Connect with us

Ongoing News

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ്: സൈനക്ക് 1.20 ലക്ഷം ഡോളര്‍

Published

|

Last Updated

ന്യൂഡല്‍ഹി:  ഐ പി എല്ലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നടത്തുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ (ഐ ബി എല്‍) താര ലേലം തുടരുന്നു. ഇപ്പോള്‍ ഐക്കണ്‍ താരങ്ങളുടെ ലേലമാണ് പൂര്‍ത്തിയായത്. ലോക ഒന്നാം നമ്പര്‍ പുരുഷതാരം ലീ ചോങ് വേയെ 13, 3500 ഡോളറിന് മുംബൈ മാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. ഇന്ത്യയുടെ സൂപ്പര്‍താരം സൈന നെഹ്വാളിനെ 1.20 ലക്ഷം ഡോളറിന് ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സ് സ്വന്തമാക്കി. പി കശ്യപിനെ 75,000 ഡോളറിന് ബംഗാ ബീറ്റും പി സിന്ധുവിനെ 85,000 ഡോളറിന് ലക്‌നൗ വോറിയേഴ്‌സും ലേലത്തില്‍ സ്വന്തമാക്കി.

ജ്വാല ഗുട്ടയെ ഡല്‍ഹി സ്മാഷേഴ്‌സ് 31,000 ഡോളറിനാണ് സ്വന്തമാക്കിയത്. പ്രതീക്ഷിച്ച അത്ര ജ്വാലക്ക് വില കിട്ടിയില്ല എന്നു തന്നെ പറയാം. 25,000 ഡോളറായിരുന്നു ജ്വാലയുടെ അടിസ്ഥാന വില.

ആറ് ടീമുകളാണ് ഫ്രാഞ്ചൈസികളായുള്ളത്. ഇന്ത്യന്‍ താരങ്ങളായ സൈന നേഹ്‌വാള്‍, ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ, പി വി സിന്ധു, പി കശ്യപ് എന്നീ ഇന്ത്യന്‍ താരങ്ങളും ലോക ഒന്നാം നമ്പര്‍ പുരുഷ താരം മലേഷ്യയുടെ ലീ ചോംഗ് വെയ് എന്നിവരാണ് ഐക്കണ്‍ താരങ്ങള്‍.
ലോകത്തെ ഏറ്റവും മികച്ച എട്ട് പുരുഷ താരങ്ങളും അഞ്ച് മികച്ച വനിതാ താരങ്ങളും സിംഗിള്‍സ് പോരാട്ടങ്ങളില്‍ മാറ്റുരക്കും. ഇതില്‍ ജ്വാല, അശ്വിനി എന്നിവര്‍ ഡബിള്‍സിലാണ് മാറ്റുരക്കുക.

ഇന്ത്യയിലെ ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 14നാണ് ഉദ്ഘാടനം. ആഗസ്റ്റ് 31ന് മുംബൈയിലാണ് ഫൈനല്‍ നടക്കുക. ആറ് കോടിയാണ് സമ്മാന തുക. ആറ് ടീമുകളിലായി 66 താരങ്ങളാണ് ടീമിലുണ്ടാകുക. നാല് വിദേശ താരങ്ങളാണ് ഓരോ ടീമിലുമുണ്ടാകുക. പ്രാദേശിക കളിക്കാരടക്കം 90ഓളം ഇന്ത്യന്‍ താരങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

Latest