കേരളം സമര്‍പ്പിച്ച തടസ്സ ഹരജി ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളിയത് വയനാടന്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക

Posted on: July 21, 2013 7:01 am | Last updated: July 21, 2013 at 7:01 am

മാനന്തവാടി: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ട് നടപ്പിലാക്കുന്നതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച തടസ്സ ഹരജി ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളിയത് വയനാടന്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. 
ജില്ലയിലെ 13 വില്ലേജുകളെ മാത്രം ഉള്‍പ്പെടുത്തി കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച ഭേദഗതി റിപ്പോര്‍ട്ടുപോലും ജില്ലയില്‍ വലിയതോതിലുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
ഈ സഹാചര്യത്തിലാണ് ജില്ലയെ പൂര്‍ണ്ണമായും പരിസ്ഥിതി സംവേദക മേഖലയിലുള്‍പ്പെടുത്തികൊണ്ടുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ടിനെ പിന്തുണച്ചുകൊണ്ട് ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി പ്രസ്താവിച്ചിരുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ടിനെതിരെ ഉന്നയിച്ച മുഴുവന്‍ വാദങ്ങളെയും തള്ളികളയുന്നതാണ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിയെന്നറിയുന്നു. ഇതുസംബന്ധിച്ച് കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കുന്നതല്ലാതെ മറ്റുപോംവഴികളില്ല.
ജില്ലയിലെ പേര്യ പ്രദേശം ഇതോടെ പ്രതിസന്ധിയിലാകുമെന്ന സ്ഥിതിയാണുള്ളതെന്ന് പേര്യ വില്ലേജ് മനുഷ്യാ സംരക്ഷണ സമിതി കണ്‍വീനര്‍ ബാബു ഷജില്‍ കുമാര്‍ പറഞ്ഞു.
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ട് തള്ളികളഞ്ഞുകൊണ്ട് കസ്തൂരി രംഗനെ ബദല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച കാര്യം ചൂണ്ടികാണിച്ചാണ് ഇത്രയും നാള്‍ ജനപ്രതിനിധികള്‍ ജനങ്ങളെ പറ്റിച്ചത്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ട് വെള്ളം ചേര്‍ത്ത് സമര്‍പ്പിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പോലും ഗ്രീന്‍ ട്രൈബ്യൂണല്‍ തയ്യാറായിട്ടില്ല.
രണ്ടുറിപ്പോര്‍ട്ടുകളും ഒരുകാരണവശാലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ മന്ത്രിയും എം.പിയും പുതിയ സാഹചര്യത്തില്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറഞ്ഞ് സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ബാബു ഷജില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ പ്രത്യേകമായി നോട്ടിഫൈ ചെയ്ത ബ്രഹ്മഗിരി, ബാണാസുരന്‍മല, മേപ്പാടി, നൂല്‍പ്പുഴ പ്രദേശങ്ങളില്‍ ജനജീവിതം തന്നെ അസാധ്യമാകുന്ന തീരുമാനങ്ങളായിരിക്കും മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ട് നടപ്പിലാക്കിയാലുണ്ടാവുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരുതുണ്ട് റവന്യൂഭൂമിപോലും ആദിവാസികളും ചെറുകിട കര്‍ഷകരും അടങ്ങിയ ആളുകള്‍ക്ക് പതിച്ചുനല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
ജില്ലയിലെ നിര്‍മ്മാണ മേഖലയെ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ട് ക്വാറികള്‍ അടച്ചുപൂട്ടും, റോഡുകളുടെ വികസനം, മലയോരമേഖലകളിലെ കൃഷി എന്നിവ തടസപ്പെടും. രാത്രി യാത്രാനിരോധനം കൂടുതല്‍ പ്രദേശങ്ങളില്‍ നടപ്പിലാക്കാന്‍ ഇതിടയാക്കും. സ്ഥല കൈമാറ്റത്തിനും, വിനോദസഞ്ചാര വികസനത്തിനും അണക്കെട്ടുകളുടെ നിര്‍മ്മാണത്തിനും ശക്തമായ നിയന്ത്രണങ്ങളുണ്ടാകും.
വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള പ്രോജക്ട് നടപ്പിലാക്കനിടയില്ല. വനപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഭൂമി തുച്ഛമായ വിലനല്‍കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകും.
പ്ലാന്റേഷന്‍ മേഖലയെ ഇ.എഫ്.എല്‍. ഏരിയകളായി പ്രഖ്യാപിക്കപ്പെടാനും, അവിടങ്ങളിലെ മരംമുറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും ഇതുമൂലം ഇടയാകും.