തീരദേശം സാക്ഷി; മലയാള സര്‍വകലാശാല യാഥാര്‍ഥ്യമായി

Posted on: July 21, 2013 7:44 am | Last updated: July 21, 2013 at 7:44 am

തിരൂര്‍: തീരദേശം ഒഴുകിവന്ന ശുഭ മുഹൂര്‍ത്തത്തില്‍ മലയാള സര്‍വകലാശാല മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആനന്ദം സമ്മാനിച്ച് ഭാഷാസര്‍വകലാശാല യാഥാര്‍ഥ്യമായതോടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അറുതിയായത്. കൂട്ടായി അഴിമുഖത്തിനടുത്ത തീരപ്രദേശമായ പറവണ്ണയിലാണ് സര്‍വകലാശാലയുടെ താത്കാലിക ആസ്ഥാനമന്ദിരം ഇന്നലെ തുറന്നത്.
കാലത്ത് 11 മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സര്‍വ്വകലാശാല കെട്ടിടത്തിന് മുമ്പില്‍ സ്ഥാപിച്ച പന്തലിലായിരുന്നു ചടങ്ങുകള്‍.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ സി പി ദിനേഷ് സാങ്കേതിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്, ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം എല്‍ എ മാരായ സി മമ്മൂട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ കെ എന്‍ എ ഖാദര്‍, പി ഉബൈദുള്ള, അഡ്വ എം ഉമ്മര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, കളക്ടര്‍ കെ ബിജു, നഗരസഭാധ്യക്ഷ കെ സഫിയ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുള്ളക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി സൈനുദ്ദീന്‍, സി എം റസാഖ് ഹാജി, പി സഫിയ, എം പി കുമാരു, ഇ മുഹമ്മദ് കുഞ്ഞി, എം സഫറുള്ള, കെ പി പീറ്റര്‍, പി എച്ച് ഫൈസല്‍, പി എ ബാവ തുടങ്ങിയവര്‍ സംസാരിച്ചു. പതിവിന് വിപരീതമായി പറഞ്ഞ സമയത്തിന് മുമ്പെ സര്‍വ്വകലാശാല കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത് മലയാളത്തിന്റെ പുണ്യമാണെന്ന് പ്രാസംഗികര്‍ പറഞ്ഞു. ടി എം ജി കോളേജ് വളപ്പില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നിര്‍മിച്ച 2.16 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. സ്വന്തമായി ആസ്ഥാനം ആകുന്നത് ഇവിടെ തന്നെയാണ് ക്ലാസുകളും പ്രവര്‍ത്തിക്കുക.