ഏകദിന പരമ്പര: ആദ്യമത്സരത്തില്‍ ഇന്ത്യക്ക് ജയം

Posted on: July 24, 2013 10:24 pm | Last updated: July 24, 2013 at 10:35 pm

zimഹരാരെ: സിംബാബ്‌വെയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ധോണിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച വീരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ (115) കരുത്തിലാണ് സിംബാബ്‌വെ ഉയര്‍ത്തിയ 228 എന്ന ടോട്ടല്‍ ഇന്ത്യ മറികടന്നത്. തന്റെ കരിയറിലെ പതിനഞ്ചാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. 83 പന്തില്‍ 63 റണ്‍സെടുത്ത അമ്പാട്ടി റായിഡു തന്റെ ഏകദിന അരങ്ങേറ്റം ഉജ്ജ്വലമാക്കി. ക്യാപ്റ്റനുമൊത്ത് 159 റണ്‍സിന്റെ മൂന്നാം വിക്കറ്റ് പടുത്തുയര്‍ത്തി റായിഡു.

ഓപണര്‍മാരായ ശിഖര്‍ ധവാനും (17) രോഹിത് ശര്‍മയും (20) നേരത്തെ പുറത്തായി. അതിമനോഹരമായ ഇന്നിംഗ്‌സായിരുന്നു വീരാട് കോഹ്‌ലിയുടേത്.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത സിംബാബ്‌വെ ഏഴു വിക്കറ്റിന് 227 റണ്‍സെടുത്തു. പാകിസ്താന്‍ വംശജനായ സിക്കന്തര്‍ റാസയുടെയും (82) എല്‍ടണ്‍ ചിഗുംബുരയുടെയും (43) പ്രകടനത്തിന്റെ സഹായത്തിലാണ് സിംബാബ്‌വെ പൊരുതാവുന്ന ടോട്ടല്‍ നേടിയത്. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര 43 റണ്‍സിന് 3 വിക്കറ്റെടുത്തു.

അടുത്ത മത്സരം ജൂലൈ 26ന് ഹരാരെയില്‍ തന്നെ നടക്കും.