എസ് വൈ എസ് റിലീഫ് ഡേ നാളെ; ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: July 18, 2013 1:12 am | Last updated: July 18, 2013 at 1:12 am

മലപ്പുറം: കരുണാ നാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന പ്രമേയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന എസ് വൈ എസ് റിലീഫ്‌ഡേ വിജയിപ്പിക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സോണല്‍ കമ്മിറ്റികള്‍ മുഖേന പദ്ധതിക്കാവശ്യമായ സാമഗ്രികള്‍ നേരത്തെ തന്നെ സര്‍ക്കിള്‍, യൂനിറ്റ് കേന്ദ്രങ്ങളില്‍ എത്തിച്ച് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ട്. എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ നടന്നു വരുന്ന ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായാണ് സംസ്ഥാന വ്യാപകമായി നാളെ റിലീഫ് ഡേ ആയി ആചരിക്കുന്നത്. അപടകടങ്ങളിലും അത്യാഹിതങ്ങളിലും പെട്ടവര്‍ക്ക് അടിയന്തിര സഹായം, മാരക രോഗങ്ങള്‍ പിടിപെട്ട കിടിപ്പിലായവര്‍ക്ക് മെഡിക്കല്‍ കാര്‍ഡുകള്‍, പാവപ്പെട്ടവരുടെ വീട്, വിവാഹം എന്നിവക്കുള്ള ധനസഹായം തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ജില്ലയിലെ ഗവണ്‍മെന്‍് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാന്ത്വന തീരങ്ങളിലൂടെ നൂറുകണിക്കിനാളുകള്‍ക്ക് ആശ്വാസം നല്‍കി വരികയാണ്. മഞ്ചേരി സാന്ത്വന തീരത്തിന് കീഴില്‍ സൗജന്യ വളണ്ടിയര്‍, ആംബുലന്‍സ് സേവനം, സൗജന്യമായി മരുന്ന് ഭക്ഷണ വിതരണവും നടന്നു വരുന്നുണ്ട്.
ജില്ലാ, താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള സാന്ത്വന തീരങ്ങളിലും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
വരും വര്‍ഷങ്ങളില്‍ സംഘടന നടത്താനിരിക്കുന്ന വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ കൂട്ടാക്കുന്ന തരത്തില്‍ സംസ്ഥാന നിധിയിലേക്കുള്ള ഫണ്ട് ശേഖരണം ഊര്‍ജിതമാക്കാന്‍ മികച്ച ഒരുക്കമാണ് ജില്ലയിലെ മുഴുവന്‍ ഘടകങ്ങളിലും നടത്തിയിട്ടുള്ളത്. പളളികളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റി നല്‍കിയ കൂപ്പണ്‍ നല്‍കിയും ബക്കറ്റ് കളക്്ഷന്‍ നടത്തിയും യൂനിറ്റ് ഭാരവാഹികള്‍ തുക സമാഹരിക്കും. ഈ ഫണ്ട് യൂനിറ്റുകളില്‍ നിന്നും സോണല്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങും.
ഓരോ മേഖലയിലും പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. റിലീഫ് ഡേ യുടെ ജില്ലാ തല ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ നിര്‍വഹിച്ചു. സോണല്‍, സര്‍ക്കിള്‍ തലങ്ങളിലും പ്രമുഖരില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനങ്ങള്‍ നടന്നു. ജില്ലാ സാമൂഹ്യ ക്ഷേമ സമിതി റിലീഫ് ഡേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, പി ഹസൈന്‍ മാസ്റ്റര്‍, സുലൈമാന്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി, ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍ സംബന്ധിച്ചു. ഓരോ പ്രവര്‍ത്തകനും തന്റെ പരമാവധി വിഹിതം നല്‍കുന്നതോടൊപ്പം മുഴുവന്‍ ജനങ്ങളുടെയും സഹകരണം ഉറപ്പാക്കി യൂനിറ്റ് ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ കര്‍മരംഗത്തിറങ്ങണമെന്ന് എസ് വൈ എസ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.