Connect with us

Palakkad

കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍; കൃഷി വ്യാപകമായി നശിപ്പിക്കുന്നു

Published

|

Last Updated

മലമ്പുഴ: കാട്ടാനക്കൂട്ടം ജനവാസമേഖലയിലിറങ്ങി വ്യാപക നാശമുണ്ടാക്കിയിട്ടും ഇവയെ തുരത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ല. മലമ്പുഴ അഗ്രിക്കള്‍ച്ചര്‍ ഫാമിനകത്ത് എത്തുന്ന കാട്ടാനകള്‍ നൂറുകണക്കിന് തെങ്ങുകളാണ് നശിപ്പിച്ചത്.

കവുങ്ങ,് പ്ലാവ്, വാഴ എന്നിവയും വ്യാപകമായി നശിപ്പിച്ചു. തുടക്കത്തില്‍ രാത്രിയില്‍ മാത്രം എത്തിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ പകലും വന്നുതുടങ്ങി. ഫാമിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ആനയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. രാത്രി വനപാലകര്‍ എത്തി പടക്കവും പൊട്ടിച്ച് സ്ഥലം വിടും. ഇവര്‍ പോയാല്‍ കാട്ടാന വീണ്ടും എത്തും. പുലരും വരെ ഫാമിനകത്തെ വിള ഭൂമിയിലും നേരം പുലര്‍ന്നാല്‍ അല്‍പ്പം മാറി ഫാമിലെ കാട്ടിനകത്തും കാട്ടാനകള്‍ തമ്പടിക്കും.
ആനകളെ കാടുകയറ്റി വിടാന്‍ വനപാലകരോ, ആന സ്‌ക്വാഡോ ഇല്ലാത്ത സ്ഥിതിയാണ്. ദിവസവും നാശനഷ്ടത്തിന്റെ കണക്ക് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ട്. 20 വര്‍ഷം പഴക്കമുള്ള 76 തെങ്ങ്, 26 ചെറിയ തെങ്ങ്, 140 വാഴ, 15 പ്ലാവ്, 400 തെങ്ങിന്‍തൈ എന്നിവ ഇതിനകം നശിപ്പിച്ചു.
ആനകളെ തുരത്തിയില്ലെങ്കില്‍ 100 ഏക്കറോളം വരുന്ന “ഭൂമിയിലെ ബാക്കിയുള്ള വിളകളും നശിപ്പിക്കും. ഫാം ഓഫീസിനടുത്തുവരെ കാട്ടാനകള്‍ എത്തിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ ഭീതിയിലാണ്.

 

Latest