Connect with us

Gulf

ഭാരം കുറക്കൂ; സ്വര്‍ണം നേടൂ...

Published

|

Last Updated

ദുബൈ:ആരോഗ്യകരമായ ജീവിതശൈലി അവലംബിക്കാന്‍ ദുബൈ നഗരസഭ ബോധവത്കരണം തുടങ്ങി. ശരീരതൂക്കം സന്തുലിതമാക്കുകയാണെങ്കില്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.

2011ല്‍ യല്ലാ വാക് പദ്ധതിയുടെ വിജയമാണ് ഇത്തരമൊരു ബോധവത്കരണത്തിനു പ്രേരിപ്പിച്ചതെന്നും ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ മള്‍ട്ടി കമ്പോസിറ്റീസ് സെന്റര്‍ എക്‌സി. ചെയര്‍മാന്‍ അഹ്്മദ് ബിന്‍ സുലായം, ദുബൈ വേള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ ധനക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
“നിങ്ങളുടെ ഭാരം സ്വര്‍ണത്തില്‍” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നിരവധി കായിക മത്സരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ദുബൈയിലെ വിവിധ ഉദ്യാനങ്ങളില്‍ നടപ്പാതകള്‍ ഒരുക്കും. ശരീരം ആരോഗ്യക്ഷമമാകാന്‍ എളുപ്പവഴി നടത്തമാണ്. നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷിതമായ നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്. കായികാഭ്യാസങ്ങള്‍ക്ക് ദുബൈയില്‍ 91 കേന്ദ്രങ്ങളുണ്ട്. റസിഡന്‍ഷ്യല്‍ പാര്‍ക്കുകള്‍, പബ്ലിക് പാര്‍ക്കുകള്‍, ജോഗിംഗ് ട്രാക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ കായികാഭ്യാസങ്ങളാകാം. എല്ലാവര്‍ഷവും പുതിയ ഉദ്യാനങ്ങള്‍ തുറക്കും. കായിക സാമഗ്രികളും ഏര്‍പ്പെടുത്തും.
ശരീരഭാരം കുറക്കാനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനുമാണ് ബോധവത്കരണമെന്നും എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
ലക്ഷം ദിര്‍ഹം വില വരുന്ന സ്വര്‍ണ നാണയങ്ങള്‍ ഡി എം സി സി നല്‍കുമെന്ന് അഹ്്മദ് ബിന്‍ സുലായം അറിയിച്ചു. രണ്ടുകിലോ കുറക്കുന്ന മത്സര വിജയികള്‍ രണ്ട് ഗ്രാം സ്വര്‍ണം നല്‍കും. ഒരു മാസത്തിനകം ശരീരഭാരം രണ്ടുകിലോ കുറക്കണം. പിന്നീടുള്ള ഓരോ കിലോക്കും ഓരോ ഗ്രാം കൂടുതല്‍ ലഭിക്കും.
2013 ജൂലൈ 19 മുതലാണ് മത്സരം. പരമാവധി 20,000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിക്കും.
നഗരസഭാ വെബ്‌സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. സന്നദ്ധ സേവകര്‍ അഞ്ച് കേന്ദ്രങ്ങളില്‍ മത്സരാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തും.
സബീല്‍ പാര്‍ക്ക് ഗേറ്റ് നമ്പര്‍ മൂന്ന്, ഖവാനീജ് ജോഗിംഗ് ട്രാക്ക് മെയിന്‍ ഗേറ്റ്, മംസാര്‍ ബീച്ച് ജോഗിംഗ് ട്രാക്ക്, സഫാ പാര്‍ക്ക്, ബര്‍ഷ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ഭാരം അളക്കുക വൈകുന്നേരം എട്ട് മുതല്‍ രാത്രി 12 വരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കും. ഓഗസ്റ്റ് 16 വരെയാണ് പരിശോധന.