വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമ്പോള്‍

Posted on: July 18, 2013 12:30 am | Last updated: July 18, 2013 at 12:30 am

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്നതാണ് പ്രതിരോധ മേഖലയിലുള്‍പ്പെടെ വിദേശ നിക്ഷേപ പരിധി(എഫ് ഡി ഐ) ഉയര്‍ത്താനുള്ള തീരുമാനം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള നടപടിയെന്ന പേരിലാണ് 13 മേഖലകളില്‍ എഫ് ഡി ഐ ഉയര്‍ത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. ടെലികോം മേഖലയിലാണ് കൂടുതല്‍ വര്‍ധന. 74 ശതമാനത്തില്‍ നിന്ന് 100 ശതമാനത്തിലേക്കുയര്‍ത്തി ഈ മേഖലയെ പൂര്‍ണമായും വിദേശ കമ്പനികള്‍ക്ക് തീരെഴുതിക്കൊടുക്കുന്ന നയമാണ് യോഗം കൈക്കൊണ്ടത്. ഇതോടെ വോഡഫോണ്‍, ടെലിനോര്‍, സിസ്റ്റെമ തുടങ്ങിയ വിദേശ ടെലികോം കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തമില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കാനാകും. സ്വാഭാവികമായും വിദേശ ഉപകരണങ്ങളും നമുക്ക് അപരിചിതമായ സാങ്കേതിക വിദ്യകളുമായിരിക്കും തങ്ങളുടെ സ്ഥാപനങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ ടെലഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ വിദേശ രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്പെടുമെന്നതാണ് ഇതിന്റെ അപകടകരമായ വശം. സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൗകര്യത്തിലൂടെയും മറ്റും നിലവില്‍ തന്നെ ഇന്ത്യയടക്കം വിദേശ രാഷ്ട്രങ്ങളുടെ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തുന്ന വിവരം വെളിപ്പെട്ടത് അടുത്തിടെയാണല്ലോ.

പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം ഉയര്‍ത്തുന്നതില്‍ വകുപ്പ് മന്ത്രി എ കെ ആന്റണിക്കും ആഭ്യന്തര മന്ത്രാലയത്തിനും കടുത്ത എതിര്‍പ്പുണ്ട്. പ്രതിരോധ മേഖലക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും തദ്ദേശീയമായി വികസിപ്പിക്കുകയാണ് വേണ്ടതെന്നും ഇതിന് വിദേശ കമ്പനികളെ ആശ്രയിക്കുന്നത് ഗുണകരമല്ലെന്നുമാണ് ആന്റണിയുടെ പക്ഷം. തന്റെ ഈ നിലപാട് വിശദീകരിച്ചുകൊണ്ട് അദ്ദേഹം വാണിജ്യ മന്ത്രി ആനന്ദ് ശര്‍മക്ക് കത്തയക്കുകയും ചെയ്തിരുന്നു. പ്രതിരോധ മേഖലയില്‍ നിലവില്‍ അനുമതിയുള്ള 26 ശതമാനത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അതിനേക്കാള്‍ ഉയര്‍ന്ന നിക്ഷേപത്തിന് മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും ഉപാധി വെച്ചിട്ടുണ്ടെങ്കിലും വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ ഇത് പര്യാപ്തമല്ല.
അഗസ്താ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍, ടട്ര ട്രക്ക്, ബോഫോഴ്‌സ് തുടങ്ങി പ്രതിരോധ വകുപ്പിന് വേണ്ടി നടത്തിയ പല ഇടപാടുകളിലും അഴിമതി നടന്നതായി തെളിഞ്ഞ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേനക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും തദ്ദേശീയമായി തന്നെ ഉത്പാദിപ്പിക്കണമെന്നും പുറമെ നിന്നുള്ള കമ്പനികളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കണമെന്നുമുള്ള അഭിപായം രാജ്യത്ത് ശക്തി പ്രാചിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രതിരോധ ബജറ്റ് വിഹിതം കുത്തനെ വര്‍ധിപ്പിച്ചത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന് അധികൃതര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. പ്രതിരോധ രംഗത്തെ വിദേശ നക്ഷേപ പരിധി ഉയര്‍ത്താനുള്ള തീരുമാനം പ്രതീക്ഷാനിര്‍ഭരമായ പ്രതിരോധ വകുപ്പിന്റെ ഈ നീക്കത്തിന് തിരിച്ചടിയാകും.
വിദേശ നിക്ഷേപം സ്വീകരിക്കുന്നത് പ്രതിരോധ മേഖലയുടെ നിയന്ത്രണം രാജ്യത്തിന് നഷ്ടമാകാനും ശേഷി കുറയാനും ഇടയാക്കുമെന്ന അഭിപ്രായം വിദഗ്ധര്‍ക്കുണ്ട്. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ (ഡി ആര്‍ ഡി ഒ) ഡയറക്ടര്‍ ജനറലും സാങ്കേതിക ഉപദേഷ്ടാവുമായ ഡോ. വി കെ സാരസ്വത് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇതുസംബന്ധിച്ചു തന്റെ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങളുടെ ചോര്‍ച്ചക്കും സാധ്യതയുണ്ട്. ഇസ്‌റാഈലിനെ പോലെ അപകടകാരികളായ രാജ്യങ്ങള്‍ പ്രതിരോധ രംഗത്തെ പങ്കാളിത്തത്തിനായി മുമ്പേ ശ്രമം തുടങ്ങിയിട്ടുണ്ട്. അവരുമായി അടുത്ത സൗഹൃദവും പ്രതിരോധ രംഗത്തുള്‍പ്പെടെ സഹകരണവും ആഗ്രഹിക്കുന്ന നേതാക്കളും രാജ്യത്തുണ്ട്. ഇതിനിടെ ഇസ്‌റാഈലിലെ റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നു. വിദേശ നിക്ഷേപ പ്രേത്സാഹന ബോര്‍ഡ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു. നിക്ഷേപത്തോത് വര്‍ധിപ്പിച്ചതോടെ അത്തരം രാജ്യങ്ങളുടെ കടന്നു കയറ്റ ശ്രമങ്ങള്‍ ഊര്‍ജിതമാകും.
വിദേശ നാണ്യത്തിന്റെ വരവ് കൂട്ടുകയാണ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിന്റെ ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ലാഭത്തില്‍ കണ്ണ് നട്ടാണ് വിദേശ കമ്പനികളും നിക്ഷേപകരും ഇവിടെ മുതല്‍ മുടക്കുന്നത്. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയെ ഒന്നാം തരം കമ്പോളമായി അവര്‍ കാണുന്നുണ്ട്. ഈ അനുകൂല സാഹചര്യം ചൂഷണം ചെയ്തു നേടുന്ന ലാഭം അവര്‍ സ്വന്തം രാജ്യത്തേക്കാണ് കടത്തുന്നത്. ഇന്ത്യന്‍ ജനതക്ക് ഒരു വിധേനയും അത് പ്രയോജനപ്പെടില്ല. രൂപയുടെ മൂല്യത്തകര്‍ച്ച നേരിടാന്‍ കൈക്കൊള്ളുന്ന ഈ നടപടി താത്കാലിക ഗുണം ചെയ്‌തേക്കാമെങ്കിലും ആത്യന്തികമായി രാജ്യത്തിന് അതുണ്ടാക്കിത്തീര്‍ക്കുന്ന വിപത്തുകള്‍ അധികൃതര്‍ കാണാതെ പോകരുത്.

ALSO READ  മോനേ വിയാന്‍, മാപ്പ്!