Connect with us

Editors Pick

പേരില്‍ ഒന്നായി മാള്‍ട്ട പ്രധാന മന്ത്രിയും മസ്‌കത്തും

Published

|

Last Updated

മസ്‌കത്ത്: ദക്ഷിണ യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും അറബ് ഗള്‍ഫ് രാജ്യമായ ഒമാനും തമ്മില്‍ കൂടുതല്‍ അടുത്ത നയതന്ത്ര ബന്ധമില്ല. പക്ഷേ മാള്‍ട്ടയില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അധികാരത്തിലേറിയ പ്രധാനമന്ത്രിയും ഒമാന്‍ തലസ്ഥാനവും തമ്മില്‍ ഒരു ചേര്‍ച്ച. മാള്‍ട്ടയിലെ പ്രധാനമന്ത്രിയുടെ പേര് ജോസഫ് മസ്‌കറ്റ്. ആംഗലേയത്തില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിന്റെ അതേ അക്ഷരങ്ങളും ഉച്ഛാരണവും. ഇന്റര്‍നെറ്റില്‍ മസ്‌കത്ത് തിരയുന്നവരെ കൗതുകത്തിലാക്കിയാണ് മാള്‍ട്ട പ്രധാന മന്ത്രി ജോസഫ് മസ്‌കറ്റും ഒമാന്‍ തലസ്ഥാനമായ മസ്‌കത്തും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. മസ്‌കത്തിലെ ഏതോ മലയാളി ജോസഫെന്നു കരുതി സംഗതി പരതുമ്പോഴാണ് മാള്‍ട്ടയിലെ പ്രധാനമന്ത്രിയില്‍ അന്വേഷണം എത്തിച്ചേരുന്നത്. ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ മസ്‌കത്ത് എന്ന് ഇംഗ്ലീഷ് കീ വേര്‍ഡ് നല്‍കി വാര്‍ത്ത തിരയുന്നവര്‍ക്ക് ആദ്യം ലഭിക്കുന്ന മാള്‍ട്ട പ്രധാന മന്ത്രി ജോസഫ് മസ്‌കറ്റുമായി ബന്ധപ്പെട്ടവയായിരിക്കും. എന്നാല്‍ ഗൂഗിളിന്റെ വെബ് സെര്‍ച്ച് എഞ്ചിനില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കത്തു തന്നെയാണ് ആദ്യം.

മുപ്പത്തി ഒമ്പതു വയസു മാത്രം പ്രായമുള്ള ജോസഫ് മസ്‌കറ്റ് 2008ല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായാണ് മാള്‍ട്ടയുടെ പ്രധാനമന്ത്രിപദത്തിലേക്കു വരുന്നത്. പാര്‍ട്ടി തലപ്പത്തു വന്നതു മുതല്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. അതിനും മുമ്പ് യൂറോപ്യന്‍ പാര്‍ലിമെന്റില്‍ അംഗമായിരുന്നിട്ടുമുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുവാക്കളുടെ ആവേശ്യമായി മാറുകയും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയാവുകയുമായിരുന്നു. ജോസഫിനൊപ്പം മസ്‌കറ്റ് കടന്നു വന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ വിക്കിപീഡിയ പ്രൊഫൈല്‍ ഒന്നും പറയുന്നില്ല.
കൊമേഴ്‌സ് മാനേജ്‌മെന്റില്‍ ബിരുദവും പബ്ലിക് പോളിസി ഹോണറി ബിരുദവും നേടിയ ജോസഫ് യൂറോപ്യന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും മാനേജ്‌മെന്റ് ഗവേഷണത്തില്‍ പി എച്ച് ഡിയും നേടി. മാധ്യമ പ്രവര്‍ത്തനത്തോടെയാണ് ജോസഫ് തന്റെ പ്രൊഫഷണല്‍ കരിയറിനു തുടക്കം കുറിക്കുന്നത്. സൂപ്പര്‍ വണ്‍ റേഡിയോയില്‍ വാര്‍ത്താ അവതാരകനായായിരുന്നു തുടക്കം. പിന്നീട് സൂപര്‍ വണ്‍ ടെലിവിഷനില്‍ അസി. ന്യൂസ് മേധാവിയായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്ററായി സേവനം ചെയ്തു. നിരന്തരം കോളങ്ങളെഴുതി സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടാണ് ജോസഫ് പാര്‍ട്ടി നേതൃസ്ഥാനത്തെത്തിയത്. യൂറോപ്യന്‍ പാര്‍ലിമെന്റ് അംഗമായിരുന്ന് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പാര്‍ലിമെന്റേറിയന്‍ എന്ന രീതിയിലുള്ള പ്രവര്‍ത്തനം തന്നെയാണ് അദ്ദേഹത്തെ പാര്‍ട്ടി നേതൃസ്ഥാനത്തേക്കും പിന്നീട് മാള്‍ട്ടയുടെ പ്രധാനമന്ത്രിസ്ഥാനത്തേക്കും എത്തിച്ചത്.
ഇന്റര്‍ നെറ്റ് സെര്‍ച്ച് എന്‍ജിനുകളാണ് മാള്‍ട്ട പ്രധാനമന്ത്രിയായ ജോസഫ് മസ്‌കറ്റിനെയും ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ മസ്‌കത്ത് തിരയുന്നവര്‍ക്കു മുന്നിലേക്കു വരുന്ന ജോസഫ് മസ്‌കത്ത് ഇപ്പോള്‍ അറബ് ലോകത്ത് കൂടുതല്‍ പരിചിതനാവുകയാണ്. ജോസഫ് മസ്‌കത്തിന്റെ വെബ്‌സൈറ്റിലേക്ക് എത്തിപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും മസ്‌കത്ത് തിരയുന്നവരാണെന്ന് വെബ് ട്രാഫിക് സൈറ്റുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജോസഫ് മസ്‌കറ്റില്‍നിന്നും മസ്‌കത്തില്‍ എത്തിപ്പെടുന്നവരും കുറവല്ല. പേരിലെ സാമ്യം സാധാരണമെങ്കില്‍ ഒരു രാജ്യ തലസ്ഥാനവും ഒരു രാജ്യത്തിന്റെ ഭരണാധിപനും തമ്മിലുള്ള ചേര്‍ച്ചയാണ് മസ്‌കത്തിലെ കൗതുകമാകുന്നത്.

 

Latest