ടി പി വധം: വിചാരണ കാലയളവ് നീട്ടാന്‍ സെഷന്‍സ് കോടതി ഹൈക്കോടതിയിലേക്ക്‌

Posted on: July 24, 2013 4:40 am | Last updated: July 24, 2013 at 4:40 am

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ കാലയളവ് നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ട് എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുന്നു. സാക്ഷി വിസ്താരത്തിന് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് അപേക്ഷ നല്‍കുമെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി അറിയിച്ചു.
ഈ മാസം 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് പ്രോസിക്യൂഷനും കോടതിയും ഇതുവരെ സ്വീകരിച്ചത്. സാക്ഷി വിസ്താരം പൂര്‍ത്തിയായാല്‍ അഭിഭാഷകരുടെ വാദവും സാക്ഷി മൊഴികള്‍ വായിച്ച് കേള്‍പ്പിച്ച് പ്രതികളില്‍ നിന്നുള്ള മൊഴിയും കോടതിക്ക് രേഖപ്പെടുത്തേണ്ടതുണ്ടെന്നിരിക്കെ അതിനു ശേഷം മാത്രമേ വിധിപറയാനുള്ള തീയതി പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ കഴിഞ്ഞ ഫെബ്രുവരി 11ന് തുടങ്ങിയ ടി പി കേസിന്റെ സാക്ഷി വിസ്താരം ജൂലായ് 31 നകം തീരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിചാരണക്ക് അധിക സമയം അനുവദിക്കണമെന്ന് കോടതി ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത്. അതിനിടെ 27-ാം പ്രതി കോടിയേരി അനന്തത്ത് സി രജിത്, 28- ാം പ്രതി അഴിയൂര്‍ രമൃത നിവാസില്‍ കള്ളാറത്ത് പി എം രമീഷ് എന്ന കുട്ടു, 30-ാം പ്രതി സി പി എം ഏറാമല ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെ മൊഴി നല്‍കിയ ഷിജിലിനെ വീണ്ടും വിസ്തരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹരജി നല്‍കി.
അതേസമയം ടി പി വധക്കേസില്‍ പ്രതിഭാഗത്തിന്റെ ആവശ്യമനുസരിച്ച് വിചാരണക്കോടതി വീണ്ടും വിസ്തരിക്കാന്‍ അനുമതി നല്‍കിയ രണ്ട് സാക്ഷികളെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യുഷന്‍ അറിയിച്ചു. 18-ാം പ്രോസിക്യൂഷന്‍ സാക്ഷി ആര്‍ എസ് എസ് പൊയിലൂര്‍ മണ്ഡലം സേവാസംഘം പ്രവര്‍ത്തകന്‍ പൊയിലൂര്‍ സന്തോഷ് ഭവനത്തില്‍ സന്തോഷ്‌കുമാര്‍, 20-ാം സാക്ഷി തൂവ്വക്കുന്ന് കിഴക്കയില്‍ വീട്ടില്‍ കെ വത്സന്‍ എന്നിവരെ കണ്ടെത്താനായില്ലെന്നാണ് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചത്. വത്സന്‍ തമിഴ്‌നാട്ടും സന്തോഷ് കര്‍ണ്ണാടകയിലുമാണെന്നാണ് സൂചനയെന്നും ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പോലീസിന്റെയും പ്രോസിക്യുഷന്റെ വാദം ശരിയല്ലെന്നും സാക്ഷികള്‍ക്കുള്ള സമന്‍സുമായി ചെന്നത് 124-ാം സാക്ഷിയായി വിസ്തരിച്ച തൊട്ടില്‍പാലം സ്റ്റേഷനിലെ സീനിയര്‍ സി പി ഒ ശ്രീധരന്‍ ആണെന്നും പ്രതിഭാഗം നല്‍കിയ തടസ്സ ഹരജിയില്‍ അഭിപ്രായപ്പെട്ടു. രണ്ട് സാക്ഷികള്‍ക്കും വാറന്‍ഡ് അയക്കണമെന്നും പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. പതിമൂന്നാം പ്രതി സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുന്നോത്ത് പറമ്പ് കേളോന്റവിടെ പി കെ കുഞ്ഞനന്തന് ശസ്ത്രക്രിയ നടത്തുന്നതിനും കോടതിയില്‍ ഹാജരാവുന്നത് ഒഴിവാക്കുന്നതിനുമായി പ്രതിഭാഗം ഹരജി നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഇതിന്‍മേല്‍ നാളെ വിധി പറയുമെന്ന് അറിയിച്ചു.