കുഞ്ഞനന്തന് ശസ്ത്രക്രിയ

Posted on: July 25, 2013 1:32 am | Last updated: July 25, 2013 at 1:32 am

കോഴിക്കോട്: ടി പി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 13-ാം പ്രതി സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെ പൈല്‍സ് ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ചികിത്സക്ക് അനുമതി നല്‍കിയത്. പൈല്‍സ് അസുഖത്തെ തുടര്‍ന്ന് കുഞ്ഞനന്തന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ നിന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചികിത്സക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കുഞ്ഞനന്തന്‍ അഡ്വ. കെ വിശ്വന്‍ മുഖേന എരഞ്ഞിപ്പാലം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കുകയാണുണ്ടായത്. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ശസ്ത്രക്രിയക്ക് സാഹചര്യമൊരുക്കണണെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ ഒ പിയില്‍ പ്രവേശിപ്പിച്ച കുഞ്ഞനന്തനെ 14-ാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.