Connect with us

Gulf

ചൂടും ദീര്‍ഘമായ പകലുകളും വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കണം: ഡോ. അജിത്ത് തരകന്‍

Published

|

Last Updated

ദുബൈ:വിശുദ്ധ റമസാന്‍ ദിനങ്ങളില്‍ കടുത്ത ചൂടിനൊപ്പം സുദീര്‍ഘമായ പകലും ഒന്നിച്ചെത്തുന്നതിനാല്‍ വ്രതം എടുക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് പ്രശസ്ത ഗ്യാസ്‌ട്രോഎന്റോളജിസ്റ്റും ആംബര്‍ ക്ലിനിക് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അജിത്ത് തരകന്‍.

വ്രതം അവസാനിച്ച ഉടന്‍ ലഘുഭക്ഷവും പാനീയങ്ങളും കഴിക്കുന്നതാണ് ആരോഗ്യത്തിന്് ഉത്തമം. വ്രതകാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും മത്സ്യമാംസാദികള്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ പരമാവധി രോഗങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ സാധിക്കും. ആരോഗ്യം സംരക്ഷിക്കാന്‍ ഉതകുന്നതും ആവശ്യമായ അളവില്‍ പോഷകങ്ങള്‍ അടങ്ങിയതുമായ വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
പതിവായി കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കാര്യമായ വ്യതിയാനം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പറ്റുന്നതും സാധാരണ കഴിക്കുന്നതിലും മിതമായ ഭക്ഷണമാണ് വ്രത കാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഏറെ സഹായിക്കുക. അത്താഴം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നേരത്തെ കഴിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും ഡോ. അജിത്ത് അഭ്യര്‍ഥിച്ചു.
വിശുദ്ധ റമസാന്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ഉതകുന്ന രീതിയില്‍ ചിട്ടപ്പെടുത്തണമെന്ന് പ്രവാചകര്‍ പറഞ്ഞത് വിശ്വാസികള്‍ മുറുകെ പിടിക്കാന്‍ ശ്രമിക്കണം. ശരീര ഭാരം കൂടുകയോ കുറയുകയോ ചെയ്യാതിരിക്കാന്‍ ഓരോരുത്തരും നോക്കേണ്ടതാണ്. അമിത ഭാരത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് റമസാന്‍ വ്രതം അത് കുറക്കാനുള്ള സുവര്‍ണാവസരമാണ്. അത്താഴത്തിന് സാവധാനം ദഹിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് അത്യുത്തമം. ബാര്‍ലി, ഗോതമ്പ്, ഓട്‌സ്, ബീന്‍സ് എന്നിവക്കൊപ്പം തവിട് കളയാത്ത അരിയും ഉള്‍പ്പെടുത്തിയാല്‍ ഒരു മാസത്തെ വ്രത കാലം ആരോഗ്യം വീണ്ടെടുക്കുന്നതിന് ഏറെ സഹായകമായി മാറും. എണ്ണയില്‍ വറുത്ത വസ്തുക്കള്‍, എരിവും പുളിയും മധുരവും കൂടിയ അളവില്‍ ചേര്‍ന്നവ എന്നിവയാണ് പൊതുവേ റമസാന്‍ കാലത്ത് പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഇത് നോമ്പിലൂടെ പ്രവാചകര്‍ വിശ്വാസിക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ആരോഗ്യത്തെ ഇല്ലാതാക്കുമെന്ന് ഓര്‍ക്കേണ്ടതാണ്.
വ്രതം അവസാനിച്ചത് മുതല്‍ പുലര്‍ച്ചെ അത്താഴം കഴിക്കുന്നത് വരെ ആവശ്യമായ അളവില്‍ വെള്ളം കുടിക്കണം. കഫീന്‍ അടങ്ങിയ ചായയും കാപ്പിയും പോലെയുള്ള പാനീയങ്ങള്‍ ഉപേക്ഷിക്കണം. ഇത്തരം പാനീയങ്ങള്‍ ശരീരത്തില്‍ നിന്നും ജലം അമിതമായി നഷ്ടപ്പെടാന്‍ ഇടയാക്കും. ചായയും കാപ്പിയും അമിതമായി കുടിക്കുന്നവര്‍ റമസാന്‍ ആരംഭിക്കുന്നതിന് മുമ്പേ ഇവയുടെ അളവ് രണ്ടോ മൂന്നോ എന്നതിലേക്ക് ചുരുക്കികൊണ്ടു വരേണ്ടതാണ്. നടത്തം, ലഘു വ്യായാമം എന്നിവ നല്ലതാണ്.
വൃക്ക രോഗികള്‍, ഗര്‍ഭിണികള്‍, ഹെപറ്റൈറ്റിസ് ബാധയുള്ളവര്‍, ഉദരസംബന്ധമായ അസുഖങ്ങള്‍, കുടലില്‍ പുണ്ണുളളവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ വ്രതം അനുഷ്ഠിക്കുന്നതിന് മുമ്പായി ഡോക്ടറുടെ ഉപദേശം സ്വീകരിക്കണമെന്നും ഡോ. അജിത്ത് തരകന്‍ അഭിപ്രായപ്പെട്ടു.

 

Latest