Connect with us

Malappuram

ഇന്റര്‍വ്യൂ റദ്ദാക്കിയതറിഞ്ഞില്ല: ഉദ്യോഗാര്‍ഥികള്‍ പ്രകോപിതരായി

Published

|

Last Updated

മഞ്ചേരി: ഇന്നലെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നടക്കാനിരുന്ന ശുചീകരണ തൊഴിലാളികളുടെ ഇന്റര്‍വ്യൂ റദ്ദാക്കിയ വിവരം അറിയാതെ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമുന്നിലെത്തി ഉദ്യോഗാര്‍ഥികള്‍ ബഹളം വെച്ചു
ക്ലീനിംഗ് സ്റ്റാഫ് ഇന്റര്‍വ്യൂ ഇന്നലെ നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് കെ എം സുകുമാരന്‍ മാധ്യമങ്ങള്‍ വഴി അറിയിപ്പു നല്‍കിയിരുന്നു. ശുചീകരണ തൊഴിലാളികളുടെ അഞ്ച് ഒഴിവുകളിലേക്ക് ഒന്നര മാസം മുമ്പ് തന്നെ സൂപ്രണ്ട് അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നേരിട്ട് അഞ്ച് ക്ലീനിംഗ് ജീവനക്കാരെ നിയമിച്ചതോടെ ആറ് ദിവസം മുമ്പ് ഇന്റര്‍വ്യൂ റദ്ദാക്കുകയായിരുന്നു. ഈ വിവരം അറിയാതെയെത്തിയ നൂറോളം ഉദ്യോഗാര്‍ഥികളാണ് ആശുപത്രിയിലെത്തി ബഹളം വെച്ചത്. പലരും മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലും എത്തി ബഹളമുണ്ടാക്കി. അധികൃതര്‍ പിന്‍വാതില്‍ നിയമനം നടത്തിയെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ ആരോപണം. പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ് ഐ എ വേലായുധന്‍ കാര്യങ്ങള്‍ വിശദീകരിച്ച് അനുനയത്തിലൂടെ ഇവരെ തിരിച്ചയച്ചു. ഇതില്‍ തൃപ്തരാക്കാത്ത ഇവര്‍ കലക്ടറേറ്റിലെത്തി കലക്ടര്‍ക്ക് പരാതി നല്‍കി മടങ്ങി.