Connect with us

Kerala

മന്ത്രിസഭാ പുനഃസംഘടന: തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുനഃസംഘടന വേണോ വേണ്ടയോ അത് എങ്ങനെയൊക്കെ വേണം എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വന്നാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കും. എന്നാല്‍, ഏത് വകുപ്പ് നല്‍കണമെന്ന കാര്യം പിന്നീട് തീരുമാനിക്കേണ്ടതാണ്. രമേശ് മന്ത്രിസഭയിലേക്ക് വരുന്നതിനെ താന്‍ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. രമേശിന് ആഭ്യന്തര വകുപ്പ് നല്‍കുമോയെന്ന ചോദ്യത്തിന് അദ്ദേഹം വരുന്നതിനെ സംബന്ധിച്ച് തീരുമാനം വന്നിട്ടല്ലേ വകുപ്പ് തീരുമാനിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പുനഃസംഘടനയുടെ കാര്യത്തില്‍ തീരുമാനം വൈകില്ല. സോളാര്‍ കേസില്‍ ടി സി മാത്യു തന്റെ പേഴ്‌സനല്‍ സ്റ്റാഫിനെതിരെ പരാതിയൊന്നും നല്‍കിയിട്ടില്ല. അദ്ദേഹം തന്നെ വന്ന് കണ്ട് പരാതി പറഞ്ഞപ്പോള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം തയ്യാറായില്ല. പിന്നീട് എഴുതിയ പരാതിയുമായി വന്നു. അതിന്മേല്‍ താന്‍ നടപടിയും സ്വീകരിച്ചു.
തന്റെ ഡല്‍ഹിയിലെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന തോമസ് കുരുവിള കോട്ടയത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ കുരുവിള എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതൊന്നും ന്യായീകരിക്കില്ല. ഇക്കാര്യത്തില്‍ ആര് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും നടപടിയുണ്ടാകും. തന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ രാജിവെച്ചത് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലല്ല. അദ്ദേഹത്തിന്റെ കുടുംബപരമായ കാര്യമാണ്. അദ്ദേഹം തന്നെ അത് വിശദീകരിച്ചിട്ടുണ്ട്.
ഈ മാസം 27ന് ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ച യോഗത്തില്‍ പങ്കെടുത്തതാണ്. ഹൈക്കമാന്‍ഡ് വിളിക്കുകയാണെങ്കില്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യു എന്‍ കാര്യാലയത്തിന്റെ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി എ കെ ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ ചാണ്ടി ഫോണില്‍ ചര്‍ച്ച നടത്തി.