നാടോടി ബാലിക പീഡനത്തിരയായ സംഭവം; വിചാരണ അടുത്ത മാസം 20ന്

Posted on: July 20, 2013 12:25 am | Last updated: July 20, 2013 at 12:25 am

മഞ്ചേരി: തിരൂരില്‍ മൂന്നു വയസായ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിന്റെ വിചാരണ അടുത്തമാസം 20ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കും. പരപ്പനങ്ങാടി ചിറമംഗലം കാഞ്ഞിരക്കണ്ടി മുഹമ്മദ് ജസീം എന്ന ജാസിക് (22) ആണ് പ്രതി. 2013 മാര്‍ച്ച് അഞ്ചിന് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം.
തിരൂര്‍ തൃക്കണ്ടിയൂര്‍ മഹിളാസമാജം മന്ദിരത്തിനു സമീപത്തായിരുന്നു സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവം. കേസില്‍ 48 സാക്ഷികളുണ്ട്. പ്രതി റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ ആറ് മാസം ജയില്‍ശിക്ഷയനുഭവിച്ചയാളാണ്. കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളിലും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജാസിം. ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ബഞ്ചില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടനെ നിയമിച്ച് കേസിന്റെ വിചാരണ നടത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും ഓഗസ്റ്റ് 20 മുതല്‍ 24 വരെ മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി പി കെ ഹനീഫ മുമ്പാകെ വിചാരണ നടത്താന്‍ നടപടിയായിട്ടുണ്ട്.