സോളാര്‍: പൊള്ളത്തരങ്ങളും കള്ളപ്പണവും

Posted on: July 20, 2013 12:24 am | Last updated: July 20, 2013 at 12:24 am

solar panel‘ഈ കപടലോകത്തില്‍ ആത്മാര്‍ഥമായൊരു ഹൃദയം ഉണ്ടായതാണെന്‍ പരാജയം’ എന്ന് ചങ്ങമ്പുഴ. ‘കപട ലോകത്തില്‍ എന്നുടെ കാപട്യം സകലരും കാണ്മതാണെന്‍ പരാജയം’ എന്ന് കുഞ്ഞുണ്ണി മാഷ്.’ ഈ കാവ്യശകലങ്ങളില്‍ ഏതായിരിക്കും നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ചേരുന്നതെന്ന കാര്യം സിറാജ് വായനക്കാരുടെ തീരുമാനത്തിന് വിടുന്നു.
ഗാന്ധിജിയോട് ഒരിക്കല്‍ സരോജിനി നായിഡു പറയുകയുണ്ടായി: ‘അങ്ങയെ ഇങ്ങനെ ബഹുജനദൃഷ്ടിയില്‍ ഒരു ദരിദ്രനേതാവായി കൊണ്ടുനടക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്തുമാത്രം പണം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്ന് അങ്ങേക്കറിയാമോ?’ വസ്ത്രധാരണത്തില്‍ മാത്രമല്ല ഭക്ഷണ കാര്യത്തിലും ശുദ്ധമായ ഇന്ത്യന്‍ ശീലങ്ങള്‍ മാത്രം അനുവര്‍ത്തിച്ചിരുന്ന ഗാന്ധിജിക്ക് ശുദ്ധമായ ആട്ടിന്‍ പാല്‍ കുടിക്കാന്‍ അദ്ദേഹം പോകുന്ന വഴിക്കൊക്കെ കറവുള്ള ആടുകളെ പോലും തീവണ്ടിയില്‍ കയറ്റി അനുയായികള്‍ കൊണ്ടുനടക്കുന്നത് കണ്ടിട്ടാണ് സരോജിനി നായിഡു ഇപ്രകാരം ഒരു തമാശ കലര്‍ന്ന ചോദ്യം രാഷ്ട്രപിതാവിനോട് ചോദിച്ചത്. ഇത്തരം ചില ചെലവേറിയ ലാളിത്യപ്രകടനങ്ങള്‍ക്ക് പേരുകേട്ട പല ഉത്തരേന്ത്യന്‍ നേതാക്കളുടെയും ഭ്രാന്തുകളെക്കുറിച്ചു നമ്മള്‍ വായിച്ചിട്ടുണ്ട്. രാജ്‌നാരായണനും ദേവിലാലും ചൗട്ടാലയും ലാലുവുമൊക്കെ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നിന്നു കൂറ്റന്‍ കറവപ്പശുക്കളെ കൊണ്ടു വന്നു ഡല്‍ഹിിയിലെ മന്ത്രിമന്ദിരങ്ങളോടനുബന്ധിച്ചുള്ള എയര്‍ കണ്ടീഷന്‍ തൊഴുത്തുകളില്‍ കെട്ടിയിട്ട് ബീഹാറില്‍ നിന്നും യു പിയില്‍ നിന്നുമൊക്കെ മിലിട്ടറി ട്രക്കുകളില്‍ തീറ്റപ്പുല്ല് കൊണ്ടുവന്നു പശുക്കളെ പോറ്റിയിരുന്നതും ഡല്‍ഹിയിലെ വി ഐ പി കോളനികളിലാകെ ചാണക ഗന്ധം പരത്തിയിരുന്നതും സമീപകാല സംഭവങ്ങളാണ്. പ്രകടനാത്മക ലളിതജീവിതത്തിന്റെ ഈ ഭ്രാന്ത് ഇത്രക്കങ്ങോട്ട് പോയിട്ടില്ലെങ്കിലും അതിന്റെയടുത്തുവരെ എത്തിയ നേതാക്കളായിരുന്നു എ കെ ആന്റണിയും അദ്ദേഹത്തിന്റെ അരുമ അനുയായി ഉമ്മന്‍ ചാണ്ടിയും.
