ഫെഡറല്‍ ബേങ്കിന്റെ 4.98 ശതമാനം ഓഹരി യുസുഫലി വാങ്ങി

Posted on: July 17, 2013 8:32 pm | Last updated: July 17, 2013 at 8:32 pm

ma yousuf aliദുബൈ: കേരളം ആസ്ഥാനമായ ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ 4.98 ശതമാനം ഓഹരികള്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സാരഥിയുമായ എം എ യൂസുഫലി വാങ്ങി. എമിറേറ്റ് ഫൈനാന്‍ഷ്യല്‍ സര്‍വീസിന്റെ കൈവശമുണ്ടായിരുന്ന 4.47 ശതമാനം ഓഹരികളാണ് യൂസുഫലി വാങ്ങിയത്. ഇതോടെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതടക്കം ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ 4.98 ശതമാനം ഓഹരികളാണ് യൂസുഫലി കരസ്ഥമാക്കിയത്.

കേരളത്തിലെ ബാങ്കുകള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ സാന്നിധ്യം ഉണ്ടായാല്‍ ഈ രംഗത്ത് ജോലിയെടുക്കുന്ന മലയാളികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബേങ്ക് വികസിക്കുന്നതിനോടൊപ്പം അതിന്റെ പ്രയോജനം കേരളത്തിനും ഉണ്ടാകും.
കേരളത്തിലെ സ്വകാര്യ ബാങ്കുകള്‍ക്ക് ശേഷം ആരംഭിച്ച ന്യൂജനറേഷന്‍ ബാങ്കുകളൊക്കെ ഇന്ന് വളര്‍ച്ചയില്‍ വളരെ മുന്‍പന്തിയിലാണ്. രൂപക്ക് വിനിമയശോഷണം നേരിടുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപവും, എന്‍ ആര്‍ ഐ നിക്ഷേപവും ഇന്ത്യക്ക് ആവശ്യമാണ്. ബേങ്കിംഗ് രംഗത്ത് കൂടുതല്‍ നിക്ഷേപം വരുന്നത് കേരളത്തിന്റെ സമ്പദ്ഘടനക്കും ഭാവിതലമുറയ്ക്കും പ്രയോജനകരമാകും.