Connect with us

International

സ്‌പെയിന്‍ ട്രെയിന്‍ പാളം തെറ്റി 78 മരണം

Published

|

Last Updated

മാഡ്രിഡ്: സ്‌പെയിനില്‍ ട്രെയിന്‍ പാളം തെറ്റി 78 പേര്‍ മരിച്ചു. നൂറ്റിമുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ നഗരമായ കോംപോസ്റ്റെലിയാണ് അപകടമുണ്ടായത്. സമീപകാലത്ത് യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. മാഡ്രിഡില്‍ നിന്ന് ഫെറോളിലേക്ക് ഇരുനൂറിലധികം യാത്രക്കാരുമായി പോകുകയായിരുന്ന ട്രെയിനാണ് ബുധനാഴ്ച വൈകീട്ട് അപകടത്തില്‍ പെട്ടത്.
സെന്റ് ജെയിംസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പോകുന്ന നിരവധി ക്രിസ്ത്യന്‍ തീര്‍ഥാടകരുള്‍പ്പെടെയുള്ളവരാണ് ട്രെയിനിലുണ്ടായിരുന്നത്. ട്രെയിനിന്റെ പതിമൂന്ന് ബോഗികളും പാളം തെറ്റി. അവസാന ബോഗിക്ക് തീപിടിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ബോഗി പതിനഞ്ച് മീറ്റര്‍ അകലേക്ക് തെറിച്ച് പോയി.
ബോഗികളുടെ ഭാഗങ്ങള്‍ തകര്‍ത്താണ് യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. വലിയ ക്രെയിനുകള്‍ ഉപയോഗിച്ച് ട്രെയിനിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. തകര്‍ന്ന ബോഗികള്‍ക്കുള്ളിലേക്ക് പുകയും മഞ്ഞും കയറാതിരിക്കാന്‍ വലിയ ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടാണ് രാത്രിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
അട്ടിമറിയല്ലെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. സംഭവ സ്ഥലം പ്രധാനമന്ത്രി മരിയാനോ റെജോയ് സന്ദര്‍ശിച്ചു. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അമിത വേഗതയാണോ അപകട കാരണമെന്ന് പരിശോധിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ തുരങ്കത്തിലൂടെ സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. തൊണ്ണൂറ് കിലോമീറ്ററായിരുന്ന വേഗ പരിധി. രണ്ട് തവണ ട്രെയിന്‍ വേഗ പരിധി ലംഘിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.