വിദേശവസ്തുക്കള്‍ ബഹിഷ്‌കരിക്കുക എന്നത് വിദേശികള്‍ക്കെതിരായ ഒരു സമരമാര്‍ഗമായിരുന്നു ഗാന്ധിജിക്ക്. ഗാന്ധിജിയുടെ ലളിത ജീവിതം ജനങ്ങള്‍ക്കുള്ള ഒരു സന്ദേശമായിരുന്നു. വിദേശ ഉത്പന്നങ്ങള്‍ സ്വദേശ ഉത്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലക്ക് ലഭ്യമായി തുടങ്ങിയ നമ്മുടെ ഈ കാലത്തും സ്വദേശിപ്രേമത്തിന്റെ അടയാളമായി ഖദര്‍ ധരിക്കുകയും വിദേശ കാറുകളില്‍ അതിവേഗം ബഹുദൂരം സഞ്ചരിക്കുകയും ത്രിവര്‍ണ പതാക കഴുത്തില്‍ ഷാളായി അണിയുകയും വിയര്‍പ്പൊപ്പുകയും മഴ നനയാതിരിക്കാനായി തലയില്‍ കെട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസിലെ പുതിയ തലമുറ എന്ത് സന്ദേശമാണ് നല്‍കുന്നത്? കഴിഞ്ഞ ദിവസം എ ഐ വൈ എഫുകാരിയെ വടികൊണ്ടു പട്ടിയെ തല്ലുന്നതുപോലെ തല്ലുന്നതിന്റെ ചിത്രം ടി വിയില്‍ കാണുകയുണ്ടായല്ലോ. പ്രതിപക്ഷ സമരത്തെ നേരിടുന്നതിന് തിരുവഞ്ചൂരിന്റെ പോലീസിനെ സഹായിക്കാന്‍ ഇറക്കുമതി ചെയ്ത ഈ പുതുപ്പള്ളിപ്പടയുടെ ശിരോവസ്ത്രം കോണ്‍ഗ്രസ് പതാകയായിരുന്നു.
ഒരു ഘട്ടത്തില്‍ ആദര്‍ശങ്ങളായിരുന്നവ പ്രതീകങ്ങളാക്കപ്പെടുന്നു. പ്രതീകങ്ങള്‍ വിഗ്രഹവത്കരിപ്പെടുന്നു. അതോടെ ആദര്‍ശങ്ങള്‍ എടുക്കാത്ത നാണയങ്ങള്‍ പോലെ പുരാവസ്തു ശേഖരണത്തിന്റെ ഭാഗമാകുന്നു. കുരിശും ചന്ദ്രക്കലയും കാവിയും രുദ്രാക്ഷവും മാത്രമല്ല മൂവര്‍ണക്കൊടിയും അശോകചക്രവും ഇങ്ങനെ വിഗ്രഹവത്കരിക്കപ്പെട്ടു. അപ്പോഴാണ് ആ സ്ഥാനത്തേക്കു ചില വ്യക്തികള്‍ ഉയര്‍ന്നുവരുന്നത്. അവര്‍ക്ക് ചുറ്റും സ്തുതിപാഠകരുടെ ഒരു പട തന്നെ രൂപപ്പെടുന്നു. പിന്നീടങ്ങോട്ട് തങ്ങള്‍ ജീവിക്കുന്നതു തന്നെ അവര്‍ക്കു വേണ്ടിയാണെന്ന ധാരണാപത്രം നേതാക്കളും അനുയായികളും ഒപ്പിട്ട് പരസ്പരം കൈമാറുന്നു. ഇങ്ങനെ കേരള