പള്ളിക്കും സുന്നി പ്രവര്‍ത്തകര്‍ക്കും നേരെ വിഘടിത ഗുണ്ടാ അക്രമം

Posted on: July 22, 2013 7:49 am | Last updated: July 22, 2013 at 7:49 am

തേഞ്ഞിപ്പലം: സുന്നി പള്ളിക്കും പ്രവര്‍ത്തകര്‍ക്കും നേരെ വിഘടിത ഗുണ്ടകളുടെ വിളയാട്ടം. യൂനിവേഴ്‌സിറ്റി ചേലക്കരമാട് മസ്ജിദുര്‍റഹ്മാനിയ്യക്കും ളുഹര്‍ നിസ്‌കാരത്തിനെത്തിയ പ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ളുഹ്ര്‍ നിസ്‌കാര ശേഷം പള്ളി പരിപാലന കമ്മിറ്റിയും ജനറല്‍ ബോഡി അംഗങ്ങളുടെയും പൊതുയോഗം നടന്നിരുന്നു. ഈ യോഗത്തിലേക്കാണ് നൂറോളം വരുന്ന വിഘടിത ഗുണ്ടകള്‍ ഇരച്ച് കയറിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളി നടത്തിയ ഇവര്‍ മാരകായുധങ്ങളുമായി പ്രവര്‍ത്തകര്‍ക്ക് പിന്നാലെ ഓടിച്ചിട്ട് അക്രമിക്കുകയായിരുന്നു. സുന്നി പ്രവര്‍ത്തകരായ വി സൈതലവി (30), തോണിയില്‍ അബ്ദുല്‍ലത്വീഫ് (33), തലേതൊടി അബ്ദുര്‍റഹ്മാന്‍ (44) എന്നിവര്‍ക്ക് അക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവരെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ 18നാണ് മസ്ജിദുര്‍റഹ്മാനിയ്യയുടെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചത്. തുടര്‍ന്ന് സുന്നി പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് നേരെ വിഘടിതര്‍ വധ ഭീഷണി മുഴക്കുകയും ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് തേഞ്ഞിപ്പലം പോലീസില്‍ പരാതി കൊടുത്തു.