രണ്ട് പതിറ്റാണ്ടായി നിലച്ചില്ല, ആ വെടിയൊച്ച

  Posted on: July 20, 2013 2:21 am | Last updated: July 20, 2013 at 2:21 am
  Ramzan Story (Musthafa Bangalore)
  മുസ്തഫ

  മുഹ്തറാം ഹസ്‌റാത്ത് സഹ്‌രിക്കാ വഖ്ത് കതം ഹോനേ കേലിയേ… 30 മിനുട് ബാക്കിഹെ… ബംഗളൂര്‍ കലാശിപാളയത്തെ സിറ്റി മാര്‍ക്കറ്റിനുള്ളിലെ ഏക്ക്മിനാര്‍ മസ്ജിദില്‍ നിന്ന് മൈക്കിലൂടെ ഈ ശബ്ദം മുഴങ്ങുന്നതോടെയാണ് മുസ്തഫയും കൂട്ടുകാരും അത്താഴത്തിന് എഴുന്നേല്‍ക്കുന്നത്. പിന്നെ രാത്രി തയ്യാറാക്കി വെച്ച ഭക്ഷണം പെട്ടെന്ന് ചൂടാക്കിയെടുക്കും. കൂടെ കട്ടന്‍ ചായയും പഴവും. ഇതാണ് ഇവരുടെ അത്താഴ ഭക്ഷണം. കഴിച്ചു കൊണ്ടിരിക്കെ ആ ശബ്ദം ഒന്നുരണ്ടു തവണ വീണ്ടും ഉയരും. സുബ്ഹി ബാങ്കിന് പത്ത് മിനുട്ടും അഞ്ച് മിനുട്ടും സമയം അടുക്കുമ്പോഴാണ് വീണ്ടും ഈ അറിയിപ്പെത്തുന്നത്. അത്താഴം കഴിക്കാന്‍ ശേഷിക്കുന്നവരെ ഉണര്‍ത്തി കൊണ്ടാണ് സുബ്ഹി ബാങ്കിനുള്ള സമയം അടുത്തെന്ന ഈ അറിയിപ്പുയരുന്നത്. മുസ്തഫയുടെയും കൂട്ടുകാരുടെയും ഒരു ദിനം ഇവിടെ തുടങ്ങുകയായി. പിന്നെ പള്ളിയിലെത്തി സുബ്ഹി നിസ്‌കാരം, അല്‍പ്പം ഖുര്‍ആന്‍ പാരായണം. ശേഷം സിറ്റി മാര്‍ക്കറ്റിലേക്ക്.

  ഇരുപത് വര്‍ഷമായി കലാശിപാളയത്തെ സിറ്റി മാര്‍ക്കറ്റില്‍ മലപ്പുറം കൊളപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫ തേയില കച്ചവടം തുടങ്ങിയിട്ട്. നീണ്ട ഇരുപത് വര്‍ഷത്തിനിടക്ക് നോമ്പുരാവുകള്‍ ഏറെയും കലാശിപാളയത്തു തന്നെയാണ്. കച്ചവടത്തിന്റെ തിരക്കിനിടക്ക് ചിലപ്പോള്‍ കടയില്‍ വെച്ചാകും നോമ്പുതുറ. അല്ലെങ്കില്‍ പള്ളിയില്‍. സിറ്റി മാര്‍ക്കറ്റ് പരിസരത്തെ ഏക്ക് മിനാര്‍ മസ്ജിദ്, ബണ്ടിമോട്ട് മസ്ജിദ്, ജാമിഅ മസ്ജിദ്, ഖുറൈശി മസ്ജിദ്, തവക്കല്‍ മഖാം മസ്ജിദ്… ഇവിടെയെല്ലാം നോമ്പുതുറക്ക് സൗകര്യങ്ങളുണ്ട്. മഗ്‌രിബ് ബാങ്കിന് സമയമായാല്‍ മസ്ജിദ് പരിസരത്ത് നിന്ന് വെടിയൊച്ചയുയരും. സമയമായെന്ന അറിയിപ്പുമായി നോമ്പുകാലത്തെ ബംഗളരുവിലെ സായാഹ്നങ്ങളില്‍ വെടി ശബ്ദമുയരുന്നത് പതിവാണ്. സമയമായാല്‍ സിറ്റി മാര്‍ക്കറ്റില്‍ നിന്ന് ഏക്ക്മിനാര്‍ മസ്ജിദിലേക്ക് ഓടികൂടുന്നവരില്‍ നല്ലൊരു പങ്ക് മലയാളികളാണ്. മാര്‍ക്കറ്റില്‍ തുണി എടുക്കാന്‍ വന്നവരാണ് ഏറെയും. ഇവര്‍ക്കെല്ലാം ഇവിടെ ഭക്ഷണം കാണും. മസാലക്കഞ്ഞിയാണ് പ്രധാന വിഭവം. ശരീരത്തിനും മനസ്സിനും ഒരു പോലെ സുഖം പകരുന്നതാണ് പള്ളികളില്‍ വിളമ്പുന്ന മസാലക്കഞ്ഞി. സമൂസയില്ലാതെ ബംഗളൂരുവില്‍ ഇഫ്താര്‍ വിരുന്ന് കാണില്ല. എല്ലായിടത്തും ഇഷ്ടം പോലെ സമൂസ കാണും. വ്യാപാരികളും വ്യവസായികളുമായ സമ്പന്നരാണ് നോമ്പുതുറക്കാവശ്യമായ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് പണം മുടക്കുന്നത്.
  മലബാര്‍ മുസ്‌ലിം അസോസിയേഷന്റെ കീഴില്‍ ഇഫ്താറിനും അത്താഴത്തിനും സൗകര്യമൊരുക്കുന്നുണ്ട്. മര്‍കസ് ഹുദ മസ്ജിദിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ളുഹ്‌റിന് ശേഷവും തറാവീഹിന് ശേഷവും ഉത്‌ബോധന ക്ലാസുകളും നടക്കാറുണ്ട്. ഇഫ്താറിന് ഇവിടെയൊക്കെ മാറി മാറിയെത്തുന്നതാണ് മുസ്തഫയുടെ പതിവ്. സിറ്റി മാര്‍ക്കറ്റിനടുത്ത് ഒരു സുന്നി മസ്ജിദ് വേണം. സംഘടനാ രംഗത്ത് സജീവമായ മുസ്തഫയുടെയും കൂട്ടുകാരടെയും വലിയ ആഗ്രഹമാണിത്.