Connect with us

Wayanad

ഷാജിയുടെ മരണം: റോബര്‍ട്ടിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: ബ്ലേഡ് മാഫിയയുടെ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത മുണ്ടക്കല്‍ ഷാജിയുടെ മരണത്തിനുത്തരവാദിയായ റോബര്‍ട്ടിന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 17നാണ് മുണ്ടക്കല്‍ ഷാജി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിനുത്തരവാദി റോബര്‍ട്ടാണെന്ന് ഷാജി ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് റോബര്‍ട്ടിന്റെ പക്കല്‍ നിന്നും വായിപ്പ വാങ്ങിയ തുകക്ക് പലിശയും പലിശക്ക് പലിശയുമായി ലക്ഷണക്കണക്കിന് രൂപ ഇതിനോടകം റോബര്‍ട്ട് ഷാജിയില്‍ നിന്നും ഈടാക്കിയിരുന്നു. 2010ല്‍ 30 ലക്ഷത്തോളം രൂപ വില ലഭിക്കാവുന്ന ഒരു ഏക്കര്‍ റബ്ബര്‍ തോട്ടം റോബര്‍ട്ടിന്റെ നിര്‍ബന്ധപ്രകാരം ഷാജി 17 ലക്ഷം രൂപക്ക് വില്‍പന നടത്തുകയായിരുന്നു. 
ഈ സ്ഥലം വാങ്ങിയവര്‍ റോബര്‍ട്ടിന്റെ ഭിനാമികളാണ്. ഇങ്ങനെ വില്‍പന നടത്തിയ തുടങ്ങിയ തുകയില്‍ ഭൂരി ഭാഗവും റോബര്‍ട്ട് കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഷാജിയുടെ പക്കല്‍ നിന്നും പലപ്പോഴായി വാങ്ങിയ ഭൂമിയുടെയും മറ്റും രേഖകള്‍ ഉപയോഗിച്ച് റോബര്‍ട്ട് നിരന്തരം ഭീഷണിപ്പെടുത്തി കൂടുതല്‍ തുക ആവശ്യപ്പെട്ടിരുന്നുവത്രെ. റോബര്‍ട്ട് തന്നോടു ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായാണ് ഷാജിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. ഷാജി മരിക്കുന്നതിന്റെ ഏതാനും മറിക്കൂറുകള്‍ക്ക് മുമ്പും തലേ ദിവസവും റോബര്‍ട്ട് തന്റെ ഫോണില്‍ നിന്ന് ഷാജിയെ നിരന്തരം വിളിച്ചിരുന്നു. ഷാജി ആത്മഹത്യ ചെയ്ത ദിവസം റോബര്‍ട്ട് ഷാജിയുടെ വീട്ടിലെത്തുകയും ഭാര്യയെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബ്ലേഡ് മാഫിയയുടെ പീഢനങ്ങള്‍ സഹിക്കവയ്യാതെയാണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് ഇതിനോടകം വ്യക്തമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ റോബര്‍ട്ടിന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പോലീസ്തയ്യാറാകണം. ഷാജിയുടെ കയ്യില്‍ നിന്ന് പലപ്പോഴായി വാങ്ങിയ ഭൂമിയുടെ രേഖകള്‍ ഷാജിയുടെ കുടുംബത്തിന് തിരിച്ചുനല്‍കണം. ബ്ലേഡ് മാഫിയ കൈക്കലാക്കിയ ഒരേക്കര്‍ റബ്ബര്‍ തോട്ടം ഷാജിയുടെ കുടുംബത്തിന് നല്‍കണം. ഈ കുടുംബത്തിന് ബ്ലേഡ് മാഫിയ മതിയായ നഷ്ട പരിഹാരവും നല്‍കണം. ഷാജിയുടെ വീട്ടില്‍ കയറി മാതാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി മാനസിക പ്രശ്‌നം സൃഷ്ടിച്ചതിന് സ്ത്രീ പീഢന നിയമമനുസരിച്ച് പോലീസ് കേസെടുക്കണം. സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും റോബര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷാജിയുടെ മൃതദേഹം പരിശോധന നടത്തിയപ്പോള്‍ പോലീസിന്റെ കയ്യില്‍ കിട്ടിയ ആത്മഹത്യാകുറിപ്പ് രഹസ്യമാക്കിവെച്ചത് റോബര്‍ട്ടിനെ രക്ഷിക്കാനുള്ള തന്ത്രമായിരുന്നു. ഒളിവില്‍ പോയ റോബര്‍ട്ടിനെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാകണം. റോബര്‍ട്ടിന്റെ ബ്ലേഡ് കെണിയില്‍പെട്ട് ഇപ്പോഴും കുടുങ്ങി നില്‍ക്കുന്ന കര്‍ഷകരുണ്ടെങ്കില്‍ ആക്ഷന്‍ കമ്മിറ്റി സംരക്ഷണം നല്‍കും. ഷാജിയുടെ കയ്യില്‍ നിന്ന് ബ്ലേഡ് മാഫിയ കൈക്കലാക്കിയ ഒരേക്കര്‍ റബ്ബര്‍ തോട്ടം ഈ മാസം 27ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരിച്ചുപിടിച്ച് കുടുംബത്തെ ഏല്‍പിക്കും. ഈ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യാന്‍ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എ ഇ ജേക്കബ് കണ്‍വീനര്‍ പി കെ സത്താര്‍, കെ ജെ ഐസക് സുരേഷ് താളൂര്‍, മുണ്ടക്കല്‍ ജോസ്, പി ആര്‍ സദാനന്തന്‍, പി സി ചാക്കോ പങ്കെടുത്തു.

Latest