Connect with us

Gulf

പ്രവാചക മാര്‍ഗദര്‍ശനം സാര്‍വലൗകികം: ലത്വീഫ് സഅദി

Published

|

Last Updated

ദുബൈ: പ്രവാചക മാര്‍ഗദര്‍ശനം സാര്‍വലൗകികവും എല്ലാ കാലത്തെയും ജനങ്ങളെ നന്മയിലേക്ക് നയിക്കാന്‍ പര്യാപ്തവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സമിതി അംഗം അബ്ദുല്ലത്തീഫ് സഅദി പഴശ്ശി പറഞ്ഞു. ദുബൈ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ കീഴില്‍ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്റര്‍ സംഘടിപ്പിച്ച റമസാന്‍ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുനബി മാര്‍ഗദര്‍ശനം ജനങ്ങളില്‍ എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണം ശ്രവിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു.

തിരുനബി (സ)യുടെ ഉദാത്തമായ ജീവിതമാതൃക ലോകത്തെ നന്മയിലേക്ക് നയിക്കുന്നതാണ്. പ്രവാചക ദൗത്യം നിര്‍വഹിച്ചുകൊണ്ട് ജനങ്ങളോട് പരസ്പരം സഹവര്‍ത്തിത്വത്തിലും വിട്ടുവീഴ്ചയോടെയും പെരുമാറാന്‍ നബിതങ്ങള്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ മഹിതമായ മാതൃകകള്‍ തിരുനബി അവിടുത്തെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാം. താങ്കള്‍ ഏറ്റവും നല്ല സ്വഭാവ വൈശിഷ്ട്യത്തിനുടമയാണ് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചതിലൂടെ അവിടുത്തെ അല്ലാഹു ആദരിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോട് അവിടുന്ന് ഇടപെട്ടു. ഉത്തമമായ മാനുഷിക മൂല്യവും സ്വഭാവ മാതൃകയും മനുഷ്യചരിത്രത്തിലെ ഉന്നതമായ മാനുഷിക മൂല്യങ്ങളുടെ പ്രകടനമാണ്. തിരുനബി (സ) ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയും ഏറ്റവും ഉദാരവാനും അല്ലാഹുവിനോട് ഏറ്റവും ഭയഭക്തി കാണിക്കുന്നവനും ആയിരുന്നു എന്ന ഹദീസ് വചനം ഇത് വിളിച്ചോതുന്നു. അവിടുത്തെ പ്രിയപ്പെട്ട ഭാര്യ സ്വഫിയ ബീവി (റ) ഒരിക്കല്‍ പറയുകയുണ്ടായി: “റസൂലുല്ലയെക്കാള്‍ ഉത്തമ സ്വഭാവത്തിനുടമയായ ആരെയും ഞാന്‍ കണ്ടിട്ടില്ല.”

ജനങ്ങളോട് പരസ്പരം വിട്ടുവീഴ്ച ചെയ്യാനും അക്രമിക്ക് പൊറുത്ത് കൊടുക്കാനും നിരാലംബരെ സഹായിക്കാനും അഗതികള്‍ക്ക് ആശ്രയമാകാനും അനാഥകളെ സംരക്ഷിക്കാനും എല്ലാം നിര്‍ദ്ദേശിക്കുന്ന ഖുര്‍ആനിക വചനങ്ങള്‍ പ്രവര്‍ത്തിയിലൂടെ വിശദീകരിച്ചു തരുന്നതായിരുന്നു പ്രവാചകരുടെ ജീവിതം. അവിടുത്തെ സ്വഭാവം ഖുര്‍ആനിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിരുന്നു എന്ന ആയിശ ബീവി (റ)യുടെ വചനം പ്രത്യേകം പ്രസ്താവ്യമാണ്.
വനിതകള്‍ക്കും ശിശുക്കള്‍ക്കും നേരെ നടക്കുന്ന പീഡനങ്ങളുടെ കഥകളാണ് ഇന്ന് ലോകത്ത് കേള്‍ക്കുന്നത്. ശിശുക്കളോട് കാരുണ്യം കാണിക്കാനും ഏറ്റവും സ്‌നേഹത്തോടെ വര്‍ത്തിക്കാനും അവരുടെ സന്തോഷത്തിനു വേണ്ടി കുട്ടികളുടെ കളിക്കൂട്ടുകാരനാകാനും അവിടുന്ന് നിര്‍ദ്ദേശിക്കുകയും സ്വയം മാതൃക സൃഷ്ടിക്കുകയും ചെയ്തു. വനിതകളോട് കാര്‍ക്കശ്യവും അക്രമവും കാണിക്കുന്നവന്‍ ഏറ്റവും ദുര്‍ബലനും സങ്കുചിത മനസിന്റെ ഉടമയുമാണെന്ന് അവിടുന്ന് ഉദ്‌ബോധിപ്പിച്ചു.

