Connect with us

National

ബീഹാറിലെ ഉച്ച ഭക്ഷണ ദുരന്തം: കീടനാശിനി കലര്‍ന്നത് സ്ഥിരീകരിച്ചു

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ പ്രൈമറി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയേറ്റ് 23 കുട്ടികള്‍ മരിച്ചത് ഭക്ഷണത്തില്‍ കീടനാശിനി കലര്‍ന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. സ്‌കൂളില്‍ നിന്ന് ശേഖരിച്ച എണ്ണ, പ്ലേറ്റുകളില്‍ അവശേഷിച്ച ഭക്ഷണം, അരിയും പച്ചക്കറിയും ഇട്ട പാത്രം എന്നിവ പരിശോധിച്ചതില്‍ നിന്ന് മോണോക്രോട്ടോഫോസ് എന്ന കീടനാശിനി അടങ്ങിയതായി എ ഡി ജി പി രവീന്ദര്‍കുമാര്‍ പറഞ്ഞു. കൃഷിക്ക് ഉപയോഗിക്കുന്ന ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവന് ഭീഷണിയാണ്.
അതിനിടെ, സ്‌കൂള്‍ പ്രധാനാധ്യാപികയുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രിന്‍സിപ്പല്‍ മീനാ ദേവിയെ കണ്ടെത്താന്‍ ഇതുവരെ സാധിക്കാത്ത സാഹചര്യത്തിലാണ് സ്വത്ത് കണ്ടുകെട്ടുന്നതെന്ന് പോലീസ് സൂപ്രണ്ട് സുജിത് കുമാര്‍ പറഞ്ഞു. പ്രിന്‍സിപ്പലിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേട് വന്ന ഭക്ഷ്യ എണ്ണ ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ എണ്ണ ഉപയോഗിക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് ഉച്ചക്കഞ്ഞിയുണ്ടാക്കിയവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ബീഹാറിലെ സരണ്‍ ജില്ലയിലെ ഗന്ധാമന്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് ചൊവ്വാഴ്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. പിന്നീട് കഴിഞ്ഞ ദിവസം സ്‌കൂള്‍ തുറക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നുവെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ഉദ്യമം ഉപേക്ഷിക്കേണ്ടി വന്നു. സ്‌കൂള്‍ അടച്ചുപൂട്ടാനും ഇവിടുത്തെ കുട്ടികളെ തൊട്ടടുത്ത മിഡില്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കാനും തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ സ്‌കൂളുകളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ ഉച്ചക്കഞ്ഞി അടുക്കളകള്‍ സ്ഥാപിക്കുമെന്ന് ഉച്ചക്കഞ്ഞി പദ്ധതിയുടെ സംസ്ഥാന ഡയറക്ടര്‍ ആര്‍ ലക്ഷ്മണ്‍ പറഞ്ഞു.
ഭക്ഷണം പാകം ചെയ്യാന്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്‌കൂളുകളിലേക്കാവും കുട്ടികളെ മാറ്റുക. സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് രോഷാകുലരായ ഗ്രാമവാസികളുടെ നിലപാട്.

Latest