Connect with us

Gulf

അവിഹിത ബന്ധത്തില്‍ ഒമ്പത് മക്കള്‍; പരാധീനതയുമായി വൃദ്ധ

Published

|

Last Updated

ഷാര്‍ജ: അവിഹിത ബന്ധത്തിലുണ്ടായ ഒമ്പത് മക്കളുടെ ജീവിത പ്രാരാബ്ധങ്ങളുടെ കഥയുമായി അറബ് വംശജ ഷാര്‍ജ സാമൂഹിക സേവന വകുപ്പിനു മുമ്പില്‍. ഏഴ് മുതല്‍ 40 വയസു വരെ പ്രായമുള്ള മക്കളുടെ ഉമ്മയായ വൃദ്ധയെ കുറിച്ച് അധികൃതര്‍ പഠിച്ചുവരികയാണ്.
പ്രാഥമിക പഠനത്തില്‍ ഇവര്‍ക്കെതിരെ രാജ്യത്തെ പല കോടതികളിലുമായി നിരവധി കേസുകളുണ്ടെന്ന് ബോധ്യപ്പെട്ടു. മക്കളില്‍ ചിലര്‍ക്കെതിരെയും കേസുകള്‍ നിലവിലുണ്ട്.
മക്കളുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയും അശ്രദ്ധയും ഇവരുടെ ഭാഗത്തു നിന്നുണ്ടായതായി സാമൂഹിക സേവന വകുപ്പിനു കീഴിലുള്ള ശിശു സംരക്ഷണ സമിതി ഡയറക്ടര്‍ അഹ്മദ് ഇബ്രാഹിം അല്‍ തര്‍തൂര്‍ പറഞ്ഞു.
ഒമ്പത് മക്കളില്‍ ഒരാള്‍ക്കും രാജ്യത്തെ താമസം നിയമാനുസൃതമാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടില്ല. ആവശ്യമായ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അവസരം നല്‍കിയിട്ടില്ല. ചിലര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുമുണ്ട്. ഒരു അറബ് രാജ്യത്തിന്റെ പൗരത്വം തെളിയിക്കുന്ന രേഖകളും ഇവരുടെ പക്കലുണ്ട്.
പക്ഷേ, ഇവര്‍ക്ക് വിവാഹത്തിന്റെയോ വിവാഹ മോചനത്തിന്റെയോ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. മാത്രമല്ല, അവിഹിത വേഴ്ചയുള്‍പ്പെടെ ചില കേസുകള്‍ ഇവര്‍ക്കെതിരെ കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വിദ്യാഭ്യാസക്കുറവും മറ്റു യോഗ്യതകളുമില്ലാത്തതും നിയമാനുസൃത താമസക്കാരല്ലാത്തതിനാലും തൊഴില്‍രഹിതരായി കഴിയുന്ന മക്കളുടെ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ വൃദ്ധയായ തനിക്കു സാധിക്കില്ലെന്നും സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ അധികൃതരെ സമീപിച്ചത്.
ഈ പ്രാരാബ്ധ കുടുംബത്തിന്റെ കാര്യങ്ങള്‍ കൂടുതല്‍ പഠിച്ചുവരികയാണ് സാമൂഹിക സേവന വകുപ്പ് അധികൃതര്‍.