തൊഴിലാളിപക്ഷത്തിന്റെ ക്ഷേമത്തിനുള്ള നിര്‍ദേശങ്ങളും സ്വയം തൊഴിലെടുക്കുന്നതിന്റെ മഹത്വവും അവിടുന്ന് വരച്ചു കാണിച്ചു. തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് കൂലി നല്‍കാന്‍ അവിടുന്ന് നിര്‍ദേശിച്ചു. ജനങ്ങളോടുള്ള സ്‌നേഹം ഭൗതിക ലാഭത്തേക്കാള്‍ പാരത്രിക മോക്ഷത്തിനുള്ള സേവന വഴിയാണെന്ന് ഉണര്‍ത്തിക്കുക വഴി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആതുര സേവനങ്ങള്‍ക്കും ഒരു പുതിയ മാതൃക തന്നെ തിരുനബി (സ) ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. കാരുണ്യത്തിന്റെ മാസമായ വിശുദ്ധ റമസാനിലും മറ്റു സമയങ്ങളിലും തിരുനബിയുടെ ഉദാത്ത സ്വഭാവ മാന്യതകളോട് പിന്തുടര്‍ന്ന് നല്ല അനുയായികളായി നാം മാറണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഖിസൈസിലെ അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിലെ പ്രൗഢമായ വേദിയില്‍ സംഘടിപ്പിച്ച പ്രഭാഷണം ശ്രവിക്കാന്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളെത്തിയിരുന്നു.

ഹോളി ഖുര്‍ആന്‍ സംഘാടക സമിതി മെമ്പറും പ്രോഗ്രാം കമ്മിറ്റി തലവനുമായ ഡോ. ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സഅദിയ്യയുടെ കാര്യദര്‍ശിയും പണ്ഡിത പ്രമുഖനും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സന്ദേശം അറിയിച്ചു.

കര്‍ണാടക വഖഫ് ബോര്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍ കെ എം ശാഫി സഅദി മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ബി എം അഹ്മദ് മുസ്‌ലിയാര്‍ മേല്‍പറമ്പിനെ ആദരിച്ചു. അബ്ദുല്‍ ഗഫാര്‍ സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കരീം തളങ്കര പ്രസംഗിച്ചു. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സമാപന പ്രാര്‍ഥന നടത്തി.

അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക സൗകര്യങ്ങളൊരുക്കിയിരുന്നു. എന്നാല്‍ ഹാളുകള്‍ നിറഞ്ഞതോടെ ഹാളിനു പുറത്തെ വിശാലമായ മുറ്റത്ത് സജ്ജീകരിച്ച സ്‌ക്രീനുകളിലാണ് പലരും പ്രഭാഷണം ശ്രവിച്ചത്.
പ്രഭാഷണ വേദിയെ ധന്യമാക്കി പ്രസ്ഥാനത്തിന്റെയും സ്ഥാപനത്തിന്റെയും നിരവധി പണ്ഡിതരും നേതാക്കളും പൗരപ്രമുഖരുമെത്തി.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പട്ടുവം അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി തുടങ്ങിയവരും യഹ്‌യ തളങ്കര, മുനീര്‍ ഹാജി സീലാന്‍ഡ്, കെ എസ് മുഹമ്മ് സഖാഫി, ഹസ്ബുല്ല തളങ്കര, സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, സയ്യിദലി പൂക്കോയ തങ്ങള്‍ തുടങ്ങിയവരും സംബന്ധിച്ചു.