Connect with us

Articles

ഒരു രാജ്യം; രണ്ട് നീതി

Published

|

Last Updated

“ഒരു രാജ്യം; രണ്ട് നീതി” എന്ന സാമൂഹിക വ്യവസ്ഥ ഒരിക്കലും ജനാധിപത്യ സമൂഹത്തിന്റെ ഭാഗമല്ല. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ മുഖമുദ്രയാണത്. എങ്കിലും ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ പുകഴ് പെറ്റ ഇന്ത്യയില്‍, നീതിപീഠവും ഭരണസംവിധാനങ്ങളും ഇന്ത്യന്‍ ജനതയെ രണ്ട് നീതിയുടെ തുലാസുകളിലാണ് സമീപിക്കുന്നതെന്ന് അതിന്റെ പഴയകാല ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനത്തിലേറെ വരുന്ന മുസ്‌ലിം ജനവിഭാഗത്തെ പാശ്ചാത്യ സമൂഹം തരംതിരിച്ചതുപോലെ, ഇന്ത്യയും ഭീകരവാദികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏതെങ്കിലും ഭാഗത്ത് ചെറുതോ വലുതോ ആയ ഒരു സ്‌ഫോടനം സംഭവിച്ചാല്‍ മുന്‍പിന്‍ ചിന്തിക്കാതെ, അതിന്റെ ഉത്തരവാദം മുഴുക്കെ മുസ്‌ലിം ചെറുപ്പക്കാരുടെ തലയില്‍ കെട്ടിവെക്കുകയും യാതൊരു വിചാരണയും കൂടാതെ തുറുങ്കിലടക്കുകയും ചെയ്യുന്ന രീതിയും ഇവിടെ തുടര്‍ന്നുവരികയാണ്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും അനുവര്‍ത്തിച്ചുവരുന്ന ഒരു നയസമീപനത്തിന്റെ പിന്‍തുടര്‍ച്ചയാണ് ഇന്ത്യയും സ്വീകരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഫെബ്രുവരി മാസം ഹൈദരാബാദിലുണ്ടായ സ്‌ഫോടനത്തെ മുസ്‌ലിം ഭീകരതയുമായി കൂട്ടിയിണക്കിയത്. അതിന് പോലീസ് നല്‍കുന്ന ഭാഷ്യം, ഇന്ത്യന്‍ മുജാഹിദീനിന്റെ സ്ഥാപകന്‍ റിയാസ് ഭട്കലാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനെന്നും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഇംറാന്‍ സംഭവ സ്ഥലം മുമ്പ് നിരീക്ഷണവിധേയമാക്കിയിരുന്നുവെന്നുമാണ്.
ഈ സംഭവം നടന്ന് ഒരാഴ്ച പോലും കഴിഞ്ഞില്ല, തീവ്രവാദിയെന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്ത പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ സിദ്ദീഖിനെയും ഡി ആര്‍ ഒ ശാസ്ത്രജ്ഞന്‍ ഇജാസിനെയും ആറ് മാസത്തെ കാരാഗൃഹവാസാനന്തരം കുറ്റമോചിതരാക്കുകയുണ്ടായി. ഈ യുവാക്കള്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ കുറ്റസമ്മതം നമ്മുടെ മാധ്യമങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും തോന്നിയില്ല. ഈ യുവാക്കളുടെ അറസ്റ്റിന് കൊടുത്ത വാര്‍ത്താപ്രാധാന്യത്തിന്റെ നൂറിലൊരംശം പോലും വന്നില്ല അത്. നിരപരാധികളായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടതിനും ആറ് മാസത്തെ കാരാഗൃഹവാസത്തിനും ആര് എത്ര പ്രതിഫലം നല്‍കും? അതിന് ഏത് കോടതിയാണ് പരിഹാരം കാണുക?