രാഷ്ട്രീയത്തില്‍ വിഗ്രഹവതകരിക്കപ്പെട്ട ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി എന്ന് പറയുമ്പോള്‍ ഈ ജനുസ്സില്‍ പെട്ട വേറെ നേതാക്കള്‍ ഇല്ലെന്നര്‍ഥമാക്കേണ്ടതില്ല. ഇവരുടെ ചില മുഖംമൂടികളാണ് മാധ്യമ ഇടപെടലുകളിലൂടെ ഈയിടെ അഴിഞ്ഞുവീണത്. ഇതേത്തുടര്‍ന്ന്, മാധ്യമ പ്രവര്‍ത്തകരുടെ ജാതിയും മതവും ജാതകവും ഒക്കെ അന്വേഷിച്ചു കണ്ടുപിടിച്ച് തന്റേതല്ലാത്ത മറ്റെല്ലാ സമുദായങ്ങളേയും ശത്രുക്കളായി കണ്ടുകൊണ്ടുള്ള ഒരു തരം അപകടകരമായ ദുഷ്പ്രചാരണങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്നുണ്ട്. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ശാലു മേനോന്റെയും മാത്രമല്ല ഉമ്മന്‍ ചാണ്ടിക്കെതിരെ 164 ാം വകുപ്പുപ്രകാരം മൊഴി നല്‍കിയ ശ്രീധരന്‍ നായരുടെയും സമുദായ വേരുകള്‍ കണ്ടെത്തി, ക്രിസ്ത്യാനിയെ മുഖ്യമന്ത്രിപദത്തില്‍ നിന്നിറക്കി പകരം നായരെ പ്രതിഷ്ഠിക്കാനുള്ള നായര്‍ ഗുഢാലോചനയാണ് സോളാര്‍ വിവാദത്തിന്റെ പിന്നിലെന്നാണ് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. ഇവരുടെ വായ അടപ്പിക്കാന്‍ പാകത്തിലാണ് തിരുവനന്തപുരം സ്വദേശിയായ ടി സി മാത്യു എന്ന വ്യവസായി ഒന്നേകാല്‍ കോടിയുടെ നഷ്ടക്കണക്കുമായി രംഗത്തുവന്നത്.
പള്ളിബന്ധത്തിന്റെ പേരില്‍ ഏതു സമയവും മുഖ്യമന്തിയുടെ വീട്ടിലേക്ക് അനുവാദം വാങ്ങാതെ പോലും കടന്നുചെല്ലാനും അദ്ദേഹത്തിന്റെ ഭാര്യയുടെ കൈയില്‍ നിന്നും കാപ്പിയോ ചായയോ ഒക്കെ യഥേഷ്ടം വാങ്ങിക്കഴിക്കാനും ഏതു പരാതിയും പറയാനും സ്വാതന്ത്ര്യമുള്ള, മുഖ്യമന്ത്രിയുടെ അതേ സമുദായക്കാരനായ ടി സി മാത്യു പറയുന്നു: ‘മുഖ്യമന്ത്രിയെ പണയം നല്‍കി സരിത എസ് നായര്‍ എന്ന ലക്ഷ്മി മേനോന്‍ തന്നില്‍ നിന്നും ഒന്നേകാല്‍ കോടി അപഹരിച്ചെന്ന്.
