക്ക് മടങ്ങുകയോ ഗണേശ്കുമാര്‍ കൈകാര്യം ചെയ്തിരുന്ന വനം, സ്‌പോര്‍ട്‌സ് വകുപ്പുകള്‍ കൊണ്ട് തൃപ്തിപ്പെടുകയോ വേണ്ടി വരും. ഏതായാലും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ കാര്യമായ മാറ്റത്തിന് സാധ്യതകള്‍ തെളിയുകയാണ്. സമ്പൂര്‍ണ പുനഃസംഘടനയുണ്ടാകുമോയെന്ന ഭീതിയും മന്ത്രിമാരിലുണ്ട്. പലരും വകുപ്പുകളുമായി ബന്ധപ്പെട്ട് തിരക്കിട്ട തീരുമാനങ്ങളെടുക്കുന്നുണ്ടെന്നാണ് വിവരം.
രമേശ് മന്ത്രിയാകുമ്പോള്‍ ആരാകും കെ പി സി സി പ്രസിഡന്റ് എന്നതും നിര്‍ണായകമാണ്. ജി കാര്‍ത്തികേയന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ പലരും ഈ പദവിയില്‍ കണ്ണുവെച്ചിട്ടുണ്ട്. കാര്‍ത്തികേയന്‍ കെ പി സി സി പ്രസിഡന്റായാല്‍ സ്പീക്കര്‍ പദവിയിലേക്കും പുതിയൊരാളെ കണ്ടെത്തേണ്ടി വരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് തുടങ്ങിയവരെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഏതായാലും വരുംദിവസങ്ങള്‍ യു ഡി എഫ് രാഷ്ട്രീയം നിര്‍ണായകമാണ്.
ഉപമുഖ്യമന്ത്രിപദം അടഞ്ഞ അധ്യായമാണെങ്കിലും വീണ്ടും തുറന്നുകൂടായ്കയില്ല. ഇവിടെയാണ് മാണിയുടെയും ലീഗിന്റെയും നിലപാടുകള്‍ നിര്‍ണായകമാകുക. ഉപമുഖ്യമന്ത്രി പദം സൃഷ്ടിക്കുന്നതിനെ ആദ്യം എതിര്‍ത്തിരുന്നത് മുസ്‌ലിം ലീഗാണ്. ഇ അഹമ്മദിന് ക്യാബിനറ്റ് റാങ്ക് നല്‍കിയാല്‍ ഉപമുഖ്യമന്ത്രി പദത്തിന് ലീഗ് സമ്മതം മൂളും. തങ്ങളെ അവഗണിക്കുന്നുവെന്ന് പരാതി പറയുന്ന മാണിയുടെ മുഖ്യപ്രശ്‌നം മകനും എം പിയുമായ ജോസ് കെ മാണിയുടെ മന്ത്രിപദമാണ്. അവസാന പുനഃസംഘടനയിലും ജോസ് കെ മാണിയെ അവഗണിച്ചതില്‍ മാണിക്ക് കടുത്ത പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും മാണി ഇത് ആവര്‍ത്തിച്ചിരുന്നു.