കെട്ടിക്കിടക്കുന്ന മരുന്നുകള്‍ രണ്ട് ദിവസത്തിനകം വിതരണം ചെയ്തില്ലെങ്കില്‍ നിയമനടപടിയെന്ന് ഡി എം ഒ

Posted on: July 24, 2013 4:33 am | Last updated: July 24, 2013 at 4:33 am

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്കാശുപത്രിയിലെ കാരുണ്യ ഫാര്‍മസിയില്‍ കെട്ടിക്കിടക്കുന്ന ഒന്നരക്കോടിരൂപ വിലമതിക്കുന്ന മരുന്നുകള്‍ രണ്ടു ദിവസത്തിനകം വിതരണം ചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമര്‍ ഫാറൂഖ് ബന്ധപ്പെട്ടവരെ അറിയിച്ചു.
ഇതു സംബന്ധിച്ച് നേരത്തെ രണ്ടു തവണ റിമൈന്റര്‍ അയച്ചിട്ടും നടപടികളില്ലാത്ത സാഹചര്യത്തിലാണ് ഡി എം ഒ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്. നിലമ്പൂരിലെ കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്നത് താലൂക്കാശുപത്രി മാനേജ്‌മെന്റ കമ്മിറ്റിക്ക് കീഴിലാണ്. അതുകൊണ്ടു തന്നെ മരുന്നു വിതരണത്തിന്റെ ഉത്തരവാദിത്വം ആശുപത്രി മാനേജ്‌മെന്റ കമ്മിറ്റി ചെയര്‍മാനും ആശുപത്രി സൂപ്രണ്ടിനുമാണ്.
വിതരണം ചെയ്യാതെ മരുന്നുകള്‍ ആസ്പത്രിയുടെ വരാന്തകളിലും കോണിപ്പടികളിലുമായാണ് കിടക്കുന്നത്. ഇവ തങ്ങള്‍ ഓര്‍ഡര്‍ നല്‍കിയ മരുന്നുകളാണോ എന്ന് പരിശോധിച്ചു വേണം ആരോഗ്യ വകുപ്പിന് സ്വീകരിക്കാന്‍. കൂടെ ഇവയുടെ ഗുണനിലവാരവും പരിശോധിക്കേണ്ടതുണ്ട്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് കയറ്റിഅയക്കേണ്ട മരുന്നുകളാണ് മഴ കാരണം വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്ന കാരണത്താല്‍ കെട്ടിക്കിടക്കുന്നത്. മഴ തുടങ്ങിയതോടെ, വിവിധ കേന്ദ്രങ്ങളില്‍ രോഗങ്ങള്‍ വ്യാപകമായിട്ടും മരുന്നുകള്‍ ഇല്ല എന്ന് അറിയിച്ചിട്ടും ഇവ എത്തിക്കാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവരെടുക്കുന്നില്ലെന്നും പരാതിയുണ്ട്. . വില കുറവാണെന്നതിനാല്‍ ജില്ലയിലെ 65-ഓളം സ്ഥാപനങ്ങളാണ് വിവിധ പദ്ധതികളുടെ മരുന്നു വിതരണത്തിന് കാരുണ്യക്ക് ഓര്‍ഡര്‍ കൊടുത്തിരുന്നത്.