ഈ മഹതിയുടെ പടം നോക്കിയിട്ട് മുഖ്യമന്ത്രിയും ഭാര്യയും ഈ പെണ്‍കൊടിയെ കണ്ടിട്ടുപോലുമില്ലെന്ന് പറഞ്ഞുവത്രെ! ഈ സംഭവത്തിന്റെ തൊട്ടു പിറ്റെ ദിവസം അതായത് കഴിഞ്ഞ ഈസ്റ്റര്‍ നാളില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കൂടി സന്നിഹിതയായിരുന്ന പള്ളിയില്‍ വിശുദ്ധ കുര്‍ബാന കണ്ടുകൊണ്ടിരുന്ന ടി സി മാത്യുവിനെ സരിത ഫോണില്‍ വിളിച്ചു തെറിയഭിഷേകം ചെയ്തു എന്നും മാത്യു പറയുന്നു. ഈസ്റ്റര്‍ ആശംസ പറയാന്‍ മുഖ്യമന്ത്രിയെ ഫോണില്‍ നേരിട്ട് വിളിച്ചപ്പോള്‍ മുഖ്യമന്ത്രി സരിതയോട് പറഞ്ഞുവത്രെ, ടി സി മാത്യു തന്നെ വന്നുകണ്ട കാര്യം. ഇത് സത്യമാണെങ്കില്‍ ‘ബഹുജനസമ്പര്‍ക്കത്തിന്റെ പേരില്‍ മികച്ച രാഷ്ട്രീയ നേതാവിനുള്ള അവാര്‍ഡ് വാങ്ങിച്ച’ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം കുറെ കടന്നുപോയി എന്നാരും പറഞ്ഞുപോകും. രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ച് ഹാപ്പി ഈസ്റ്ററും ഹാപ്പി ക്രിസ്തുമസും പറയുന്ന സകലര്‍ക്കും മറുപടി പറയാന്‍ മാത്രമുള്ള സമയം ഈ അതിവേഗ, ബഹുദൂര ഭരണാധികാരിക്കുണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കിയിരുന്നതിലും കുറെക്കൂടി വല്ല്യ വല്ല്യ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ബഹുമാനിക്കാന്‍ ഐക്യരാഷ്ട്ര സമിതിയോടു ശിപാര്‍ശ ചെയ്യാന്‍ ആ ശശി തരൂരോ മറ്റോ എത്രയും വേഗം മുന്നോട്ട് വരണം.
ബഹുജനം കഴുതയാണെന്നും അവരെന്നും ഒരാള്‍ക്കൂട്ടമായി പിന്നാലെ കൂടിക്കൊള്ളുമെന്നുമുള്ള ധാരണ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഗോവണിപ്പടികള്‍ കയറിക്കൊണ്ടിരുന്ന മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു തെമ്മാടിയുടെ ഒടുവിലത്തെ അഭയസ്ഥാനമാണ് രാഷ്ട്രീയമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് ബേക്കന്‍ പറഞ്ഞത്. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയിലെ നാലാം എസ്റ്റേറ്റായ മാധ്യമങ്ങളും അധികാര രാഷ്ട്രീയത്തോട് താത്പര്യം ഇല്ലാത്ത നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും തുറന്ന് പിടിച്ച കണ്ണുകളും ആര്‍ക്കും പണയപ്പെടുത്താത്ത ബുദ്ധിയും ആയി ഉണര്‍ന്നിരിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നവര്‍ (ഇൃീംമീഹ ുൗഹഹലൃ)െ എന്ന അപരാഭിധാനത്താല്‍ പ്രകീര്‍ത്തിതരായവരുടെ പല മുഖം മൂടികളും പിച്ചിചീന്തപ്പെട്ടു എന്നു വരും.
കേരള മുഖ്യമന്ത്രി ഇത്തരം ഒരു ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നതെന്നു സംശയിക്കേണ്ടതുണ്ട്. ഒരു ദുരന്തനായകന്റെ റോളിലാണ് അദ്ദേഹം ഇപ്പോള്‍. ദുരന്തനായകന്മാര്‍ രണ്ട് വിധമുണ്ട്; ഗ്രീക്ക് നാടകത്തിലെ ദുരന്തനായകന്മാര്‍ക്കു മേല്‍ പതിക്കുന്ന ദുരന്തം വിധിവിഹിതമാണ്. അവര്‍ക്കതില്‍ കാര്യമായ പങ്കൊന്നും കണ്ടെന്നുവരില്ല. എന്നാല്‍ ഷെയ്ക്‌സ്പിയര്‍ നാടകത്തിലെ ദുരന്തനായകന്മാരുടെ പതനം അവരുടെ സ്വഭാവത്തില്‍ അവരറിയാതെ മറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു ചെറിയ ദൗര്‍ബല്യം വളര്‍ന്നു വലുതാകുന്നതില്‍ നിന്നു സംഭവിക്കുന്നതാണ്. ഉമ്മന്‍ ചാണ്ടി രണ്ടാമതു പറഞ്ഞ വിഭാഗത്തിലാണ് പെടുന്നത്. അദ്ദേഹത്തിന്റെ പതനത്തിന് കാരണമായ ചെറിയ ദൗര്‍ബല്യം കോണ്‍ഗ്രസിലെ മൂന്നാം തലമുറ നേതാക്കളില്‍ പൊതുവായി കാണുന്ന ഒന്നായതിനാല്‍ അദ്ദേഹത്തെ മാത്രം തിരഞ്ഞു പിടിച്ചു കുറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. ഈ കൂട്ടര്‍ ആവിഷ്‌കരിച്ച ചില രാഷ്ട്രീയ ശൈലികള്‍ ഒരു പകര്‍ച്ചവ്യാധിപോലെ എത്ര പെട്ടെന്നാണ് കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് പോലും പടര്‍ന്നു പിടിച്ചത്.
