ബാല്യങ്ങളെ വെറുതെ വിടുക

Posted on: July 19, 2013 12:24 am | Last updated: July 19, 2013 at 12:24 am

രക്തം മരവിപ്പിക്കുന്ന കൊടിയ പിഡനങ്ങളേറ്റുവാങ്ങി ഓര്‍മകള്‍ പോലും നഷ്ടപ്പെട്ട് ജീവിതത്തിന്റെയും മരണത്തിന്റെയും നേര്‍ത്ത നൂല്‍പ്പാലത്തില്‍ നരകിക്കുന്ന അഞ്ച് വയസ്സുകാരന്‍ ശഫീഖ് മലയാളിയുടെ മനസ്സാക്ഷിയില്‍ ഏല്‍പ്പിച്ച മുറിവ് അതീവ ഗൗരവതരമാണ്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ പിടിച്ചുനിര്‍ത്തുകയാണ് ഈ പിഞ്ചുബാലന്‍. പുഴുക്കുത്തേറ്റ മനസ്സാക്ഷിയുമായി കരുണയുടെ കിളിവാതിലുകള്‍ കൊട്ടിയടച്ച് ദുരിതബാല്യങ്ങളെ മലയാളിക്ക് കാഴ്ചവെക്കുന്നവരുടെ എണ്ണം ദിനേന വര്‍ധിച്ചുവരുകയാണ്. കോഴിക്കോട്ട് രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമായ മര്‍ദനങ്ങളേറ്റ് അദിതി എന്ന ആറ് വയസ്സുകാരി ലോകത്തോട് വിടപറഞ്ഞത് രണ്ടര മാസം മുമ്പായിരുന്നു. ലാളനകളുടെ കരസ്പര്‍ശങ്ങളേറ്റ് തുടിക്കേണ്ട ബാല്യങ്ങള്‍ നെഞ്ചില്‍ ചവിട്ടേറ്റ് കാലുകള്‍ തല്ലിയൊടിക്കപ്പെട്ട നിലയില്‍ തീവ്രപരിചരണ റൂമുകളില്‍ നരകിക്കുന്നത് നിലവിലെ ഏത് സംവിധാനത്തിന്റെ കാര്യക്ഷമതയെയാണ് ചോദ്യം ചെയ്യുന്നത് എന്ന കാര്യം പരിശോധിക്കാന്‍ സമയമായിരിക്കുന്നു.

