യുവതിയുടെയും കുട്ടികളുടെയും മരണം; അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പരാതി

Posted on: July 22, 2013 7:48 am | Last updated: July 22, 2013 at 7:48 am

നിലമ്പൂര്‍: വടപുറത്ത് യുവതിയും രണ്ട് കുട്ടികളും പൊള്ളലേറ്റ് മരിക്കാനാടിയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. ഈരാറ്റുപേട്ട സ്വദേശി പൊള്ളോലിയന്‍ റഷീദാണ് പരാതി നല്‍കിയിട്ടുള്ളത്.
സംഭവത്തില്‍ ദുരൂഹതയുള്ളതായും മരണത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും ഒന്നര വര്‍ഷമായി മരണപ്പെട്ട അസ്മാബിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും റശീദ് പറയുന്നു. അസ്മാബിയുടെ കൂടെ താമസിക്കുന്ന മാതൃസഹോദരിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബന്ധം തകരാന്‍ കാരണമെന്നും ഇവരെ ചോദ്യം ചെയ്താല്‍ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനാകുമെന്നും ഇയാള്‍ പറയുന്നു. അതേ സമയം സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭര്‍ത്താവ് റഷീദില്‍ നിന്നും മരിച്ച അസ്മാബിയുടെ മാതൃസഹോദരി മമ്മാത്തിയില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
അസ്മാബിയുടെ മൊബൈല്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിലെ കാള്‍ മുഴുവനായും ഡിലീറ്റ് ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാള്‍ രജിസ്റ്റര്‍ പരിശോധിക്കുമെന്നും റഷീദിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. യുവതി പൊള്ളലേറ്റ് ഒരു ദിവസത്തിനു ശേഷമാണ് മരണപ്പെട്ടതെങ്കിലും ഇവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടില്ലെന്നും മരണ ശേഷം വീട് തുറന്നിട്ടത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമായില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.