ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍

Posted on: July 22, 2013 1:20 am | Last updated: July 22, 2013 at 1:20 am

bayernബെര്‍ലിന്‍: ഹാംബെര്‍ഗിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് ടെലികോം കപ്പിന്റെ ഫൈനലിലേക്ക് കുതിച്ചു. ബയേണിന്റെ പരിശീലകനായുള്ള ആദ്യം മത്സരത്തിനിറങ്ങിയ പെപ് ഗോര്‍ഡിയോളക്ക് അവിസ്മരണീയ വീജയം സമ്മാനിച്ചാണ് താരങ്ങള്‍ സ്വീകരണമൊരുക്കിയത്. ബാഴ്‌സലോണയില്‍ നിന്ന് കഴിഞ്ഞയാഴ്ച്ച ബയേണ്‍ ടീമിലെത്തിയ യുവതാരം തിയാഗോ അല്‍ക്കന്റാരയും മികച്ച പ്രകടനത്തിലൂടെ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
മറ്റൊരു സെമി പോരാട്ടത്തില്‍ ചാമ്പ്യന്‍സ്‌ലീഗ് റണ്ണേഴ്‌സ് അപ്പായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത ഒറ്റ ഗോളിന് അട്ടിമറിച്ച് ബൊറൂസിയ മോണ്‍ച്ചന്‍ഗ്ലാഡ്ബാച്ചും കലാശപ്പോരിന് അര്‍ഹരായി. ഈ മാസം 28ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് ബൊറൂസിയ മോണ്‍ച്ചന്‍ഗ്ലാഡ്ബാച്ചിനെ നേരിടും.
ജെറോം ബോട്ടെംഗ്, ക്‌സെര്‍ദാന്‍ ഷാക്കിരി, ടോണി ക്രൂസ്, തോമസ് മുള്ളര്‍ എന്നിവരാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്. പതിവ് സംഘത്തിന് പകരം ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് ഗോര്‍ഡിയോള ടീമിനെ ഇറക്കിയത്. സ്ഥിരം ഗോള്‍ കീപ്പറായ മാനുവല്‍ നൂയറിന് പകരം ടോം സ്റ്റാര്‍ക്ക് രംഗത്തിറങ്ങി. മധ്യനിരയില്‍ ബാസ്റ്റിന്‍ ഷ്വന്‍സ്റ്റീഗര്‍ക്ക് പകരം ക്ലൗഡിയോ പിസാറോ വന്നു. എന്നാല്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് പ്രതിരോധത്തിലുണ്ടായിരുന്ന അല്‍ക്കന്റാരയും മധ്യനിരയിലുണ്ടായിരുന്ന ടോണി ക്രൂസുമായിരുന്നു. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ഏറെക്കുറെ നഷ്ടപ്പെട്ട ക്രൂസ് ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്.
അപാര ഫോമില്‍ നില്‍ക്കുന്ന ബയേണിന്റെ സ്വാഭാവിക കളിക്ക് ഇത്തവണയും മാറ്റമൊന്നും സംഭവിച്ചില്ല. കളി തുടങ്ങി പതിവുപോലെ അവര്‍ തുടക്കം മുതല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടു. പതിനൊന്നാം മിനുട്ടില്‍ മരിയോ മാന്‍ഡൂകിച്ചിന്റെ ഗോള്‍ ശ്രമം ഹാംബര്‍ഗ് ഗോളി ജെറോസ്‌ലേവ് ഡ്രോബ്‌നി അപ്രതീക്ഷിതമായി തട്ടിയകറ്റിയെങ്കിലും പന്ത്രണ്ടാം മിനുട്ടില്‍ തന്നെ ജെറോം ബോട്ടെംഗിലൂടെ ബയേണ്‍ മുന്നില്‍ കടന്നു. പോസ്റ്റിന് സമീപം വെച്ച് രണ്ട് തവണ ക്ലൗഡിയോ പിസാറോ ഗോള്‍ നേടാന്‍ നടത്തിയ നേരിട്ടുള്ള ശ്രമങ്ങള്‍ ഹാംബര്‍ഗ് ഗോളി തട്ടിയകറ്റി. എന്നാല്‍ മൂന്നാം റീബൗണ്ടായി വന്ന പന്ത് ഗോളിയെ കബളിപ്പിച്ച് ബോട്ടെംഗ് വലയിലാക്കുകയായിരുന്നു. പിന്നീട് 41ാം മിനുട്ടില്‍ കെസ്ര്‍ദാന്‍ ഷാക്കിരി ബയേണിന്റെ രണ്ടാം ഗോള്‍ നേടി. മാന്‍ഡൂകിച്ചിന്റെ പാസില്‍ നിന്നായിരുന്നു ഈ ഗോളിന്റെ പിറവി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ബാവേറിയന്‍മാര്‍ ക്രൂസിലൂടെ അവരുടെ മൂന്നാം ഗോളും സ്വന്തമാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹാംബര്‍ഗ് ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലത്തിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
രണ്ടാം പകുതി തുടങ്ങി 52ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ തോമസ് മുള്ളര്‍ പട്ടിക പൂര്‍ത്തിയാക്കി. പാര്‍ശ്വഭാഗത്ത് നിന്ന് പന്തുമായി മുന്നേറിയ നായകന്‍ ഫിലിപ്പ് ലാം ഉയര്‍ത്തി നല്‍കിയ പാസില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് മുള്ളര്‍ ഗോള്‍ സ്വന്തമാക്കിയത്. കളിയില്‍ 79.6 ശതമാനവും പന്ത് കൈവശം വെച്ചത് ബയേണായിരുന്നു.
അവസരങ്ങള്‍ മുതലാക്കുന്നതിലെ പരാജയമായിരുന്നു ബൊറൂസിയ ഡോര്‍ഡ്മുണ്ടിന് വിനയായത്. എന്നാല്‍ മറുഭാഗത്ത് ബൊറൂസിയ മോണ്‍ച്ചന്‍ഗ്ലാഡ്ബാച്ച് അവര്‍ക്ക് ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ചാണ് അപ്രതീക്ഷിത വിജയം സ്വന്തമാക്കി ഫൈനലിലേക്ക് കുതിച്ചത്. 61ാം മിനുട്ടില്‍ ഫിലിപ്പ് ഡേംസാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്.