വര്‍ഷങ്ങളായി തുടരുന്ന പീഡനത്തെ തുടര്‍ന്നുണ്ടായ ഗുരുതരമായ പരുക്കുകളോടെ കുമളി ഒന്നാം മൈല്‍ പുത്തന്‍പുരക്കല്‍ ശരീഫിന്റെ മകന്‍ ശഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ദാരുണമായ കഥകള്‍ പുറത്തറിഞ്ഞത്. വിശന്നുകരഞ്ഞപ്പോള്‍ ഭക്ഷണം നല്‍കിയില്ല. തളര്‍ന്നുവീണ് ബോധം നഷ്ടപ്പെട്ട് വീട്ടിനകത്ത് മലമൂത്ര വിസര്‍ജനം നടത്തിയപ്പോള്‍ ഇതിന്റെ പേരില്‍ നെഞ്ചില്‍ ചവിട്ടി പ്രതികാരം തീര്‍ത്തു. തീപൊള്ളലേല്‍പ്പിച്ചും ഒടിഞ്ഞകാല്‍ ചവിട്ടി ഞെരിച്ചും അബോധാവസ്ഥയില്‍ വീട്ടിനുള്ളില്‍ ഉപേക്ഷിച്ചും മൂന്നാംമുറ രീതികള്‍. ഇതിനും പുറമെ തൊഴിച്ച് കട്ടിലിനടിയിലേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിക്കാത്ത ഹൈപ്പോക്‌സിക് ഇസ്‌കീമിക് ബ്രെയിന്‍ ഡാമേജ് അവസ്ഥയില്‍ ദുരിതം തിന്നുകഴിയുകയാണ് ഈ അഞ്ച് വയസ്സുകാരന്‍.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ കുട്ടികള്‍ക്കെതിരെയള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്. 2008 മുതല്‍ 2013 മാര്‍ച്ച് വരെ കേരളത്തില്‍ 214 പിഞ്ചുമക്കള്‍ കൊല്ലപ്പെട്ടു. 1695 കുട്ടികള്‍ മാനഭംഗത്തിനിരകളായി. 590 കുട്ടികളെ തട്ടിക്കൊണ്ടുപോയി. 2013 ലെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ മാത്രം 159 കുട്ടികളെ പീഡനത്തിനിരയാക്കി. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നിരിട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്ക്.
കേരളീയരെ മാത്രം നാണക്കേടിലാഴ്ത്തുന്ന ചെറിയ സംഗതിയല്ല ഈ ക്രൂരത. ഇത് മനസ്സാക്ഷിയുള്ള എല്ലാ വര്‍ഗത്തെയും വേദനിപ്പിക്കുന്നതാണ്. വകതിരിവില്ലാത്ത മൃഗങ്ങള്‍ പോലും സ്വന്തം മക്കളെ പൊന്നുപോലെ സംരക്ഷിക്കുമ്പോള്‍ എന്തുപറ്റി ഈ വകതിരിവുള്ള മനുഷ്യരാശിക്ക്? പിഞ്ചുകുഞ്ഞുങ്ങളോട് കരുണകാണിക്കാത്തവരെ എന്ത് പേരിട്ടാണ് നാം വിളിക്കുക? നിഷ്‌കളങ്കമായ ബാല്യങ്ങള്‍ക്ക് നേരെ കൊടിയ പീഡനങ്ങളുടെ കഥകളരങ്ങേറുകയാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന കീര്‍ത്തിപട്ടം മലയാളിക്ക് എത്രകാലം കൊണ്ടുനടക്കാന്‍ കഴിയുമെന്ന് പുനരാലോചന നടത്തണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയോളമാണ് കേരളത്തിലെ ശരാശരി. ദേശീയ ശരാശരി 2.7 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 4.3 ആണ്.
നിരവധി കാരണങ്ങള്‍ മുഖേന കേരളത്തിലെ വൈവാഹിക ബന്ധങ്ങളില്‍ വന്‍തോതിലുള്ള പാകപ്പിഴവുകള്‍ സംഭവിക്കുന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം. വിവാഹബന്ധം വേര്‍പ്പെടുത്തി പുനര്‍വിവാഹം കഴിക്കുന്നവരുടെ എണ്ണം ദിനേന വര്‍ധിച്ചുവരുന്നു. ആദ്യവിവാഹത്തിലെ എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുമക്കളാണ് പലപ്പോഴും ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നവര്‍. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളിലും ആദ്യ വിവാഹത്തിലെ കുട്ടികളാണ് ഇരകളെന്ന കാര്യം ശ്രദ്ധേയമാണ്. ഒറ്റപ്പെട്ടുപോകുന്ന ഇവരില്‍ പലരും മാനസികവും ശാരീരികവുമായ കൊടിയ പീഡനങ്ങള്‍ക്കാണ് ഇരയാകുന്നത്. കണക്കുകളില്‍ മാത്രം തെളിയുന്ന പീഡനങ്ങളേക്കാള്‍ എത്രയോ അധികമാണ് ആരാരും അറിയപ്പെടാതെ നരകയാതന അനുഭവിക്കുന്ന പിഞ്ചുകുട്ടികള്‍. ഇങ്ങനെ വേര്‍തിരിവുകളുടെയും അവഗണനകളുടെയും നീറുന്ന ലോകത്ത് ജീവിച്ച് പുറത്തിറങ്ങുന്ന പലരും സമൂഹം ഭയപ്പെടുന്ന കുറ്റവാളികളായിത്തീരുന്നത് സ്വാഭാവികം.
കുട്ടികളുടെ സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും പീഡനത്തിനിരയാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഐ പി സി 302 പ്രകാരം കൊലപാതകത്തില്‍ കലാശിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ തൂക്കുമരമാണ്. ഇതുപോലെ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന ഉപദ്രവങ്ങള്‍ക്ക് കൊലപാതക ശ്രമക്കുറ്റം ചുമത്തി 10 വര്‍ഷം വരെ കഠിനതടവിനും നിയമം അനുശാസിക്കുന്നു. കട്ടപ്പന സംഭവത്തിന്റെ പശ്ചാതലത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ക്രൂരമായ നടപടികള്‍ തടയാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെ ആലോചിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ദുരന്തത്തിന്റെ ഉത്തരവാദികള്‍ പിതാവും രണ്ടാനമ്മയുമാണെങ്കിലും അറിയാതെ പോയത് മൊത്തം സമൂഹത്തിന്റെ കുറ്റമാണ്. സത്വരമായ നടപടികളിലൂടെ ബാല്യങ്ങള്‍ അനുഭവിക്കുന്ന ദുരിതപര്‍വങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാറും നിയമസംവിധാനങ്ങളും, വിശിഷ്യാ കരുണവറ്റാത്ത പൊതുസമൂഹവും മുന്നിട്ടിറങ്ങണം. ഇത്തരം കുട്ടികളെ കണ്ടെത്തി അനാഥാലയങ്ങളിലോ ചൈല്‍ഡ് കെയര്‍ സെന്ററുകളിലോ സുരക്ഷിതരായി എത്തിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്, മതവിശ്വാസികള്‍ പ്രത്യേകിച്ചും. കുട്ടികളോട് കരുണ്യപൂര്‍വം ഇടപെടാത്തവര്‍ എന്റെ സമുദായത്തില്‍പെട്ടവനല്ല എന്നാണല്ലോ പ്രവാചകന്‍(സ) പഠിപ്പിച്ചത്.