നടി കോക്പിറ്റില്‍; രണ്ട് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: July 19, 2013 7:06 am | Last updated: July 19, 2013 at 8:07 am

actress nithya menonന്യൂഡല്‍ഹി: നടി നിത്യാമേനോനെ കോക്പിറ്റില്‍ ഇരുത്തി വിമാനം പറത്തിയ സംഭവത്തില്‍ രണ്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. പൈലറ്റുമാരായ ജഗന്‍ എം റെഡ്ഡി, എസ് കിരണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിടുകയും ചെയ്തു. വ്യോമയാന മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യാ മാനേജ്‌മെന്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ആഭ്യന്തര ഫ്‌ളൈറ്റില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. യാത്രാമധ്യേ കോക്പിറ്റിലെത്തിയ നടി നിത്യാമേനോന് അവിടെയിരിക്കാന്‍ പൈലറ്റുമാര്‍ അനുവദിക്കുകയായിരുന്നു. ഡി ജി സി എ നിയോഗിക്കുന്ന നിരീക്ഷകര്‍ക്കുള്ള സീറ്റിലാണ് നടി ഇരുന്നിരുന്നത്. ഇതുസംബന്ധിച്ച് ഒരു യാത്രക്കാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷമാണു വിമാനത്തിന്റെ കോക്ക്പിറ്റിലേക്കു യാത്രക്കാര്‍ക്കു പ്രവേശനം വിലക്കിയത്.