Connect with us

National

അബ്ദുന്നാസര്‍ മഅദനിക്ക് രോഗമൊന്നുമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍

Published

|

Last Updated

madani.......

ബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും റിപ്പോര്‍ട്ട് ചെയ്ത 56 കേസുകളില്‍ പ്രതിയായ മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ 22 മുതല്‍ 25 വരെ പ്രതികള്‍ ഒളിവിലാണ്. ജാമ്യം നല്‍കിയാല്‍ ഇവരുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തീവ്രവാദികളുമായി മഅ്ദനിക്ക് ബന്ധമുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.
നിയമ നടപടികള്‍ തടസ്സപ്പെടുത്താനാണ് ഇടക്കിടെ ജാമ്യാപേക്ഷ നല്‍കുന്നത്. വിചാരണ സമയത്ത് കേസില്‍ അനാവശ്യമായി ഇടപെടുന്നത് കേസിന്റെ ഗതിയെ ബാധിക്കുന്നുണ്ട്. മഅ്ദനി പുരോഹിതനാണെങ്കിലും മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. സൂത്രധാരകരുമായി മഅ്ദനിക്ക് ബന്ധമുണ്ടെന്നും പത്ത് ദിവസം ക്യാമ്പ് ചെയ്ത് ഏറെ ബുദ്ധിമുട്ടിയാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
മഅ്ദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും 60 വയസ്സായ ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന രോഗം മാത്രമാണ് ഉള്ളതെന്നും ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ പറ്റുന്നവയാണിവയെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇപ്പോള്‍ ചികിത്സ ലഭ്യമാക്കുന്ന സൗഖ്യ ആശുപത്രിയുമായി മഅ്ദനിക്ക് ബന്ധമുണ്ട്. അവിടെ നിന്നും അനുകൂല റിപ്പോര്‍ട്ട് ലഭിക്കാന്‍ ശ്രമിക്കുകയാണ്. മഅ്ദനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്ന പ്രമേഹം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ആഹാര നിയന്ത്രണം കൊണ്ടും ചികിത്സയിലൂടെയും മാറ്റിയെടുക്കാവുന്നതാണ്. വിക്‌ടോറിയ പോലുള്ള ഹെല്‍ത്ത് ഹബ്ബുകള്‍ ഇതിനായി ഇവിടെയുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍, മഅ്ദനി ആരോഗ്യവാനാണെന്ന് കാണിക്കാന്‍ വായിക്കുന്നതും നടക്കുന്നതും ഭക്ഷണം കഴിക്കുന്നതുമായ സി സി ടി വി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.
അതേസമയം മഅ്ദനിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങള്‍ വാസ്തവവിരുദ്ധവും കളവുമാണെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. ഉസ്മാന്‍ പറഞ്ഞു. മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നു കാണിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ 56 കേസുകളില്‍ 26ഉം കോടതി കുറ്റക്കാരനല്ലെന്നു കണ്ട് തള്ളിയതാണ്. ഇതില്‍ കോടതി വെറുതെ വിട്ട കോയമ്പത്തൂര്‍ കേസും ഉള്‍പ്പെടുന്നുണ്ട്. സൗഖ്യ ആശുപത്രിയുമായി ബന്ധമുണ്ടെന്ന വാദവും തെറ്റാണ്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം സുപ്രീം കോടതിയാണ് സൗഖ്യ ആശുപത്രിയില്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ പറഞ്ഞത്. ഇതേ പോലെ പ്രോസിക്യൂഷന്റെ പല വാദഗതികളും കള്ളവും കുറ്റപത്രത്തില്‍ പോലും ഇല്ലാത്തവയുമാണ്. പ്രോസിക്യൂഷന്റെ ഈ വാദത്തിനെതിരെ ബുധനാഴ്ച എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് അഡ്വ. ഉസ്മാനും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. റജീബും പറഞ്ഞു.
പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്. അറസ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഒരു വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ 60ഓളം പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളെ ഇനി വിസ്തരിക്കേണ്ടതുണ്ട്.