Connect with us

Wayanad

സംസ്ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ കല്‍പ്പറ്റയില്‍

Published

|

Last Updated

കല്‍പറ്റ: വയനാട് ജില്ലാ ജൂഡോ അസോസിയേഷന്റെയും കേരള ജൂഡോ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 32ാമത് സംസ്ഥാന സബ്ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പ് ഇന്നും നാളെയുമായി കല്‍പ്പറ്റ എസ് കെ എം ജെ ജൂബിലി ഹാളില്‍ വെച്ച് നടക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും. 14 ജില്ലകളില്‍ നിന്നും ജില്ലാചാംപ്യന്‍ഷിപ്പില്‍ വിജയികളാകുന്നവരാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്. വയനാട് ജില്ലയില്‍ രണ്ടാംതവണയാണ് സംസ്ഥാനതല ജൂഡോ ചാംപ്യന്‍ഷിപ്പ് നടത്തുന്നത്. ഒരു ആയോധനകല എന്നതിലുപരി ഒരു ഒളിമ്പിക് വിനോദവും ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന സ്‌പോര്‍ട്‌സ് ഇനവുമാണ്.
ജൂഡോയില്‍ സംസ്ഥാന ദേശീയതലത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിജയികളാവുന്നവര്‍ക്കും ഗ്രേസ് മാര്‍ക്കിനും സ്‌പോര്‍ട്‌സ് ക്വാട്ട റിസര്‍വേഷനും അര്‍ഹതയുണ്ടായിരിക്കും. ജൂഡോയുടെ വളര്‍ച്ചക്കും പ്രചാരത്തിനുമായി ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ കേന്ദ്ര കായിക യുവജനകാര്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന അസോസിയേഷനുകളുടെ കീഴില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെ മുഴുവന്‍ ജില്ലകളിലും ജില്ലാ സെന്ററുകള്‍ അനുവദിക്കുകയും ഒരു സെന്ററില്‍ 30 കുട്ടികളെ വീതം ഉള്‍പ്പെടുത്തി സൗജന്യപരിശീലനം നല്‍കിവരികയും ചെയ്യുന്നുണ്ട്. 21ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനം മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൂപ്പി കല്ലങ്കോടന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. എം സി എം ജമാല്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. വി പി യൂസഫ്, രഞ്ജിനി മേനോന്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഗിരീഷ് പെരുന്തട്ട എന്നിവര്‍ പങ്കെടുത്തു.

 

 

Latest