മൂന്ന് മാസത്തിനിടെ ജില്ലക്ക് നഷ്ടമായത് 47 കോടി രൂപ

Posted on: July 18, 2013 1:11 am | Last updated: July 18, 2013 at 1:11 am

വണ്ടൂര്‍: കഴിഞ്ഞ രണ്ടു മാസങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ജില്ലയില്‍ നഷ്ടം 48 കോടി രൂപ. കാര്‍ഷിക മേഖലയിലാണ് ഇതില്‍ ഏറെ നഷ്ടം സംഭവിച്ചത്.
ഈ മാസം പകുതിവരെയുള്ള കണക്ക് പ്രകാരം 4.7 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ കണക്ക്. കാലവര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള നഷ്ടങ്ങള്‍മാത്രമാണ് ഇതിലുള്‍പ്പെടുന്നത്. കടുത്ത വേനല്‍ ലഭിച്ച മെയ് മാസത്തിലെ കൊടുംവരള്‍ച്ചയില്‍ ജില്ലയില്‍ 42 കോടിയുടെ കൃഷിനാശമാണ് സംഭവിച്ചത്. ജില്ലാ കൃഷി ഓഫീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ വേനലില്‍ 42,37,28,170 രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ഇതില്‍ പൂര്‍ണമായും വിള നശിച്ചതിലൂടെ 6,00,93,280 രൂപയുടെ നഷ്ടം വന്നു.
നെല്ല്, വാഴ, പച്ചക്കറി,അടക്ക, കുരുമുളക് എന്നിവയാണ് പ്രധാനമായും വേനലില്‍ ഉണങ്ങിയത്. 7,30,596 വാഴകളാണ് കര്‍ഷകനെ ചതിച്ചത്. ഇതില്‍ 2,34,689 വാഴകള്‍ പൂര്‍ണമായും നശിച്ചു. 50 ശതമാനത്തില്‍ താഴെമാത്രം വിളവു ലഭിച്ചവയാണ് ബാക്കിയുള്ളവ.
വാഴ നശിച്ചതില്‍ മുമ്പില്‍ പെരിന്തല്‍മണ്ണ ബ്ലോക്കാണ് – 2,53,000 എണ്ണം. തൊട്ടുപിറകെ വണ്ടൂര്‍, നിലമ്പൂര്‍, കൊണ്ടോട്ടി, കാളികാവ്, പരപ്പനങ്ങാടി എന്നിവിടങ്ങളിലും വാഴകളെ വേനല്‍ ഇല്ലാതാക്കി. 660 ഹെക്ടര്‍ നെല്‍കൃഷിയും നശിച്ചു. ഇതില്‍ 185 ഹെക്ടര്‍ പൂര്‍ണമായും കരിഞ്ഞു.
മലപ്പുറം ബ്ലോക്കില്‍ മാത്രം 247 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ച മലപ്പുറം ബ്ലോക്കാണ് 15 കാര്‍ഷിക ബ്ലോക്കുകളില്‍ നഷ്ടത്തില്‍ മുന്നില്‍. തിരൂര്‍ ബ്ലോക്കിലാണ് കുറഞ്ഞ നഷ്ടം സംഭവിച്ചത്. 20,000 രൂപയുടെ നഷ്ടം. 4.7 കോടി രൂപയാണ് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ നഷ്ടമെങ്കിലും വരും ദിവസങ്ങളില്‍ ഇതിന്റെ തോത് ഇനിയും ഉയര്‍ന്നേക്കും. സമീപകാലത്തൊന്നും ഇത്രയും വലിയതോതില്‍ കാര്‍ഷികമേഖലയെ കാലാവസ്ഥ ബാധിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാലവര്‍ഷത്തെ കൃഷി നാശത്തിന്റെ തോത് ഇനിയും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് കൃഷിഭവന്‍ ജീവനക്കാര്‍ പ്രാദേശിക തലങ്ങളില്‍ വിവരശേഖരണം നടത്തുന്നുണ്ട്.