എപ്പോഴും ഒരാള്‍ക്കൂട്ടം ഒപ്പമുണ്ടാകണമെന്ന ആഗ്രഹം. ആള്‍ക്കൂട്ടത്തെ ജനക്കൂട്ടമായി തെറ്റിദ്ധരിച്ച് ഭ്രമിച്ചു പോകുക. തിക്കിതിരക്കി കൂടുതല്‍ അടുത്തുകൂടി സ്തുതിഗീതങ്ങള്‍ പാടുന്നവരെ കണ്ണടച്ച് വിശ്വസിക്കുക. ആരോടും ‘നോ’ പറയാതെ എല്ലാവരേയും ഒരേസമയം സുഖിപ്പിക്കാന്‍ ശ്രമിക്കുക. ഇതൊക്കെ ഇന്ന് പരക്കെ അംഗീകാരം നേടിയ പൊതുപ്രവര്‍ത്തനമായി കണക്കാക്കി കഴിഞ്ഞു. പോയ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ മുഖ്യന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ പെട്ട ഏഴ് പേര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. കേവലം അഞ്ച് വര്‍ഷത്തെ തുച്ഛമായ ശമ്പളം കൊണ്ടു മാത്രം ഇവര്‍ എങ്ങനെ കോടികളുടെ ആസ്തിയുള്ളവരായി എന്ന കാര്യം ശ്രദ്ധിക്കാതെ പോകുന്നു.
സോളാര്‍ വിവാദത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളില്‍ സരിതക്കും ശാലു മേനോനും ഒക്കെ ജയിലില്‍ കിട്ടുന്ന വി ഐ പി പരിഗണനയും അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ദുര്‍ബലമായ വകുപ്പുകളും ശ്രദ്ധേയമാണ്. സ്വന്തം മുതല്‍മുടക്കൊന്നും കൂടാതെ ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ ചിലര്‍ക്കൊക്കെ കോടികള്‍ അപഹരിക്കാന്‍ പാകത്തില്‍ ഇത്തരം തട്ടിപ്പു സംഘത്തിന് പിന്നില്‍ ക്യൂ നില്‍ക്കാന്‍ തയ്യാറുള്ള കോടീശ്വരന്മാര്‍ എത്ര പേരാണ് ഇവിടെ ഉള്ളത് എന്നൊരു കണക്കെടുക്കുന്നത് നന്നായിരിക്കും.
