കുടിവെളള പദ്ധതികള്‍ക്ക് 35.5 ലക്ഷം രൂപ അനുവദിച്ചു

Posted on: July 18, 2013 1:06 am | Last updated: July 18, 2013 at 1:06 am

പെരിങ്ങോട്ടുകുറിശ്ശി:കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളില്‍ നിന്നായി 35. 5 ലക്ഷം രൂപ അനുവദിച്ചു. കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്ന് 15. 5ലക്ഷം രൂപയും എ ആര്‍ ഡബ്ല്യൂ എസ് എസ്. പദ്ധതിയില്‍ നിന്ന് 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്.— കലക്ടറുടെ ഫണ്ടില്‍ നിന്നനുവദിച്ച അഞ്ച് ലക്ഷം രൂപ കൊണ്ട് കുളവന്‍കാട് കുളം നവീകരിച്ച് 12 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 15 കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിക്കും. ഒട്ടരുകാട്, പുറയത്ത്, പിലാക്കല്‍, കാവതിയാംപറമ്പ് പ്രദേശത്തെ നാല് പൊതുകിണറുകളുടെ നവീകരണത്തിന് അഞ്ച് ലക്ഷം രൂപയും, ചോലങ്ങാട്, മണിയമ്പാറ കുടിവെളള പദ്ധതികള്‍ക്ക് 5. 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പഞ്ചായത്ത് പട്ടികജാതി ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവില്‍ പദ്ധതി വിപുലീകരിക്കാന്‍ തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളീധരന്‍ പറഞ്ഞു. എ ആര്‍ —ഡബ്ല്യൂ എസ എസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചോലങ്കാട്-മണ്ണുപറമ്പ് കുടിവെളള പദ്ധതിക്കും ചൂലന്നൂര്‍-തുമ്പയാംകുന്ന് കുടിവെളളം പദ്ധതിക്കും 10 ലക്ഷം രൂപ വീതം ഫണ്ട് അനുവദിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം പദ്ധതികള്‍ പൂര്‍ത്തിയാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.