ഇന്ത്യയില്‍ അരങ്ങേറിയ പ്രധാനപ്പെട്ട ഒട്ടുമിക്ക സ്‌ഫോടന പരമ്പരകള്‍ക്കു പിന്നിലും മുസ്‌ലിം യുവാക്കളല്ല; മറിച്ച് ഹിന്ദുത്വ തീവ്രവാദികളാണെന്ന വസ്തുത തെളിയിക്കപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. പക്ഷേ, ഈ കാര്യം ആര്‍ജവത്തോടെ ഇന്ത്യന്‍ സമൂഹത്തോട് വിളിച്ചുപറയാന്‍ ത്രാണിയുള്ള രാഷ്ട്രീയ പക്ഷം ഏതാണുള്ളത്? കാവി തീവ്രവാദത്തെ സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനക്കെതിരെ ബി ജെ പി രംഗത്തുവന്നതും തുടര്‍ന്ന് അദ്ദേഹം പ്രസ്താവന പിന്‍വലിച്ചതും നാം കണ്ടു. ഇത്തരുണത്തില്‍ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ നിരപരാധികളായി കഴിയുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ ജീവിതം ഹോമിക്കപ്പെടുന്നതിന് ആരുണ്ട് ക്ഷമാപണം നടത്താന്‍? മലയാളിയായ മഅ്ദനി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനഹാനിയും ശീരീരികപീഡനവും എത്ര കാലമായി തുടരുന്നു? മുസ്‌ലിം പേര് ഉണ്ടായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ പീഡിപ്പിക്കപ്പെടുന്ന യുവത്വത്തിന്റെ പെരുപ്പം ഇന്ത്യയില്‍ ചില്ലറയല്ല. അമേരിക്കയിലും ബ്രിട്ടനിലും മുസ്‌ലിം എന്ന പേര് കണ്ടാല്‍ എയര്‍പോര്‍ട്ടില്‍ സംഭവിക്കുന്ന ചോദ്യം ചെയ്യലും തടഞ്ഞുവെക്കലും ഇതുമായി കൂട്ടിവായിക്കുമ്പോഴാണ് ചിത്രം പൂര്‍ണമാകുക. ഇന്ത്യയിലെ പ്രസിദ്ധരായ പല വ്യക്തികള്‍ക്കുമാണ് ഈ ഗതികേടെങ്കില്‍ മറ്റുള്ള സാധാരണക്കാരുടെ നില എത്ര പരിതാപകമായിരിക്കും?
ഒരാള്‍ തന്റെ വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന തലപ്പാവ്, താടി തുടങ്ങിയവയെല്ലാം ചോദ്യം ചെയ്യപ്പെടുന്ന തികച്ചും ഭീകരമായ ഒരു അവസ്ഥ വിദേശങ്ങളില്‍ മാത്രമല്ല ഇന്ത്യയിലുമിന്ന് വേരുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്രമാനന്തരം ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുസ്‌ലിം ചെറുപ്പക്കാരെ പിടിച്ചു തുറുങ്കിലടക്കുക എന്ന രീതി ഭരണകൂടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമല്ല, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടികൂടിയാണ്. ഈ കാര്യങ്ങളില്‍ ന്യായാസനങ്ങള്‍ പിന്തുടരുന്ന സമീപനവും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. രാജ്യത്ത് നടക്കുന്ന അഴിമതി, സ്വജനപക്ഷപാതം, സ്ത്രീപീഡനം, രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍വത്കരണം എന്നിവയിലെല്ലാം കോടതി ഇടപെടുമ്പോള്‍ ഇത്തരമൊരു സംശയം നിലനില്‍ക്കുക തന്നെ ചെയ്യും. ചിലപ്പോള്‍ ഊഹാപോഹങ്ങള്‍, മറ്റു ചിലപ്പോള്‍ കേട്ടുകേള്‍വി എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് മിക്ക കേസുകളിലും അന്വേഷണ ഏജന്‍സികളുടെയും പോലീസിന്റെയും “നീതിനിര്‍വഹണം.” അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം നടന്ന ചില സ്‌ഫോടനങ്ങളില്‍ ഒരന്വേഷണവും കൂടാതെയാണ് പോലീസ് മുസ്‌ലിംകളുടെ തലയില്‍ ഉത്തരവാദം വെച്ചുകെട്ടിയത്. അഫ്‌സല്‍ വധത്തിനുള്ള മറുപടി എന്ന തലവാചകവും നല്‍കി. രാഷ്ട്രീയ കക്ഷികളുടെ ചില പ്രീണനനയങ്ങള്‍ ഈ സംഭവങ്ങള്‍ക്ക് ഊര്‍ജം പകരാനേ സഹായിച്ചിട്ടുള്ളൂ.