ഇവര്‍ക്കിങ്ങനെ കോടികള്‍ കൊയ്യാന്‍ അതെല്ലാം കാലാകാലം പതിന്മടങ്ങായി വര്‍ധിപ്പിക്കാനും പാകത്തിലുള്ള ഒരു സമ്പദ്‌വ്യവസ്ഥ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു. കള്ളപ്പണത്തെ മാമോദീസ മുക്കി വെള്ളപ്പണമാക്കാന്‍ കെല്‍പ്പുള്ള ഇത്തരം സരിത, ബിജു, ശാലുമാരെ നമ്മുടെ വ്യവസ്ഥ കയറൂരി വിട്ടിരിക്കുന്നു. ഇതില്‍ ഒരു പങ്ക് കൈപ്പറ്റാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യഗ്രതയാണ് ഇടക്കിടെ ഇങ്ങനെ ചില അമിട്ടുകള്‍ പൊട്ടാന്‍ കാരണം. ഒരു സരിതയെയോ ഒരു ബിജുവിനെയോ ഒരു ശാലുവിനെയോ ഒരു ജോപ്പനേയോ എന്തിന് ഇവരുടെ ഒക്കെ രക്ഷാധികാരികളായി അറിയാതെയോ അറിഞ്ഞോ പ്രവര്‍ത്തിക്കേണ്ടിവരുന്ന ഉമ്മന്‍ ചാണ്ടി തിരുവഞ്ചൂര്‍മാരേയോ ക്രൂശിച്ചതുകൊണ്ട് അവസാനിക്കുന്നതല്ല കള്ളപ്പണത്തിന്റെ ഈ തേരോട്ടം.
കള്ളപ്പണത്തിന്റെ ഈ ഒളിച്ചുകളി നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിപത്ത് ചില്ലറയല്ല. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റ് പോലെ ഉയരുകയാണ്. നോമ്പ് മുറിക്കാന്‍ കിലോക്ക് പതിനഞ്ച് രൂപയുടെ കാരക്ക തേടി നടക്കുന്ന പാവം മുസല്‍മാന്റെ മുമ്പില്‍ കിലോക്ക് 1400 രൂപ വിലയുള്ള ഈത്തപ്പഴത്തിന്റെ രുചി വര്‍ണിക്കുന്ന വ്യാപാരികളെക്കൊണ്ട് നമ്മുടെ വാണിഭ കേന്ദ്രങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. മാര്‍ക്കറ്റില്‍ ലഭ്യമായ ഏത് സാധനവും എന്തു വില കൊടുത്തും വാങ്ങാന്‍ ശേഷിയുള്ള ഒരു ന്യൂനപക്ഷവും അവരുടെ പരിഹാസത്തിന് വിഷയമായ തരത്തില്‍ അത്യാവശ്യ സാധനങ്ങള്‍ പോലും വാങ്ങാന്‍ ശേഷിയില്ലാത്ത ഭൂരിപക്ഷവും എന്ന നിലയില്‍ നമ്മുടെ സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു.
മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പോകുന്നു എന്നാണ് അഭ്യൂഹം. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ആ എന്‍ എസ് എസ് നായന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി എങ്കിലും അങ്ങനെ ചില നാടകങ്ങള്‍ അനിവാര്യമാണ്. കഴിവ് തെളിയിച്ചവര്‍ എന്ന നിലയില്‍ സരിത എസ് നായരെ തന്നെ ഭരണ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഗൗരവമായി പരിഗണിക്കാവുന്നതാണ്. പോലീസ് വകുപ്പ് ബിജു രാധാകൃഷ്ണനും സാംസ്‌കാരിക വകുപ്പ് ശാലു മേനോനും നല്‍കാം. മുന്‍ പി ആര്‍ ഡി ഡയറക്ടര്‍ ആ ഫിറോസിനും എന്തെങ്കിലും ഒരു വകുപ്പ് നല്‍കാം. ജോപ്പന്‍, സലീം രാജ് തുടങ്ങിയ മുഴുവന്‍സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എന്തെങ്കിലും ചില വകുപ്പുകള്‍ നല്‍കാവുന്നതാണ്. അതോടെ കേരളത്തിലെ മന്ത്രിസഭയുടെ പ്രതിച്ഛായ മാത്രമല്ല മുഖച്ഛായയും കുറേക്കൂടി മെച്ചപ്പെടും.
മന്ത്രിസഭയില്‍ ഭൂരിപക്ഷസമുദായങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന സുകുമാരന്‍ നായരുടെ പരാതിക്കും പരിഹാരം ആയേക്കും.

 

ഫോണ്‍-9446268581