സമൂസയുടെ രുചിപ്പെരുമയില്‍ സമൂസപ്പടി

Posted on: July 22, 2013 7:52 am | Last updated: July 22, 2013 at 7:52 am

samoosaമലപ്പുറം: ഒരു വസ്തുവിന്റെയോ സ്ഥാപനത്തിന്റെയോ പേരില്‍ ഒരു പ്രദേശത്തിന്റെ പേര് അറിയപ്പെടുന്നത് സര്‍വ സാധാരണമാണെങ്കിലും വിഭവത്തിന്റെ പേരില്‍ അറിയപ്പെടുന്നത് വിരളമായിരിക്കും. എന്നാല്‍ നാവിന്‍ തുമ്പില്‍ രുചിയുടെ രസക്കൂട്ട് തീര്‍ക്കുന്ന സമൂസയുടെ പേരില്‍ അറിയപ്പെടുന്ന ഒരു പ്രദേശമുണ്ട് മലപ്പുറത്ത്. കുറുവക്ക് സമീപം പഴമള്ളൂരിലെ സമൂസപ്പടിക്ക് ആ പേര് വെറും അലങ്കാരം മാത്രമല്ല. വരിക്കോടന്‍ കുഞ്ഞീമുവാണ് ആദ്യമായി പ്രദേശത്ത് സമൂസയുണ്ടാക്കി വില്‍പ്പന നടത്തിയതെന്നാണ് പ്രദേശത്തുകാരുടെ ഓര്‍മ. അന്ന് സഹായിക്കാന്‍ കൂടിയവര്‍ ജോലി പടിച്ചതോടെ പലരും സ്വന്തമായി കച്ചവടം തുടങ്ങി. ഇതോടെ സമൂസപ്പടിയിലുണ്ടാക്കിയ സമൂസയുടെ പെരുമ നാടെങ്ങും പരന്നു. നോമ്പു കാലമായാല്‍ ആളുകള്‍ വൈകുന്നേരങ്ങളില്‍ ഈ ചെറിയ അങ്ങാടിയില്‍ സമൂസ തേടിയെത്തും. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്ന് പോലും സമൂസയുടെ രുചി തേടി സമൂസപ്പടിയിലേക്ക് എത്താറുണ്ടെന്ന് ഇവിടുത്തുകാര്‍ പറയുന്നു. റമസാനില്‍ ആവശ്യക്കാര്‍ ഏറെയായതിനാല്‍ സ്ഥിരം തൊഴലാളികള്‍ക്ക് പുറമെ ചിലയിടങ്ങളില്‍ കൂലിക്ക് ആളെവെച്ചാണ് സമൂസ നിര്‍മാണം നടത്തുന്നത്. വീട്ടിലെ സ്ത്രീകളും കുട്ടികളുമടക്കംവെളുപ്പിന് തുടങ്ങുന്ന ജോലിക്ക് വിരാമമാകുന്നത് ഉച്ചയോടെയാണ്.