പ്രസിദ്ധീകരണങ്ങള്‍ വിജയകരമായി നടത്താന്‍ ഇച്ഛാശക്തി അനിവാര്യം: എം ടി

Posted on: July 21, 2013 7:07 am | Last updated: July 21, 2013 at 7:07 am

കോഴിക്കോട്: മാസികകള്‍ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വിജയകരമായി നടത്താന്‍ ഇച്ഛാശക്തി അനിവാര്യമാണെന്ന് എം ടി വാസുദേവന്‍ നായര്‍. മാസികകള്‍ നടത്തിക്കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ലാത്ത കാലഘട്ടമാണിത്. സാമൂഹ പ്രതിബദ്ധതയും ഇച്ഛാശക്തിയുമുണ്ടെങ്കിലും വേണ്ടത്ര പരസ്യങ്ങളില്ലെങ്കില്‍ പ്രസിദ്ധീകരണങ്ങള്‍ അധികകാലം മുന്നോട്ട് പോകാറില്ലെന്നും എം ടി പറഞ്ഞു. ചില്ല സാഹിത്യ മാസികയുടെ 25-ാം വാര്‍ഷികാഘോഷം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗഹൃദവലയങ്ങളിലൂടെയാണ് ആദ്യകാലത്ത് പല പ്രസിദ്ധീകരണങ്ങളും നിലനിന്നത്. സൗഹൃദത്തിന്റെ ഉത്തമ മാതൃകയായിരുന്ന തകഴി, വൈക്കം മുഹമ്മദ് ബഷീറിനെ ‘മേത്തന്‍’ എന്ന് ഹാസ്യരൂപേണ വിശേഷിപ്പിച്ചതും ബഷീറിന്റെ തെങ്ങ് കൃഷിയെക്കുറിച്ച് ആകുലപ്പെട്ടതുമെല്ലാം എം ടി അനുസ്മരിച്ചു. ചില്ല മാസിക മാനേജിംഗ് എഡിറ്റര്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. ചില്ല മാസിക നടത്തിയ അഖിലകേരള ചെറുകഥാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സിനിമാനടന്‍ ദിലീപ് നിര്‍വഹിച്ചു. വി കെ സുധീര്‍കുമാര്‍, സുദര്‍ശനന്‍ കോടത്ത്, അജിജേഷ് പച്ചാട്ട് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പി വത്സല മുഖ്യപ്രഭാഷണം നടത്തി. ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ ഡോ. എസ് എസ് മാന്ഥെ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു കെ കുമാരന്‍, പി കെ വിജയകുമാര്‍, എം കേശവ മേനോന്‍, പി ജെ ജോഷ്വേ, ശശിനായര്‍, പി ബാലകൃഷ്ണന്‍, പി കെ ഗോപി, മേലൂര്‍ വാസുദേവന്‍, ഡോ. ആര്‍സു, എസ് ശ്രീലത സംബന്ധിച്ചു.