നേരിട്ടുള്ള വിദേശ നിക്ഷേപം: ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി

Posted on: July 20, 2013 12:49 am | Last updated: July 20, 2013 at 12:49 am

Manmohan_Singh_671088fന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരാനെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കരണത്തിന്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളും കൂടുതല്‍ ഉദാരമാക്കുമെന്നും റിസര്‍വ് ബേങ്ക് ഉടന്‍ പുതിയ ബേങ്ക് ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. പുതുതലമുറ പരിഷ്‌കരണങ്ങളുടെ ഗുണഫലങ്ങള്‍ ഈ വര്‍ഷം പകുതിയോടെ സാമ്പത്തിക വളര്‍ച്ചയില്‍ കണ്ടു തുടങ്ങുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതടക്കം 13 മേഖലകളില്‍ എഫ് ഡി എ പരിധി ഉയര്‍ത്തിയതിന് പിറകേയാണ് എഫ് ഡി ഐ വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏക ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പന, സിവില്‍ വ്യോമയാനം, ഊര്‍ജ കൈമാറ്റങ്ങള്‍ തുടങ്ങിയ മേഖലകളില്‍ എഫ് ഡി ഐ ഉദാരമാക്കിയിട്ടുണ്ട്. കൂടുതല്‍ എഫ് ഡി ഐ പരിഷ്‌കരണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ബേങ്ക് ലൈസന്‍സ് നയത്തിലും കാതലായ മാറ്റം വരുത്തും. പുതിയ ലൈസന്‍സുകള്‍ ഉടന്‍ നല്‍കും- ഇവിടെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മന്‍മോഹന്‍ സിംഗ് പറഞ്ഞു. പഞ്ചസാര ഉത്പദനത്തിലും വിപണനത്തിലും അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തു കളഞ്ഞിരിക്കുന്നു. ഒരു ദശകത്തിനിടെ ഇതാദ്യമായി റെയില്‍വേ കൂലി പുനഃപരിശോധിച്ചു. ഈ മാറ്റങ്ങളെല്ലാം ഗുണപരമായ ഫലങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ജനറല്‍ ആന്റി അവോയിഡന്‍സ് റൂള്‍(ജി എ എ ആര്‍) നടപ്പാക്കുന്നത് രണ്ട് വര്‍ഷത്തേക്ക് മാറ്റിവെച്ചാതായി പ്രധാനമന്ത്രി അറിയിച്ചു. ചട്ടങ്ങളില്‍ കുറേക്കൂടി വ്യക്തത വരുത്താന്‍ വേണ്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. മൗറീഷ്യസ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കൂട്ടിവെച്ച പണം വിദേശ നിക്ഷേപം എന്ന നിലക്ക് രാജ്യത്തെത്തിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് തടയുകയാണ് നിര്‍ദിഷ്ട ജി എ എ ആറിന്റെ ലക്ഷ്യം. ഇത് നടപ്പില്‍ വരുത്തുന്നതിനെതിരെ വ്യവസായ സമൂഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെങ്കിലും കയറ്റുമതി രംഗത്ത് ഇത് ഉണര്‍വുണ്ടാക്കും. ഈ ഉണര്‍വ് അളവില്‍ പ്രകടമാകാന്‍ വര്‍ഷങ്ങളെടുക്കും. ഇപ്പോള്‍ വലിയ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി രണ്ട് മാസമായി കയറ്റുമതി കുറഞ്ഞു വരികയാണ്. കറന്റ് അക്കൗണ്ട് കമ്മി കുറച്ചു കൊണ്ടുവരാന്‍ കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും വേണം.
സ്വര്‍ണം, പെട്രോളിയം ഇറക്കുമതി നിയന്ത്രിച്ചാല്‍ മാത്രമേ വ്യാപാര കമ്മി കുറക്കാനാകുകയുള്ളൂ. സ്വര്‍ണ ഉപഭോഗം നിയന്ത്രക്കാനായി സര്‍ക്കാര്‍ കൈക്കൊണ്ട് നടപടികള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നുവെന്നും മന്‍മോഹന്‍ സിംഗ് അവകാശപ്പെട്ടു.