2012 സെപ്തംബര്‍ മാസം പ്രസിദ്ധീകരിച്ച നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ കിട്ടുന്ന ഞെട്ടിപ്പിക്കുന്ന ചില നഗ്ന സത്യങ്ങളുണ്ട്. 2011ല്‍ രാജ്യത്തെ 1382 ജയിലുകളിലായി 3,72,926 പേര്‍ തടങ്കലില്‍ കഴിയുന്നു. ഇവരില്‍ 80,000 പേര്‍ മുസ്‌ലിംകളാണ്. ഇവരില്‍ 17. 8 ശതമാനം മാത്രമാണ് കേസ് വിസ്താരം നടത്തി കോടതി ശിക്ഷ വിധിച്ചവര്‍. ബാക്കിയുള്ളവര്‍ വിചാരണത്തടവുകാരാണ്. ജീവിതത്തിന്റെ സിംഹഭാഗവും ഇരുണ്ട ജയിലറക്കുള്ളില്‍ അടക്കപ്പെട്ടവരും ഈ കൂട്ടത്തിലുണ്ട്. ഇവര്‍ ചെയ്ത തെറ്റ് എന്താണ്? അത് കോടതിക്കോ പോലീസിനോ പോലും നിശ്ചയമില്ല. ബി ജെ പിയുടെ ഭരണം നിലനില്‍ക്കുന്നതോ അവര്‍ക്ക് സ്വാധീനമുള്ളതോ ആയ സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും ഇരുണ്ടതാണ്. മൊത്തം സംസ്ഥാനങ്ങളിലെ 2,31,017 വരുന്ന വിചാരണത്തടവുകാരില്‍ 49,918 പേര്‍ മുസ്‌ലിംകളായുണ്ട്. കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഈ കണക്കില്‍ വരില്ല. ഇതും കൂടി പരിഗണിക്കുകയാണെങ്കില്‍ കണക്കിന്റെ ഗ്രാഫ് മേല്‍പ്പോട്ടുയരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് വിചാരണത്തടവുകാര്‍ ഏറെയുള്ളത്. കോണ്‍ഗ്രസ് ഭരണം കൈയാളുന്ന മഹാരാഷ്ട്രയിലാണ് മുസ്‌ലിം വിചാരണത്തടവുകാര്‍ ഏറെയുള്ളതെന്നത് ഒരു വിരോധാഭാസമാകാം. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് മുസ്‌ലിംകളെക്കുറിച്ച് അവരുടെ ഉന്നമനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നോര്‍ക്കണം. പത്ത് ശതമാനം മാത്രം വരുന്ന മഹാരാഷ്ട്രയിലെ മുസ്‌ലിം ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ എന്ന കണക്കില്‍ ജയിലിലുണ്ട്. ഈ സംസ്ഥാനത്ത് വിചാരണ നേരിടുന്ന ജയില്‍വാസികളില്‍ 33 ശതമാനം മുസ്‌ലിംകളാണ്.
പല ഭീകരവാദ കേസുകളിലായി പോലീസ് അന്യായമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരുടെ വിധി അജ്ഞാത ശവങ്ങളായോ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടവരായോ ഒടുങ്ങാനാണ്. മോഡിയെ വധിക്കാന്‍ വന്നെന്ന് പറഞ്ഞ് ഏറ്റുമുട്ടലില്‍ കൊന്ന ഇശ്‌റത്ത്ജഹാന്‍ ഉദാഹരണം. ഇന്ത്യയില്‍ നടക്കുന്ന 99 ശതമാനം ഏറ്റുമുട്ടലുകളുടെയും ചരിത്രം ആരെയും അമ്പരപ്പിക്കും. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 2560 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അരങ്ങേറിയെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഭീകരതയുടെ പേരില്‍ അറസ്റ്റ് ചെയ്യുന്ന നിരപരാധരായ മുസ്‌ലിം ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം ഉന്നത വിദ്യാഭ്യാസം ലഭിച്ചവരോ ഉയര്‍ന്ന തസ്തികകളില്‍ അവരോധിക്കപ്പെട്ടവരോ ആയിരിക്കും. ഇത് മനഃപൂര്‍വമാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രാതിനിധ്യമുണ്ടാകരുതെന്ന ഗൂഢ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇന്ത്യയിലെ പോലീസ് മേധാവികളില്‍ വലിയൊരു വിഭാഗവും പ്രത്യക്ഷമായോ പരോക്ഷമായോ കാവിപ്പടയോട് വിധേയത്വമുള്ളവരാണ്. ഏറ്റവും ചുരുങ്ങിയത് അവരുടെ പണം കൈപ്പറ്റുന്നവര്‍. ഇന്ത്യനവസ്ഥയില്‍ പുതിയ സംഭവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ കൂടുതല്‍ ജാഗ്രത്താകേണ്ട ഒരു കാലമാണിത്. ഒരു ഭാഗത്ത് സവര്‍ണ ഫാസിസവും മറുഭാഗത്ത് ഭരണകൂട ഭീകരതയും ഒരുപോലെ വേട്ടയാടുകയാണവരെ. കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ നമുക്കത് നേരാംവണ്ണം ബോധ്യപ്പെടണമെന്നില്ല.

Latest