Connect with us

Wayanad

നീലഗിരി ജില്ലയില്‍ കനത്ത മഴ: 20 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍:നീലഗിരി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഇരുപത് കുടുംബങ്ങളെ അധികൃതര്‍ മാറ്റിപാര്‍പ്പിച്ചു. ഗൂഡല്ലൂര്‍-പന്തല്ലൂര്‍-ഊട്ടി താലൂക്കുകളില്‍ കനത്ത മഴതുടരുകയാണ്. ജില്ലയിലെ നദികളും തോടുകളും കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. പാണ്ഡ്യാര്‍ പുന്നപ്പുഴ, പാലാവയല്‍ പുഴ, വെള്ളരി പുഴ, മായാര്‍ പുഴ, പൊന്നാനി പുഴ തുടങ്ങിയ നദികളെല്ലാം കരകവിഞ്ഞൊഴുകികൊണ്ടിരിക്കുകയാണ്. പാടന്തറ, ആലവയല്‍, ഒന്നാംമൈല്‍, വേടന്‍വയല്‍, കുറ്റിമൂച്ചി, നന്ദട്ടി, ചെളുക്കാടി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പുത്തൂര്‍വയല്‍, പാടന്തറ, ബെക്കി തുടങ്ങിയ സ്ഥലങ്ങളിലെ പാലങ്ങളുടെ മുകളില്‍ വരെ വെള്ളമെത്തി. പലഭാഗങ്ങളിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഗൂഡല്ലൂര്‍ തേനംകൊല്ലി ആദിവാസി കോളനിയിലെ പതിനാറ് കുടുംബങ്ങളെ റവന്യുവകുപ്പ് അധികൃതര്‍ മാറ്റിപാര്‍പ്പിച്ചു. പുത്തൂര്‍വയല്‍ ഗവ.സ്‌കൂളിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ അര്‍ച്ചനപട്‌നായിക്, ഗൂഡല്ലൂര്‍ ആര്‍ ഡി ഒ ജഗജോതി, തഹസില്‍ദാര്‍ പഴനികുമാര്‍, ആര്‍ ഐ കൃഷ്ണമൂര്‍ത്തി, വി ഒ വേലായുധന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തുറപ്പള്ളിയിലെ നാല് കുടുംബങ്ങളെയുമാണ് പ്രദേശത്തെ സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ജില്ലയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മങ്കുഴിയിലും 20 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴകാരണം ചൂണ്ടി സ്വദേശി ഗാന്ധിമതിയുടെ വീടിന് മുകളിലേക്ക് മരംവീണ് വീട് തകര്‍ന്നിട്ടുണ്ട്. ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയില്‍ സില്‍വര്‍ഗ്ലൗഡില്‍ മരംവീണ് ഒരു മണിക്കൂര്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ഊട്ടി-മഞ്ചൂര്‍ പാതയില്‍ എട്ട് സ്ഥലങ്ങളില്‍ മരംവീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. ഗ്ലന്‍മാര്‍ക്ക്, ഫിങ്കര്‍പോസ്റ്റ്, തലകുന്ദ, എച്ച് പി എഫ് എന്നിവിടങ്ങളിലും മരംവീണ് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. നീലഗിരിയില്‍ ഇന്നലെ 632.20 മില്ലിമീ, മഴയാണ് പെയ്തത്. നടുവട്ടം: 58 മില്ലിമീ.അപ്പര്‍ഭവാനി: 190 മില്ലിമീ, ഗ്ലന്‍മാര്‍ക്ക്: 24 മില്ലിമീ, എമറാള്‍ഡ്: 35 മില്ലിമീ, അവിലാഞ്ചി: 138 മില്ലിമീ, ദേവാല: 64 മില്ലിമീ. എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴപെയ്തത്.