പുഞ്ചവയലിലെ റേഷന്‍ കടയില്‍ സാധനങ്ങള്‍ നല്‍കുന്നതില്‍ ക്രമക്കേട് നടത്തുന്നുവെന്ന്

Posted on: July 21, 2013 7:05 am | Last updated: July 21, 2013 at 7:05 am

മാനന്തവാടി: പുഞ്ചവയലിലെ റേഷന്‍ കടയില്‍ നിന്നു സാധനങ്ങള്‍ നല്‍കുന്നതില്‍ ക്രമക്കേട് നടത്തുന്നതായി വ്യാപകമായ പരാതി.
അധികൃതര്‍ നിര്‍ദേശിക്കുന്ന അളവില്‍ സാധാനം നല്‍കാതെ അവ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുകയാണെന്നാണ് പരാതി.
ഇതുസംബന്ധിച്ച് മണല്‍വയല്‍ വരവുകാലായില്‍ രാജന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്കു പരാതി നല്‍കി.
ഈ റേഷന്‍ കടയുടെ കീഴില്‍ വരുന്ന ഗുണഭോക്താക്കള്‍ വളരെ നാളുകളായി പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതര്‍ പരിശോധന നടത്താറില്ല. ജൂണ്‍ മാസവും ഈ മാസവും ഒമ്പതു കിലോ വീതമാണ് ബി പി എല്‍ കാര്‍ഡുടമകള്‍ക്കു അരി നല്‍കേണ്ടത്. എന്നാല്‍ കാര്‍ഡുടമകള്‍ക്ക് ജൂണ്‍ മാസം ആറു കിലോ അരിയാണ് റേഷന്‍ കടയുടമ നല്‍കിയത്. ഒമ്പതു കിലോ അരി മറ്റ് റേഷന്‍ കടകളില്‍ നല്‍കുന്നുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയിട്ടും കടയുടമ ഗൗനിച്ചിരുന്നില്ല.
ബില്ല് നല്‍കാതെയാണ് തട്ടിപ്പു നടത്തുന്നത്. ബില്ലില്‍ അരിയുടെ തൂക്കം രേഖപ്പെടുത്തണമെന്നതിനാല്‍ ബില്ല് റേഷന്‍ കടയുടമ നല്‍കാറില്ല. ഈ മാസവും ഒമ്പതു കിലോ അരി നല്‍കണമെന്നിരിക്കെ പലര്‍ക്കും ആറ്, ഏഴ് കിലോ തോതിലാണ് നല്‍കിയത്. കഴിഞ്ഞദിവസം റേഷന്‍ വാങ്ങാനെത്തിയ രാജന്‍, സര്‍ക്കാര്‍ അനുവദിച്ച ഒമ്പതു കിലോ അരി നല്‍കണമെന്നു ആവശ്യപ്പെട്ടുവെങ്കിലും റേഷന്‍ കടയുടമ വഴങ്ങിയില്ല. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ ചിലര്‍ക്ക് ഒമ്പതു കിലോ അരി നല്‍കി. പുഞ്ചവയല്‍ റേഷന്‍ കടയുടെ കീഴില്‍ വരുന്ന നിരവധി ആദിവാസി കുടുംബങ്ങളുണ്ട്.
ഇവരെയെല്ലാം കടയുടമ വളരെ നാളായി പറ്റിക്കുകയാണെന്ന് ആരോപണമുണ്ട്. ഒരോ മാസവും കാര്‍ഡുടമകള്‍ക്കു എത്ര കിലോ അരിയും മറ്റു സാധനങ്ങളും ലഭ്യമാകുമെന്ന വിവരം റേഷന്‍ കടയുടമ കടയില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. പുഞ്ചവയല്‍ റേഷന്‍ കടയില്‍ തൊന്നും പാലിക്കുന്നില്ലെന്നും റേഷന്‍ കാര്‍ഡുടമകള്‍ പറയുന്നു.