ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കാന്‍ ഊര്‍ജിത നടപടി

Posted on: July 25, 2013 1:14 am | Last updated: July 25, 2013 at 1:14 am

കാസര്‍കോട്: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുന്നതിന് ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി.
വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍, പട്ടികജാതിവകുപ്പ് ലംപ്‌സം ഗ്രാന്റ്, പാചകവാതക സബ്‌സിഡി, ആരോഗ്യവകുപ്പ് ജനനീ സുരക്ഷാ യോജനാ സ്‌കീം, പട്ടികവര്‍ഗ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍, തൊഴിലാളി പെന്‍ഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആനുകൂല്യങ്ങള്‍ എന്നിവക്ക് ഇത് ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അക്ഷയകേന്ദ്രങ്ങല്‍ വഴി എല്ലാ ബ്ലോക്കുകളിലും എന്റോള്‍മെന്റിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട ഓഫീസുകളില്‍ അറിയിക്കണം. ഇത് അറിയിക്കാത്ത ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും.
അക്ഷയകേന്ദ്രങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, പോസ്റ്റ് ഓഫീസ്, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍, ബാങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ട് നമ്പര്‍ എന്നിവ നേടിയെന്ന് ഉറപ്പു വരുത്തണമെന്ന് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗം വിലയിരുത്തി.
ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.