അല്‍ ഖാനില്‍ കെട്ടിടത്തിന് തീപിടിച്ചു

Posted on: July 21, 2013 6:38 pm | Last updated: July 21, 2013 at 6:38 pm

ഷാര്‍ജ: അല്‍ ഖാനിലെ 35 നിലയുള്ള കെട്ടിടത്തിന് തീപിടിച്ചു. ഇന്നലെ രാവിലെ 8.45ഓടെയാണ് കെട്ടിടത്തിന് തീപിടിച്ചതായി ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ സുവൈദി വ്യക്തമാക്കി.
തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ അല്‍ ഹുദ രണ്ട് ഭാഗത്തെ 30 നിലകളിലുള്ളവരെ ഒഴിപ്പിച്ചു. മൂന്നാമത്തെ നിലയില്‍ ഉണ്ടായ തീ പിന്നിലൂടെ കെട്ടിടത്തിന്റെ മുകളിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തില്‍ കത്തിയ വസ്തുക്കള്‍ കെട്ടിടത്തിന്റെ ബാല്‍കെണിയില്‍ നിന്നും താഴോട്ട് വീണതിനെ തുടര്‍ന്ന് പാര്‍ക്ക് ചെയ്ത അഞ്ചു കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു.
അഗ്നിശമന സേനയുടെ മുഖ്യ കേന്ദ്രങ്ങളായ സംനാന്‍, അല്‍ മിന എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ യൂണിറ്റുകളാണ് തീ അണക്കാന്‍ സഹായിച്ചത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ കെട്ടിടം ഫോറന്‍സിക് വിഭാഗത്തെ പരിശോധനക്കായി ഏല്‍പ്പിച്ചിരിക്കയാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ സ്ഥാപിച്ച ഫയര്‍ അലാം പ്രവര്‍ത്തിക്കുന്നില്ലെന്ന് കെട്ടിടത്തിലെ താമസക്കാരില്‍ ഒരാള്‍ ആരോപിച്ചു. അഗ്നിബാധ സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള വഴിയില്‍ വെളിച്ചമില്ലെന്നും താമസക്കാര്‍ കുറ്റപ്പെടുത്തി. പല നിലകളിലും ആവശ്യത്തിന് വെള്ളം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ആര്‍ക്കും പരുക്കേറ്റതായും വിവരമില്ല.